ട്രംപിന്റെ അമേരിക്കയിൽ കുടിയേറ്റക്കാർ ത്രിശങ്കുവിലോ?

അമേരിക്കയുടെ നാൽപ്പത്തഞ്ചാമത്തെ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ആ നിമിഷം വാൾ സ്ട്രീറ്റ് വളരെ പ്രതീക്ഷയോടെയാണ് വരവേറ്റതെങ്കിലും, ദലാൽ സ്ട്രീറ്റിന് അത്ര പ്രതീക്ഷ നൽകുന്നതായിരുന്നില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി എക്സിക്യൂട്ടീവ് ഓർഡറുകളായി മാറുന്പോൾ, ലോകം ഉറ്റു നോക്കികൊണ്ടിരുന്നത് അമേരിക്കൻ ഇമ്മിഗ്രേഷൻ സിസ്റ്റത്തിന് എന്ത് സംഭവിക്കും എന്നതായിരുന്നു. ആ ഒരവസരം മുൻനിര ദേശീയ മാധ്യമങ്ങൾ അവരുടേതായ വ്യാഖ്യാനങ്ങൾ നൽകി അവരുടേതായാ രീതിയിൽ ആഘോഷിച്ചു. ആ ആഘോഷം കാര്യമില്ലാത്ത കാര്യങ്ങളാൽ നമ്മുടെ ഐ.റ്റി കന്പനികളുടെ ഷെയറുകളിൽ 4% ഇടിവ് സംഭവിച്ചു. ടാറ്റാ കൺസൾട്ടന്റ 4.5%, ഇൻഫോസിസ് 2%, വിപ്രോ 1.6% ഇടിവാണ് സംഭവിച്ചത്.

അമേരിക്കൻ കന്പനികൾ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നതും, വാൾട്ട് ഡിസ്‌നിയിൽ ഇരുനൂറ്റൻപതില്പരം അമേരിക്കൻ പൗരന്മാരേ പിരിച്ചുവിട്ട സംഭവവും തെരഞ്ഞെടുപ്പിൽ വലിയ ചൂടേറിയ വിഷയമായിരുന്നു. അവരുടെ വികാരമായിരുന്നു തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ കലാശിച്ചത് എന്ന് പറയാതെ നിവർത്തിയില്ല. പ്രതീക്ഷിച്ചതുപോലെ,  ട്രംപ് ഓവൽ ഓഫീസിൽ കയറിയ അന്നു മുതൽക്കേ തന്നെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി എക്സിക്യൂട്ടീവ് ഓർഡറിന്റെ രൂപത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി മെക്സിക്കോ ബോർഡർ വിഷയത്തിൽ തീരുമാനമെടുക്കുകയും, ചില രാജ്യങ്ങളിലെ പൗരന്മാർക്ക് വിലക്കേർപ്പടുത്തുന്നതോടൊപ്പം തന്നെ എച് വൺ ഉദ്യോഗാർത്ഥികളെ പോർട്ട് ഓഫ് എൻട്രിയിൽ വച്ച് തിരിച്ചയക്കുകയും ചെയ്തത് ലോകം അത്ഭുതത്തോടെ ഉറ്റു നോക്കുകയാണ്. ഒബാമയുടെ കാലത്തും ഇത് നടന്നിരുന്നു എന്നത് പരാമർത്ഥമാണ് എങ്കിൽ കൂടിയും, ട്രംപിന്റെ ഭരണത്തിൽ കൂടുതൽ ഒച്ചപ്പാടുകൾ സൃഷ്ട്ടിക്കുകയാണ് ഉണ്ടായതു. അബ്ദുൽ കലാമിനേ പോലെയുള്ളവരെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയത് നമ്മൾക്ക് സുപരിചിതമാണല്ലോ? ഏഴ് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് സത്യത്തിൽ ലോക മാധ്യമങ്ങൾക്ക് ശ്രദ്ധ ചെലുത്തുവാനായത്. ട്രംപിന്റെ ആ നടപടി താത്കാലികമായി മരവിപ്പിച്ചതിനെ തുടർന്ന് ആക്ടിങ് അറ്റോർണി ജനറൽ സാലി യാറ്റിസിനെ സ്ഥാനഭ്രഷ്ടം ചെയ്തത് അമേരിക്കൻ ജനങ്ങളുടെ ഇടയിൽ തന്നെ  തന്നെ ആശങ്കമുള്ളവാക്കി.

