വേമ്പനാട് നീന്തി മാളുകയറിയത് ചരിത്രത്തിലേക്ക്

ആലുവ: കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വേമ്പനാട്ടു കായല്‍ നീന്തി കയറി ആലുവ സ്വദേശി മാളു ഷെയ്ക എന്ന പെണ്‍കുട്ടി താരമായി. വേമ്പനാട്ടു കായലിലെ 8 കിലോമീറ്റര്‍ വീതിയുള്ള കുമരകം മുഹമ്മ ഭാഗം നീന്തിക്കടന്നാണ് 20 കാരിയായ മാളു ഷെയ്ക വേമ്പനാട്ടു കായല്‍ നീന്തി കടന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കിയത്.

രാവിലെ 7.20നാണ് കോട്ടയം ജില്ലയിലെ കുമരകം ബോട്ടുജെട്ടിയില്‍ നിന്ന് മാളു ഷെയ്ക മറുകര ലക്ഷ്യമാക്കി നീന്താനാരംഭിച്ചത്.കനത്ത വെയിലും ചുടും വകവെക്കാതെ വേമ്പനാട്ടുകായലിലെ ഓള പരപ്പുകളെ വകഞ്ഞ് മാറ്റിയായിരുന്നു നീന്തല്‍. മറുകര കാണാത്ത കായലിലൂടെ നീന്തുമ്പോള്‍ മാളുവിന് ധൈര്യം പകര്‍ന്ന് പരിശീലകന്‍ സജി വളാശേരിയും കൂടെ ഉണ്ടായിരുന്നു.

ദിശാ സൂചകമായി കായലില്‍ സ്ഥാപിച്ചിരുന്ന ഓരോ ബോയകള്‍ പിന്നിടുമ്പോഴും പിന്നാലെ ബോട്ടിലുണ്ടായിരുന്ന ബന്ധുക്കളടക്കമുള്ളവര്‍ ആവേശം പകര്‍ന്നു. ഇതിനിടയില്‍ കായലി ലൂടെ കടന്നു പോയ യാത്രാ ബോട്ടുകളിലെ യാത്രക്കാരും വഞ്ചികളില്‍ പോയ മീന്‍പിടുത്തക്കാരും മാളുവിന് കൈ വീശി ആശംസകള്‍ നേര്‍ന്നു.

പൊരിവെയിലില്‍ നീന്തുന്നതിനിടെ കായല്‍ നടുവില്‍ രണ്ടു തവണ ജലശയനവും ചെയ്തു. രണ്ടു വട്ടം മാത്രമാണു കനത്തവെയിലിലും ദാഹം ശമിപ്പിച്ചത്. ഇരുകരയും കാണാത്ത കായലിന് നടുവിലെത്തുമ്പോഴും മാളു തളര്‍ന്നില്ല.
നീന്തലിന് സുരക്ഷയൊരുക്കി പൊലീസും മുങ്ങല്‍ വിദഗ്ദരും വിവിധ ബോട്ടുകളില്‍ അനുഗമിച്ചു. നാലു മണിക്കൂര്‍ 20 മിനൈറ്റ്ടുത്ത് 11.40 ഓടെയാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ ജെട്ടിയില്‍ മാളു നീന്തി കയറിയത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആര്‍പ്പ് വിളികളോടെ മാളുവിനെ വരവേറ്റു. തന്റെ പ്രവൃത്തി നീന്തല്‍ പഠിക്കാത്ത പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണെന്ന് മാളു ഷെയ്ക പറഞ്ഞു. ബി കോം പാസായ ശേഷം ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡ്വെസറായി ജോലി ചെയ്യുകയാണ് മാളു. പരിശീലകന്‍ സജി വാളശ്ശേരിയുടെ പരിശീലനത്തില്‍ പെരിയാര്‍ നീന്തി കടന്നവരും മാളുവിനു ആവേശം നല്‍കാന്‍ എത്തിയിരുന്നു.

എടയാര്‍ സ്വദേശിനിയും ഇപ്പോള്‍ അത്താണി ഹോളി ഫാമിലി ലേഡീസ് ഹോസ്റ്റലിലെ താമസക്കാരിയുമായ മാളു ഷെയ്ക്ക എന്ന ഇരുപതുകാരിയാണ് കരളുറപ്പോടെ കായല്‍ കീഴടക്കിയത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ലിമിറ്റഡ് ആലുവ ശാഖയിലെ അഡൈ്വസറാണ് ഈ കൊച്ചുമിടുക്കി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട,

ഹിന്ദി തുടങ്ങിയ ഏഴോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും.
പെരിയാറില്‍ ആറര മണിക്കൂര്‍ വരെ തുടര്‍ച്ചയായി നീന്തല്‍ പരിശീലനം നേടിയതിന്റെ പിന്‍ബലത്തിലാണ് മാളു വേമ്പനാട്ടു കായലിലെ ഓളപ്പരപ്പിന് കുറുകെ നീന്താനിറങ്ങിയത്.

കാഴ്ച ശക്തിയില്ലാത്ത 12 കാരന്‍ എം എസ് നവനീത് അടക്കം 700 ഓളം കുട്ടികളെയാണ് കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ സജി വളാശേരി നീന്തല്‍ പഠിപിച്ചത്. നീന്തി കയറിയ മാളുവിന് മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ മജു, സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു രാജീവ്, പഞ്ചായത്തംഗങ്ങളായ അജിത രാജീവ്, എസ്.ടി. റെജി, രാധമണി, ആലപ്പുഴ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ നീന്തല്‍ പരിശീലകന്‍ ജോസഫ് മാത്യു എന്നിവരും ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ വിവിധ യുവജന സംഘടനകള്‍ മാളുവിനെ ആദരിച്ചു, നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്തംഗം ജയേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു.