ഭക്ഷ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയിലും പടയൊരുക്കം

സംസ്ഥാനത്ത് അരിവലി നിയന്ത്രണാതീതമായിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമനെതിരെ സി.പി.ഐയിലും വിമര്‍ശനമുയരുന്നു. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കാനുള്ള ശ്രമം തിലോത്തമന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും മന്ത്രിസഭായോഗങ്ങളില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെയ്ക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നുമാണ് സ്വന്തം പാര്‍്ട്ടിയില്‍ നിന്ന് മന്ത്രിക്കുണ്ടാകുന്ന വിമര്‍ശനം.

മന്ത്രിസ്ഥാനം നല്‍കാതെ ഒഴിവാക്കപ്പെട്ട സി. ദിവാകരനെ അനുകൂലിക്കുന്ന വിഭാഗമാണ് ഭക്ഷ്യമന്ത്രിക്കെതിരെ വാളോങ്ങാന്‍ മുന്നിലുള്ളത്. യുഡിഎഫ് സര്‍ക്കാരും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും അരിവില വര്‍ധിച്ചപ്പോള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ട് അവിടെ നിന്നും കുറഞ്ഞ വിലക്ക് അരി എത്തിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുടെ സഹകരണം തേടുന്നതിന് മുന്‍കൈയെടുക്കേണ്ടത് ഭക്ഷ്യമന്ത്രിയാണ്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്ന സി. ദിവാകരന്‍ അന്ന് ആന്ധ്രയില്‍ പോയി കുറഞ്ഞ വിലക്ക് അരി എത്തിച്ചിരുന്നു.

അന്നത്തെ യുപിഎ സര്‍ക്കാരിന്റെ പിന്തുണയോടെ റെയില്‍വേ വാഗണ്‍ ഉപയോഗിച്ചാണ് അരി കേരളത്തിലെത്തിച്ചത്. ഭക്ഷ്യമന്ത്രിയെന്ന നിലയില്‍ തിലോത്തമന്‍ പൂര്‍ണ്ണ പരാജയമാണെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സി.പി.ഐയിലെ ഒരു വിഭാഗം മന്ത്രിക്കെതിരെ തിരിഞ്ഞത്. സാധാരണ ജനത്തെ ഏറ്റവുമധികം ബാധിക്കുന്ന വിഷയമായതിനാല്‍ അവശ്യ സാധനങ്ങളുടെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ ഭക്ഷ്യമന്ത്രി തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്.

സിപിഐയുടെ വകുപ്പുകളെ ജനമധ്യത്തില്‍ മോശമായി ചിത്രീകരിക്കാന്‍ സിപിഎം നേതാക്കള്‍ തന്നെ ശ്രമിക്കുന്നുണ്ട്. ഈ കെണിയില്‍ വീഴരുതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഉപദേശം. സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി വി.എസ്. സുനില്‍കുമാറുമായി സിപിഎം മന്ത്രിമാരും നേതാക്കളും ഏറ്റുമുട്ടിയിരുന്നു. എം.എം. മണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സിപിഐ മന്ത്രിമാരെ ആക്ഷേപിക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ സ്വന്തം വകുപ്പുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെയാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ലോ അക്കാദമിയുടെ കൈവശമുള്ള ഭൂമിഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളിയാണ് റവന്യുവകുപ്പ് നടപടികളുമായി മുന്നോട്ടു പോയത്.

ഇത് സിപിഐ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. സമാനമായ സാഹചര്യമാണ് ഭക്ഷ്യവകുപ്പിലുമുള്ളത്. ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും ഭക്ഷ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സി.പി.ഐ പറയുന്നു. വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ തിലോത്തമനെ ഒഴിവാക്കിയത് ബോധപൂര്‍വ്വമാണെന്നും സിപിഐ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

ഇതിനിടെ വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിക്കുന്ന അരിക്കടകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും സിപിഐ മുന്നോട്ടു വെച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമാണ് നിലവില്‍ സര്‍ക്കാരിന്റെ അരിക്കടകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ഒരു നിയോജക മണ്ഡലത്തില്‍ ഒന്നു വീതമെങ്കിലുമാക്കണം. മട്ട അരി കിലോയ്ക്ക് 24 രൂപക്കും ജയ അരി 25 രൂപയ്ക്കും പച്ചരി 23 രൂപയ്ക്കും അരിക്കടകള്‍ വഴി വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.