ബഥനി സ്‌കൂളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഏബല്‍, സ്‌കൂള്‍ പ്രിന്‍സിപ്പില്‍ ഫാദര്‍ ജോണ്‍ പാലവിള

മലങ്കര കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള കലയപുരത്തെ മാര്‍ ഇവാനിയോസ് ബഥനി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോണ്‍ പാലവിളക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യം ശക്തമാകുന്നു. അതിക്രൂരമായ വിധത്തില്‍ ഈ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഏബലിനെ മര്‍ദിച്ച ഫാദര്‍ പാലവിള ഇപ്പോള്‍ ഒളിവിലാണ്. ക്ലാസില്‍ ബഹളമുണ്ടാക്കി എന്ന ന്യായം പറഞ്ഞാണ് 12 കാരനായ കുട്ടിയെ ഇയാള്‍ മര്‍ദിച്ചത്.

വളരെ വിചിത്രമായ ശിക്ഷാനടപടികളും ഫൈനും ഈടാക്കുന്ന പതിവാണ് ഈ സ്‌കൂളില്‍ നിലനില്‍ക്കുന്നത്. ഈ തെമ്മാടിത്തരങ്ങളെല്ലാം ന്യൂനപക്ഷ സ്ഥാപനം എന്ന മറവിലാണ് നടന്നു പോന്നിരുന്നത്. ഇംഗ്ലീഷ് മാത്രമേ ക്യാംപസിനുള്ളില്‍ സംസാരിക്കാവൂ എന്നതാണ് ലിഖിത നിയമം. മലയാളം സംസാരിച്ചാല്‍ കടുത്ത ശിക്ഷയും, പിഴയും ഏര്‍പ്പെടുത്തുന്ന പതിവുണ്ടിവിടെ. പ്രിന്‍സിപ്പലന്മാരായ കത്തോലിക്ക വൈദികരുടെ തോന്ന്യവാസമാണിവിടെ നടന്നു വന്നിരുന്നത്. 2011-ല്‍ മലയാളം സംസാരിച്ചതിന്റെ പേരില്‍ ശിക്ഷിച്ചതിന് ഒരു കുട്ടിയുടെ പിതാവ് നല്‍കിയ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്.

അച്ചടക്ക ലംഘനം നടത്തുന്നവരെ കര്‍ശനമായി നേരിടുമെന്ന് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ എഴുതിവെച്ചിട്ടുണ്ട്. അതു പോലെ സ്‌കൂള്‍ ക്യാംപസില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നും വെബ്‌സൈറ്റില്‍ എഴുതിവെച്ചിട്ടുണ്ട്.

ഇങ്ങനെ നിയമവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടും സര്‍ക്കാരോ സി.ബി.എസ്.ഇയോ ഈ സ്‌കൂളിനെതിരെ യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല.

ഇന്ത്യന്‍ ശിക്ഷാനിയമം 324-ാം വകുപ്പു പ്രകാരമാണ് ഫാദര്‍ ജോണ്‍ പാലവിളക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മാരകമായ വസ്തു ഉപയോഗിച്ച് ബോധപൂര്‍വ്വം പരിക്കേല്‍പ്പിക്കുന്നതിനെതിരേയുള്ള വകുപ്പാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്നാണ് കൊട്ടാരക്കര പൊലീസ് പറയുന്നത്.

രാജ്യത്ത് കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടും സ്‌കൂളുകളില്‍ അധ്യാപകര്‍ കുട്ടികളെ മര്‍ദിക്കുന്നത് തുടരുകയാണ്. 2010-ല്‍ കൊല്‍ക്കത്ത സെന്റ് ജെയിംസ് സ്‌കൂളിലെ വിദ്യാര്‍ഥിയായ റൗന്‍ജിത് റാവ്‌ള എന്ന 12-കാരനെ പ്രിന്‍സിപ്പല്‍ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതിന്റെ പേരില്‍ കുട്ടി ആത്മഹത്യ ചെയ്തത് വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടികളുടെയും വനിതകളുടെയും ക്ഷേമത്തിനായുള്ള മന്ത്രാലയം കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ ചട്ടങ്ങള്‍

രൂപീകരിച്ചത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് രൂപീകരിച്ച ഗൈഡ് ലൈന്‍സ് ഫോര്‍ എലിമിനേഷന്‍ ഓഫ് കോര്‍പറല്‍ പണീഷ്‌മെന്റ് പ്രകാരം ഒരു കാരണവശാലും കുട്ടികളെ മര്‍ദിക്കാനോ പീഡിപ്പിക്കാനോ പാടില്ലെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സംരക്ഷണ നിയമത്തിലും കോര്‍പ്പറല്‍ പണീഷ്‌മെന്റ് നിരോധിച്ച കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 83-ാം വകുപ്പനുസരിച്ച് ഏഴു വയസ്സിനും 12 വയസ്സിനുമിടക്കുള്ള കുട്ടികളെ ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരിലോ യൂണിഫോം ധരിക്കാത്തതിന്റെ പേരിലോ ശിക്ഷിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏഴു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഒരു കാരണവശാലം ശിക്ഷിക്കാന്‍ പാടില്ലെന്ന് നിയമം പറയുന്നുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ 23-ാം വകുപ്പനുസരിച്ച് കുട്ടികളെ മര്‍ദിക്കുകയോ ശാരീരികമായി പീഡിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമായി അനുശാസിക്കുന്നു

 

related news:

കത്തോലിക്കാ വൈദികന്‍ ഏഴാംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; ശരീരത്തില്‍ 12ലധികം മുറിവുകള്‍