അമേരിക്കയിൽ ഇമ്മിഗ്രേഷൻ സന്പ്രദായത്തിൽ പ്രസിഡന്റിന് അത്യാവശ്യം തീരുമാനങ്ങൾ എടുക്കാൻ കഴിയുമെങ്കിലും പരിധികളേറെയുണ്ട്. എല്ലാ സുപ്രധാന തീരുമാനങ്ങളും കോൺഗ്രസ്സും, സെനറ്റും വഴി നിയമമായി പാസ്സാക്കിയാൽ മാത്രമേ അത് പ്രാബല്യത്തിൽ വരുകയുള്ളു. ഇന്ത്യൻ പാർലമെന്റ് എന്ന പോലെ അമേരിക്കയിലും ഭരണം നിയന്ത്രിക്കുന്നത് ഈ രണ്ട് സഭകളാണ്, അവരാണ് ബില്ലുകൾ പാസ്സാക്കുന്നതും, നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ട് വരുന്നതും. പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കാൻവരെ അധികാരമുള്ള സഭകളാണ്. സെനറ്റർമാരും,കോൺഗ്രെസ്സമെന്നും ബില്ലുകൾ അവതരിപ്പിക്കുന്നത് പുതുമയല്ല, ഒരു ബില്ലവതരിപ്പിക്കുന്നതുകൊണ്ടു അത് പ്രവർത്തികമാകണം എന്നില്ല, ആ ബില്ലിൽ സെനറ്റിലും, കോൺഗ്രസിലും ഭൂരിപക്ഷ പിന്തുണ ഉണ്ടങ്കിൽ മാത്രമേ അത് നിയമമാവുകയുള്ളു. എച്. വൺ. ബിക്കും, ഇമ്മിഗ്രേഷനും എതിരെ പല ബില്ലുകൾ ഹൗസ്സസ്സിൽ അവതരിപ്പിച്ചിട്ടുണ്ട് പലതവണ. അതുപോലെ ഇത്തവണയും ബില്ലുകൾ അവതരിപ്പിച്ചപ്പോൾ നിലവിലെ സാഹചര്യം കണക്കിലെടുത്തു ഇന്ത്യൻ മാധ്യമങ്ങൾ അനാവശ്യമായ രീതിയിൽ ഭീതി പരത്തി എന്നതല്ലാതെ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

പൗരന്മാരുടെ ഇടയിൽ ട്രംപിന്റെ നടപടികളിൽ മിശ്രിത അഭിപ്രായമാണ്. പല ട്രംപ് അനുകൂലികളും വളരെ ഭീതിയോടെയാണ് ഇതിനെ കാണുന്നതെങ്കിലും, ചില വെള്ള വർഗ്ഗക്കാരുടെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചു എന്ന് പറയാതെ വയ്യ. അതിന്റെ ഇടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപെട്ടത്  അമേരിക്കയിൽ ചേക്കേറിയ ചില മലയാളികളുടെ ചേഷ്ടകളിലാണ്. അവർ പരസ്യമായി പൗരത്വമില്ലാത്ത മലയാളികൾക്ക് എതിരായി സമൂഹ മാധ്യമങ്ങളിൽ സജീവമായി. അവരെ ഒന്നടങ്കം അമേരിക്കയിൽ നിന്ന് പുറത്താക്കണം എന്ന രീതിയിലായി അവരുടെ പ്രവർത്തനങ്ങൾ. ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൌൺസിൽ എന്നീ മലയാളികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളിൽ സജീവ സാന്നിധ്യമായി കാണപ്പെടുന്ന ചില വ്യവസായ പ്രമുഖരാണ് കൂടുതലായും ഇവർക്കെതിരെ തിരിഞ്ഞിരിക്കുന്നത് വേദന ഉളവാക്കുന്നത്. മലയാളികളുടെ ഇടയിൽത്തന്നെ അമേരിക്കൻ പൗരന്മാരെയും, പൗരത്വം കാത്തു നിൽക്കുന്നവരെയും രണ്ട് തട്ടിൽ കാണുന്ന ഈ മലയാളി സമൂഹം ഒഴിച്ചാൽ, ബില്ലുകൾ പാസ്സാക്കുന്നതുവരെ ഇപ്പോൾ ഇന്ത്യൻ കന്പനികൾക്കോ, ഇന്ത്യാകാർക്കോ ഒരു പ്രശ്നവുമില്ല എങ്കിൽ കൂടിയും, ഇപ്പോൾ രാജ്യത്തിന് പുറത്തുള്ള യാത്രകൾ ഒഴിവാക്കാൻ ഇമ്മിഗ്രേഷൻ അറ്റോർണിമാർ മുന്നറിയിപ്പായി പറയുന്നു. അതുപോലെ തന്നെ വിസ സ്റ്റാമ്പിങ്ങിൽ ചില എംബസ്സിയിൽ എംബസ്സിയിൽ വിസ നിഷേധിക്കപ്പെട്ടതും, ഡ്രോപ്പ് ബോക്സ് സംവിധാനം നിർത്തലാക്കിയതും വളരെ ആശങ്ക ഉളവാക്കുന്നു.

