യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര മര്‍ദ്ദനം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നെന്ന് വിദ്യാര്‍ത്ഥിനികള്‍

യൂണിവേഴ്സിറ്റി കോളേജിൽ സദാചാര പോലീസ് ചമഞ്ഞ എസ്.എഫ്.ഐ.പ്രവർത്തകർ തങ്ങളോട് ലൈംഗികാതിക്രമത്തിന് മുതിർന്നതായി നാടകം കാണുന്നതിനിടയിൽ മർദ്ദനമേറ്റ ചലച്ചിത്ര പ്രവർത്തകൻ ജിജീഷിനൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.

ലൈംഗികാതിക്രമം സംബന്ധിച്ച പരാതി മൊഴിയിൽ നിന്നും ഒഴിവാക്കി എസ് എഫ് ഐ ക്കാരെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചതായും പരാതിയിൽ പറയുന്നു.പരാതിയുടെ പകർപ്പ് വൈഫൈ റിപ്പോർട്ടർക്ക് ലഭിച്ചു.

എസ് എഫ് ഐ നേതാക്കൾ നെഞ്ചിലും ശരീരത്തിന്റെ പിൻഭാഗത്തും ലൈംഗിക ചുവയോടെ അമർത്തിയതായി പരാതിയിൽ പറയുന്നു .പുരുഷൻമാരായ എസ് എഫ് ഐ നേതാക്കൾക്കൊപ്പം വിദ്യാർത്ഥിനികളുമുണ്ടായിരുന്നു. സ്ത്രീകൾ കണ്ടു നിൽക്കെയാണ് ലൈംഗിക പരാക്രമങ്ങൾ കാണിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദവിദ്യാർത്ഥികളായ അസ്മിത കബീറും സൂര്യഗായത്രിയുമാണ് പരാതി നൽകിയിരിക്കുന്നത്. സ്വപ്ന വേട്ട എന്ന നാടകം നടക്കുന്നതിനിടയിലാണ് സംഭവം. കോളേജിന്റെ നൂറ്റിയൻപതാം വാർഷികത്തോട് അനുബന്ധിച്ചാണ് നാടകം നടന്നത്.ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ജിജിഷിനൊപ്പമാണ് സുഹൃത്തുക്കൾ നാടകം കാണാൻ പോയത്.

പുറകിലത്തെ സീറ്റിലാണ് സുഹൃത്തുക്കൾ ഇരുന്നത്.പൊടുന്നനെ ഒരു സംഘം എസ് എഫ് ഐ പ്രവർത്തകരെത്തി ജിജീഷിനെ പുറത്തേക്ക് കൊണ്ടുപോയി. തിരികെ വന്ന ജിജീഷ് അസ്വസ്ഥനായിരുന്നു. താൻ പോവുകയാണെന്ന് പറഞ്ഞു. പെൺകുട്ടികൾക്കൊപ്പം ജിജീഷ് പുറത്തിറങ്ങി. ഫ്ലാഗ് പോസ്റ്റിനു സമീപം സംസ്ക്യത വിഭാഗത്തിലെ അധ്യാപികയുമായി പെൺകുട്ടികൾ സംസാരിച്ചു നിൽക്കെ ഏതാനും എസ് എഫ് ഐ പ്രവർത്തകർ അവിടെയെത്തി. പെൺകുട്ടികൾ അവരുടെ സംസാരരീതി ചോദ്യം ചെയ്തപ്പോൾ മര്യാദക്ക് ഇരുന്നില്ലെങ്കിൽ ജിജീഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ഉടൻ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി സജിത്ത് ജിജീഷിന്റെ തലക്കടിച്ചു.അപ്രതീക്ഷിതമായ ആക്രമണം പ്രതിരോധിക്കാനാവാതെ ജിജീഷ് നിലത്ത് വീണു .

