മുകേഷും ഭാര്യ ദേവികയും വീണ്ടും അരങ്ങില്‍

തിരുവനന്തപുരം: മുകേഷും ഭാര്യ മേതില്‍ ദേവികയും വീണ്ടും നാടകത്തില്‍ അഭിനയിക്കുന്നു. പുരാണത്തെ ആസ്പദമാക്കിയുള്ള ഒരു നാടകം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവിക വ്യക്തമാക്കി. നാടകത്തിന്റെ ആശയം മനസിലുണ്ട്, തിരക്ക് കാരണം ഇതുവരെ എഴുതിത്തുടങ്ങിയിട്ടില്ല. ഗിരീഷ് കര്‍ണാടിന്റെ നാഗമണ്ഡാല എന്ന നാടകമാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്. ആറ് വേദികളില്‍ ആ നാടകം അരങ്ങേറി.

മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രനും പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലാണ് നാടക അവതരണം നടത്തിയത്. സുവീരനാണ് നാടകം സംവിധാനം ചെയ്തത്. പുതിയ നാടകം ആര് സംവിധാനം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.

മുകേഷിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രമാണ് നാടകം നിര്‍മിക്കുന്നത്. നര്‍ത്തകിയായ മേതില്‍ ദേവികയെ നാടകത്തില്‍ അഭിനയിപ്പിച്ചത് ഭര്‍ത്താവായ മുകേഷ് ആയിരുന്നു. അരങ്ങില്‍ മാത്രമല്ല അടുക്കളയിലും മുകേഷ് തന്നെ സഹായിക്കുമെന്ന് ദേവിക പറഞ്ഞു. ഷൂട്ടിംഗ് ലൊക്കേഷനുകളിലൊക്കെ തന്നെ കൊണ്ടുപോകാന്‍ മുകേഷിന് വലിയ താല്‍പര്യമാണ്. എന്നാല്‍ തിരക്ക് കാരണം പലപ്പോഴും തനിക്ക് അതിന് കഴിയില്ലെന്നും ദേവിക പറഞ്ഞു.  മാതാപിതാക്കള്‍ തന്നോടൊപ്പം ചെലവഴിച്ചതിന്റെ പത്തിലൊന്ന് സമയം പോലും മകന്‍ ദേവനന്ദനൊപ്പം ചെലവിടാന്‍ കഴിയാത്തതിന്റെ വിഷമവും അവര്‍ പങ്കുവെച്ചു.

വീട്ടിലെ ശല്യം ഒഴിവാക്കാനാണ് പണ്ട് ദേവികയുടെ അമ്മ ഡാന്‍സ് പഠിപ്പിക്കാന്‍ ഒരു അധ്യാപകന്റെ അടുത്ത് വിട്ടത്. നൃത്തം തന്റെ പ്രൊഫഷനായി മാറുമെന്ന് ദേവിക സ്വപ്‌നം കണ്ടിരുന്നില്ല. തിരുവനന്തപുരത്താണ് ജനിച്ചതെങ്കിലും ദേവിക വളര്‍ന്നതും പഠിച്ചതും ദുബയിലാണ്. അന്നൊക്കെ ദുബായില്‍ നിന്ന് നാട്ടില്‍ വരുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇറങ്ങിയിരുന്നത്. മറ്റ് വിമാനത്താവളങ്ങള്‍ ഉണ്ടായിരുന്നില്ല. ചിലങ്ക ഡാന്‍സ് ഫെസ്റ്റിവലിനും ഗുരുഗോപിനാഥ് നൃത്ത പഠനകേന്ദ്രത്തിലെ അന്താരാഷ്ട്ര സെമിനാറിനുമാണ് ദേവിക തിരുവനന്തപുരം നഗരത്തിലെത്തിയത്.