അടുത്തിടെ ഉണ്ടായ ഇമ്മിഗ്രേഷൻ പ്രശ്നങ്ങൾ വളരെയധികം അമേരിക്കൻ IT ഭീമന്മാരെ ചൊടിപ്പിച്ചിരിക്കുകയാണ്. നൂറ്റിരുപതിലധികം കന്പനികളാണ് ഇപ്പോൾ ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നത്. കോർപ്പറേറ്റ് ഭീമന്മാരായ ആപ്പിൾ, ഗൂഗിൾ, മൈക്രോ സോഫ്റ്റ്, ഫേസ്ബുക്ക്, ഇൻടെൽ, നെറ്റ്ഫ്ലിസ്, യൂബർ ടെക്നോളജി, സിങ്ക അങ്ങനെ വലിയ ഒരു നിര തന്നെ പ്രതിക്ഷേതത്തിൽ പങ്കാളികളാണ്. അവർ കൂട്ടമായി ട്രംപിനെതിരെ  വിശദീകരണത്തിനായി നിയമ നടപടി എടുത്തിരിക്കുകയാണ്. പോരാത്തതിന് ട്രംപിന്റെ ഇമ്മിഗ്രേഷൻ നടപടികൾക്കെതിരെയുണ്ടായ ആഘാതമാണ് അമേരിക്കൻ കോടതിൽ നിന്നുണ്ടായ ഉത്തരവുകൾ. ഇമ്മിഗ്രേഷൻ അമേൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബില്ലുകളുടെ അവതരണം തകൃതിയായി നടക്കുന്നുണ്ട്, അതിലൊന്നാണ്, ജനുവരി 3ന് Rep. Darrell Issac അവതരിപ്പിച്ച , H.R. 170 ബില്ല്, അതിൽ എച്. വൺ. ബി മിനിമം വേജസ്  പ്രതിവർഷം 60,000 ഡോളറിൽ നിന്ന് 100,000 ആക്കി ഉയർത്തുവാൻ പരാമർശിക്കുന്നുണ്ട്. മൊത്തം ജീവനക്കാരിൽ പതിനഞ്ച് ശതമാനത്തിൽ അധികം എച്. വൺ. ബി ജീവനക്കാർ ഉള്ള കന്പനികൾക്ക് ഇത് ബാധകമാണ്. അത് കൂടാതെ ജനുവരി 24ന്, H.R. 670 ബില്ലിൽ എച് വൺ ബി ജീവനക്കാരുടെ ശന്പളം മിനിമം പ്രതിവർഷം 130,000 ഡോളർ ആക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ബില്ല് Rep. Zoe Lofgren കോൺഗ്രസിൽ അവതരിപ്പിച്ചിരിക്കുകയാണ് അതിന് നല്ല പിന്തുണയും ലഭിക്കുന്നുണ്ട്. മൊത്തം ജീവനക്കാരിൽ പതിനഞ്ച് ശതമാനത്തിൽ അധികം എച്. വൺ. ബി ജീവനക്കാർ ഉള്ള കന്പനികൾക്ക് ഇത് ബാധകമാണ്. ഈ നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ ഇന്ത്യൻ കന്പനികളിൽ ജോലി ചെയ്യുന്നവരേ കാര്യമായി ബാധിക്കും. കൂടുതൽ വായിക്കുവാൻ ഈ ലിങ്ക് നോക്കുക.  അമേരിക്കയിൽ എച് വൺ ബി വിസയിൽ വരുന്ന ജീവനക്കാർക്ക് ഇന്ത്യൻ കന്പനികൾ കൊടുക്കുന്നത് പ്രതിവർഷം ശരാശരി ശന്പളം അറുപതിനായിരം മുതൽ എൺപതിനായിരം ഡോളർ ആണ്. പക്ഷേ അവരുടെ പേരിൽ കന്പനികൾക്ക്  ലഭിക്കുന്നത് മണിക്കൂറിൽ ശരാശരി 80 ഡോളറാണ്, അങ്ങനെ കണക്ക് കൂട്ടുകയാണെങ്കിൽ പ്രതിവർഷം 170,000 ഡോളർ. അപ്പോൾ, സ്വാഭാവികമായി ഇന്ത്യൻ കന്പനികളുടെ കൂറ്റൻ ലാഭത്തിന് അൽപ്പം വ്യതിയാനം സംഭവിക്കും. ഇത് നേരിടാൻ ഒന്നുങ്കിൽ നിലവിലുള്ള ശന്പളം 130,000 ആയി ഉയർത്തുകയോ, അല്ലങ്കിൽ ഇന്ത്യയിലേക്ക് ആ പ്രൊജക്റ്റ് മുഴുവനായി കൊണ്ട് പോയി നടത്തുകയും ചെയ്യുന്നതോ ആയിരിക്കും ഒരു പരിഹാരം. പക്ഷേ കാനഡ, ഇന്ത്യൻ കന്പനികളെ ക്ഷണിച്ചിട്ടുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സിലിക്കൺ വാലി കാനഡയിലേക്ക് മാറ്റേണ്ടി വരുമോ എന്നാണ് ഇപ്പോൾ കോർപറേറ്റുകൾ ഉറ്റു നോക്കുന്നത്.

