കാരുണ്യയെയും ഇടത് സര്‍ക്കാര്‍ ശരിയാക്കി:  രോഗികള്‍ക്ക് ആശ്രയമായിരുന്ന പദ്ധതി നിര്‍ത്തലാക്കുന്നു

ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 850 കോടി

സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചതോടെ കാരുണ്യയെസര്‍ക്കാര്‍ കൊയ്യൊഴിഞ്ഞു

അകാലചരമമടഞ്ഞത് യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി

തിരുവനന്തപുരം: നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ സ്വപ്‌ന പദ്ധതിയായ കാരുണ്യ ചികിത്സാ പദ്ധതി ഇടത് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു.

കാരുണ്യ എന്ന പേരില്‍ പുറത്തിറക്കിയ ഭാഗ്യക്കുറിയുടെ ലാഭത്തിലൂടെ സൗജന്യ ചികില്‍സ എന്നതായിരുന്നു യു.ഡി.എഫ് കാലത്തെ പദ്ധതി.  കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നു വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കു കഴിഞ്ഞ മാസം വരെ 850 കോടി രൂപയിലധികമാണ് നല്‍കാനുള്ളത്. ഈ സാഹചര്യത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു കാരുണ്യയെ ലയിപ്പിച്ചാണ് യു.ഡി.എഫ് പദ്ധതിക്ക് സര്‍ക്കാര്‍ ദയാവധമൊരുക്കുന്നത്. ഇതോടെ കാരുണ്യയിലെസഹായം പ്രതീക്ഷച്ച് ആശുപത്രികളില്‍ കഴിയുന്ന പതിനായിരക്കണക്കിന് രോഗികള്‍ പെരുവഴിയിലായി.

48 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇതുവരെ 882.76 കോടി രൂപ നല്‍കിയതില്‍ 625 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റും ലഭ്യമാകാനുണ്ട്. കാരുണ്യ ലോട്ടറിയ്ല്‍നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു സൗജന്യ ചികില്‍സയാണ് പദ്ധതി വഴി നല്‍കിയിരുന്നത്.

കാന്‍സര്‍, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങി ഏറെ പണച്ചെലവുള്ള രോഗങ്ങള്‍ക്കാണ് കാരുണ്യ ഫണ്ട് അനുവദിക്കുന്നത്. ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും എസ്റ്റിമേറ്റും ലഭ്യമാക്കിയാല്‍ മൂന്നോ നാലോ ദിവസംകൊണ്ട് ആശുപത്രികള്‍ക്ക് നേരിട്ട് തുക അനുവദിക്കുന്നതായിരുന്നു പദ്ധതി. ചികില്‍സയ്ക്കു ശേഷം വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി, ശേഷിച്ച തുക ആശുപത്രികള്‍ തിരിച്ചടയ്ക്കണം.

യു.ഡി.എഫ് ഭരണകാലത്ത് പദ്ധതി പരാതിക്കിടയില്ലാതെ നടപ്പാക്കിയെങ്കിലും ഭരണം മാറിയതോടെ കുടിശിക വര്‍ധിക്കുകയായിരുന്നു.  തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന് 180 കോടി രൂപ നല്‍കിയതില്‍ 140 കോടി രൂപയുടെയും വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജിന് 128 കോടി നല്‍കിയതില്‍ 32 കോടിയുടെയും കോഴിക്കോട് മെഡിക്കല്‍ കോളജിന് 111 കോടി നല്‍കിയതില്‍ 75 കോടിയുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 89 കോടിയില്‍ 70 കോടിയുടെയും വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കാനുണ്ട്. ഈ തുക ചികില്‍സയ്ക്കായി വിനിയോഗിച്ചിട്ടുണ്ടോ എന്നതിനും രേഖകളില്ല.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കു നല്‍കിയതില്‍ ഇതുവരെ 104 കോടി രൂപ മാത്രമാണു വിനിയോഗിക്കാതെ തിരിച്ചു നല്‍കിയിട്ടുള്ളത്. രണ്ടു വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണു പദ്ധതിക്കു തിരിച്ചടിയായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആരോഗ്യവകുപ്പ് തുക വിനിയോഗിക്കുന്നതു നിരീക്ഷിക്കാനോ, നിയന്ത്രിക്കാനോ ഭാഗ്യക്കുറി വകുപ്പിനു സാധിക്കില്ല. ആരോഗ്യ വകുപ്പ് ഡയറക്ടറോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും നടക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.