ഇരുപതോളം പേർ ചേർന്നാണ് നിലത്ത് കിടന്ന ജിജീഷിനെ മർദ്ദിച്ചത്. തസ്ലിം ,രജീഷ്, സജിത്, വികാസ്, ഷബാന എന്നിവർ സംഘത്തിലുണ്ടായിരുന്നു. ജിജീഷിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ സംഘം പെൺകുട്ടികളെയും മർദ്ദിച്ചു. ഇതിനിടയിലാണ് എസ് എഫ് ഐ നേതാക്കൾ പെൺകട്ടികളുടെ ശരീരത്തിൽ ലൈംഗിക ചുവയോടെ സ്പർശിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഇതിനിടയിൽ ഷബാന സൂര്യഗായത്രിയെ മർദ്ദിക്കാൻ തുടങ്ങി. സൂര്യഗായത്രി ഒരു രോഗത്തിന് ചികിത്സയിലാണ്. കേട്ടാൽ അറയ്ക്കുന്ന തെറികൾ വിളിച്ചു. പെൺകുട്ടികളെ ഗേറ്റിന് പുറത്താക്കി കോളേജ് ഗേറ്റ് പൂട്ടി.ജിജീഷിനെ അകത്തിട്ട് മർദ്ദിക്കുന്നത് തുടർന്നു.ഇരുമ്പ് റാഡാണ് മർദ്ദിക്കാൻ ഉപയോഗിച്ചത്. ജിജീഷ് രക്ഷപ്പെടാൻ വേണ്ടി ഓടിയെങ്കിലും എറിഞ്ഞു വീഴ്ത്തി. പിന്നീട് ജിജീഷിനെ ഒരു ക്ലാസ് മുറിയിൽ കൊണ്ട് കിടത്തി. വെള്ളം കൊടുത്തു.ജിജീഷ് രക്തം ചർദ്ദിക്കുന്നില്ലെന്ന് മനസിലാക്കിയപ്പോൾ മർദ്ദനം തുടർന്നു.ശരീരത്തിനു പുറത്ത് മുറിവ് സംഭവിക്കാതെ ആന്തരികാവയവങ്ങൾക്ക് കേടു സംഭവിക്കുന്ന രീതിയിലായിരുന്നു മർദ്ദനം. ഏതാണ്ട് അടിയന്തരാവസ്ഥ കാലത്ത് പോലീസ് ക്യാമ്പുകളിൽ നടന്ന മർദ്ദനത്തിന്റെ മട്ട്.

തങ്ങൾക്കെതിരെ പരാതി നൽകിയാൽ കഞ്ചാവ് കൈയിൽ പിടിപ്പിച്ച് പോലീസിൽ ഏൽപ്പിക്കുമെന്നായിരുന്നു നേതാക്കളുടെ ഭീഷണി .പെൺകുട്ടികളോട് വീട്ടിൽ പോകാൻ ജിജീഷ്‌ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തന്നെ വിടില്ലെന്നും പറഞ്ഞു. പെൺകുട്ടികളെ കോളേജിൽ പഠിക്കാൻ അനുവദിക്കില്ലെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തി.

ഗേറ്റിനു പുറത്ത് നിന്ന തങ്ങളെ എസ് എഫ് ഐ നേതാക്കൾ ലൈംഗിക ചുവയുള്ള ആംഗ്യങ്ങൾ കാണിച്ചതായും പെൺകുട്ടികൾ പരാതിയിൽ പറയുന്നു.

പോലീസിൽ പരാതി നൽകിയപ്പോൾ യൂണിവേഴ്സിറ്റി കോളേജാണെന്ന് അറിയില്ലേ എന്നായിരുന്നു ചോദ്യം. ലൈംഗിക അതിക്രമത്തിന്റെ കാര്യം മൊഴിയിൽ പറഞ്ഞെങ്കിലും പോലീസുകാർ  മനപൂർവം പ്രതികളെ രക്ഷിക്കാൻ ഒഴിവാക്കി.

പിറ്റേന്ന് ജിജീഷിനെയും ഒരു പെൺകുട്ടിയെയും കാണാൻ പാടില്ലാത്ത തരത്തിൽ ക്ലാസ് മുറിയിൽ കണ്ടതായി എസ് എഫ് ഐ നേതാക്കൾ പ്രിൻസിപ്പലിന് പരാതി നൽകി. മൂന്നു പെൺകുട്ടികൾ ഇതു സംബന്ധിച്ച് പത്ര സമ്മേളനം നടത്തി.ഇതിനെതിരെ പരാതി നൽകാൻ ചെന്ന തങ്ങളെ തടഞ്ഞു.പോലീസുകാർ ഒഴിവാക്കിയ ലൈംഗിക കുറ്റങ്ങൾ കൂട്ടിചേർത്തത് കമ്മീഷണർക്ക് പരാതി നൽകിയ ശേഷമാണ്. സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരെ എസ് എഫ് ഐ വ്യാജ പ്രചരണം നടത്തുന്നു. തങ്ങൾക്ക് ഇനിയും കോളേജിൽ പഠിക്കണമെന്നാണ് വിദ്യാർത്ഥിനികളുടെ അവശ്യം.എസ് എഫ് ഐ ക്കാർ പറയുന്നത് പോലെ തങ്ങൾ വൃത്തിക്കെട്ടവരല്ലെന്നും പറയുന്നു.