ഇത് കൂടാതെ അമേരിക്കയിൽ കുടിയേറിയ അമേരിക്കൻ പൗരന്മാരെ  പരിപൂർണ്ണമായി ബാധിക്കുന്ന ഒരു ബില്ല് കൂടി അവതരിപ്പിച്ചിരിക്കുകയാണ് Sen. Tom Cotton. “RAISE ACT” എന്നാണ് ആ ബില്ലിന്റെ പേര്. മറ്റ് രാജ്യങ്ങളിൽ നിന്ന് കുടിയേറി അമേരിക്കൻ പൗരത്വം സ്വീകരിച്ചവരുടെ രക്ത ബന്ധത്തിൽ പെട്ട ബന്ധുക്കളെ കൊണ്ട് വരുന്നത് തടയുവാനാണ് ആ ബില്ല്. കൂടാതെ പ്രതിവർഷം 40% കുടിയേറ്റക്കാരെ കുറയ്ക്കുന്നതാണ് ആ ബില്ലിലെ പ്രധാന നടപടി. അത് അവതരിപ്പിച്ചതോട് കൂടി, എച് വൺ ബിക്കാരെ അമേരിക്കയിൽനിന്ന് തുരത്തണമെന്ന് ആവശ്യപ്പെട്ട അമേരിക്കൻ മലയാളി സമൂഹം ഇപ്പോൾ സ്വന്തം കാര്യത്തിലെ ആശങ്കകളെ ചൊല്ലി അംഗലാപ്പിലാണ്. ഇത്രയും കാലം ട്രംപിന്റെ ഇമ്മിഗ്രേഷൻ നയത്തിനെ പ്രകീർത്തിച്ചവർ ഇപ്പോൾ വിവിധ സംഘടനകളെ സംയോജിപ്പിച്ചു പ്രതിക്ഷേതത്തിന് മുതിരുകയാണ്. എച് വൺ ബി ബില്ലിനും അതിനനുപാതമായ മറ്റു സങ്കീർണ്ണതകൾക്കും മറുപടിയായി അമേരിക്കയിലെ വൻകിട കോർപറേറ്റുകൾ രംഗത്തു വന്നെങ്കിലും, അമേരിക്കൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന “RAISE ACT” ൽ, പരിപൂർണ്ണ പിൻതുണയാണ് സെനറ്റിൽ നിന്ന് ലഭിക്കുന്നത്. അത് പ്രാബല്യത്തിൽ വരുന്നതോടുകൂടി അമേരിക്കയിൽ കുടിയേറി പാർത്തവർക്ക്‌ ഒരു വൻ തിരിച്ചടിയാണ് സംഭവിക്കാൻ പോകുന്നത്.

അമേരിക്ക ഒരു ക്യാപിറ്റലിസ്റ് ഡെമോക്രാറ്റിക്‌ രാഷ്ട്രമാണ്, അതുകൊണ്ട് തന്നെ ജനങ്ങളോടൊപ്പം തന്നെ കോർപറേറ്റുകൾക്കും തുല്യ സ്ഥാനമാണ് അമേരിക്കൻ ഭരണകൂടം കൊടുക്കുന്നത്. അമേരിക്കയുടെ സന്പത് ഘടനയേ കോട്ടം തട്ടുന്നതൊന്നും ചെയ്യാനാകില്ല. പ്രത്യേകിച്ച് റിപ്പബ്ലിക്കൻ വിഭാഗക്കാർ. ഈ ബില്ലുകൾ അവതരിപ്പിച്ചെങ്കിലും അതിന് കാല താമസം ഉണ്ടാകും എന്നതാണ് നമുക്കല്പം ആശ്വാസം പകരുന്നത്. അതോടൊപ്പം, അടുത്ത രണ്ട് വർഷം പ്രസിഡന്റും, സഭകളും ഒരേ പാർട്ടിയുടെ കൈകളിലാണുന്നുള്ളത് ആശങ്ക പരത്തുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. എന്ത് തന്നെയായാലും ഇനി അങ്ങോട്ട് അമേരിക്ക കുടിയേറ്റക്കാർക്ക് അത്ര സൗഹൃദ അന്തരീക്ഷം ആയിരിക്കില്ല എന്നത് ഉറപ്പിച്ചു പറയാം. എന്നാലും എല്ലാം കലങ്ങി തെളിയുന്ന ഒരു സാഹചര്യം തള്ളി കളയാനും കഴിയുകയില്ല.