സി.പി.എമ്മില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദം: വി.എന്‍. വാസവന് താക്കീത്‌

സൈബർ സെല്ലിലെ ബന്ധുവിനെ ഉപയോഗിച്ച്  പാര്‍ട്ടി നേതാവിന്റെ ഫോണ്‍ ചോര്‍ത്തിയ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിക്ക് സംസ്ഥാന കമ്മറ്റിയുടെ താക്കീത്

ഫോൺ ചോർത്തലിൽ വി.എന്‍ വാസവന്‍ പ്രതിക്കൂട്ടിലാകുന്നത് രണ്ടാം തവണ

ജില്ലയിൽ നിന്നുള്ള മുതിർന്ന സെക്രട്ടറിയേറ്റംഗത്തിന്റെ ഫോണും ചോർത്തിയെന്ന് പരാതി

കോട്ടയം: ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ ഫോണ്‍  ജില്ലാ സെക്രട്ടറി ചോര്‍ത്തിയെന്ന ആരോപണത്തില്‍ സി.പി.എം നടപടി. കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെയാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി താക്കീത് ചെയ്തത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. അനില്‍കുമാറിന്റെ ഫോണ്‍ ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇതിലാണ് സംസ്ഥാന കമ്മിറ്റി നടപടി എടുത്തത്. തന്റെ ഫോണ്‍ വി.എന്‍ വാസവന്‍  ചോര്‍ത്തുന്നുവെന്ന് സംസ്ഥാന കമ്മിറ്റിക്ക് അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വാസവനാകട്ടെ അനില്‍കുമാര്‍ പാര്‍ട്ടി വിരുദ്ധ ശക്തികളുമായി ബന്ധപ്പെടുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഫോണ്‍ രേഖകള്‍ ജില്ലാ കമ്മിറ്റിയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു.
സൈബര്‍സെല്ലിലുള്ള  ബന്ധുവിന്റെ സഹായത്തോടെയാണ് വാസവന്‍ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ബന്ധുവിന്റെ ജോലിയെ ബാധിക്കുമെന്ന് ആയതോടെ   ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ വഴിയാണ് കോള്‍ ലിസ്റ്റ് സംഘടിപ്പിച്ചതെന്നാണ് വാസവന്‍ നല്‍കിയ മറുപടി. അനില്‍കുമാറിന്റെ പരാതി പരിഗണിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി വാസവനെ ശാസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററാണ്  ജില്ലാ സെക്രട്ടറിക്കുളള ശാസന കോട്ടയം ജില്ലാ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചത്. സി.പി.എമ്മിന്റെ കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രം എഴുതി തയ്യാറാക്കുന്നത് അനില്‍കുമാറാണ്. നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോട്ടയം ജില്ലയിലെ മുതിര്‍ന്ന സെക്രട്ടറിയേറ്റംഗത്തിന്റെ ഫോണ്‍ ജില്ലാ സെക്രട്ടറി ചോര്‍ത്തിയതായി ആരോപണമുയര്‍ന്നിരുന്നു. പി.സി ജോര്‍ജിന് സീറ്റു നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയായിരുന്നു ഇത്.