മഞ്ജുവാര്യരുടെ ആമിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി 

തിരുവനന്തപുരം: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററില്‍ കളറില്‍ ടൈറ്റില്‍ എഴുതിയിരിക്കുന്നത് വളരെ ആകര്‍ഷകമാണ്. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് മഞ്ജുവാര്യരെ നായികയായി തീരുമാനിച്ചത്. അഭിനയിക്കാന്‍ കരാറൊപ്പിട്ട ശേഷമാണ് വിദ്യാബാലന്‍ പിന്‍മാറിയത്. തുടര്‍ന്ന് തബ്ബുവിനെയും പാര്‍വതിയെയും പഴയകാല നടി പാര്‍വതിയെയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിലൊന്നും തൃപ്തനാകാഞ്ഞ കമല്‍ മഞ്ജുവിനെ സമീപിക്കുകയായിരുന്നു. താന്‍ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരിയായി അഭിനയിക്കാന്‍ മഞ്ജുവിന് ഏറെ സന്തോഷമാണ് താനും.

തന്റെ ശിഷ്യനായ ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജുവാര്യരെ നായികയാക്കാന്‍ കമലിന് ആദ്യം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അത് കൊണ്ടാണ് മഞ്ജുവാര്യര്‍ മനസിലുണ്ടായിരുന്നിട്ടും സമീപിക്കാതിരുന്നത്. എന്നാല്‍ അവസാനം കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ദിലീപിനെ തല്‍ക്കാലം മറന്ന് മഞ്ജുവിനെ വിളിക്കുകയായിരുന്നു. കെയറോഫ് സൈരാഭാനുവിന് ശേഷം അടുത്ത ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലായിരുന്നു മഞ്ജു. അതുകൊണ്ട് ഡേറ്റും പ്രശ്‌നമായില്ല. മാര്‍ച്ച് ആദ്യവാരം ചിത്രീകരണം തുടങ്ങും. പൃഥ്വിരാജ്, മുരളിഗോപി, അനൂപ്‌മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ദിലീപിനെയും മഞ്ജുവാര്യരെയും പ്രണയ ജോഡികളാക്കി ഈ പുഴയും കടന്ന് എന്നൊരു ഹിറ്റ് ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് കമല്‍ സംവിധാനം ചെയ്തിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിലീപും മഞ്ജുവും തമ്മിലുള്ള പ്രണയം കൂടുതല്‍ ദൃഢമായത്. അതിന് ശേഷം തുടര്‍ച്ചയായി ദിലീപ്- മഞ്ജുവാര്യര്‍ സിനിമകള്‍ ഇറങ്ങിയെങ്കിലും ഇരുവരെയും ജോഡികളാക്കാന്‍ കമലിന് സാധിച്ചില്ല. എന്നാല്‍ ദിലീപിനെ നായകനാക്കി കുറേ സിനിമകള്‍ എടുക്കുകയും ചെയ്തു.