വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനപ്രകാരം പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസില്‍ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം (പി.ഒ.പിഎസ്‌കെ) ആരംഭിക്കുന്നു. ഈ മാസം 28 മുതല്‍ ക്യാംപ് സമ്പ്രദായത്തില്‍ പിഒപിഎസ്‌കെ പ്രവര്‍ത്തനം തുടങ്ങും. 23 മുതല്‍ സന്ദര്‍ശനത്തിനുള്ള സമയം അനുവദിക്കും.
പിഒപിഎസ്‌കെ ക്യാംപില്‍ കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും പുതിയ പാസ്‌പോര്‍ട്ടിനുമായുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. പിസിസി, തത്ക്കാല്‍, നഷ്ടപ്പെട്ട/ നശിപ്പിക്കപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ എന്നിവയുടെ അപേക്ഷകള്‍ പിഒപിഎസ്‌കെ പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ സ്വീകരിക്കുകയില്ല. പണമായോ ഡിഡി ആയോ ഫീസ് സ്വീകരിക്കുന്നതല്ല. അപേക്ഷകര്‍ ഓണ്‍ലൈനായി പണമടച്ച് സന്ദര്‍ശനത്തിനുള്ള സമയം നേടേണ്ടതാണ്.
പിഒപിഎസ്‌കെ ക്യാംപില്‍ പങ്കെടുക്കുന്നതിലേക്കായി താല്‍പര്യമുള്ള അപേക്ഷകര്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.passportindia.gov.inല്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി പണമടച്ച് എആര്‍എന്‍(ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍) എടുക്കേണ്ടതാണ്. അപേക്ഷകര്‍ ക്യാംപില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ എആര്‍എന്‍ ഷീറ്റിന്റെ പകര്‍പ്പിനോടൊപ്പം ആവശ്യമായുള്ള എല്ലാ രേഖകളുടെ ഒറിജിനലും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ തനി പകര്‍പ്പുമായി എത്തേണ്ടതാണ്.
അപരിഹാര്യമായ സാഹചര്യങ്ങളെ അതിജീവിക്കുന്നതിലേക്കായി അപേക്ഷകര്‍ വെളുത്ത പശ്ചാത്തലമുള്ള രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ കൈയില്‍ കരുതണമെന്നു തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസര്‍ ആഷിക്ക് കാരാട്ടില്‍ അറിയിച്ചു.











































