പ്രതികള്‍ക്ക് ഇനി ലോക്കപ്പില്‍ കാക്കി നിക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും ലോക്കപ്പിലടക്കുന്നവര്‍ക്ക് കാക്കി നിക്കര്‍ നിര്‍ബന്ധമാക്കുന്നു. കൊച്ചിയില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളെ വസ്ത്രമില്ലാതെ ലോക്കപ്പിലടച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് ബദല്‍മാര്‍ഗം കണ്ടെത്താന്‍ പൊലിസ് സേനയെ പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് കാക്കി നിക്കര്‍ ഉപയോഗിക്കാമെന്ന തീരുമാനത്തിലെത്തിയത്.

തുണിയും കാക്കി നൂലും കൊണ്ടു നിക്കര്‍ നിര്‍മിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികളാണ്. ഒരുതവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നവിധം തുണിയും ചാക്കുനൂലും പരുത്തിയും സംയോജിപ്പിച്ചാണു പുതിയ വേഷം തയാറാകുന്നതെന്ന് ജയില്‍ മേധാവി ആര്‍.ശ്രീലേഖ പറഞ്ഞു.

ഓരോ പൊലിസ് സ്റ്റേഷനിലും 100 എണ്ണം വീതമാകും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. ഒരു മാസത്തിനകം സംസ്ഥാനത്തെ 500 സ്റ്റേഷനുകളിലും പുതിയ പരിഷ്‌കാരം നടപ്പിലാക്കാനാണു തീരുമാനം. നിലവില്‍ തടവുപുള്ളികള്‍ക്കാണ് യൂണിഫോം അനുവദിക്കുക. സ്റ്റേഷനില്‍ ലോക്കപ്പിലടക്കുന്നവര്‍ക്ക് വസ്ത്രം നല്‍കില്ല. ചില സ്റ്റേഷനുകളില്‍ പിടിയിലാകുമ്പോഴുള്ള വസ്ത്രം തന്നെ ഉപയോഗിക്കാന്‍ അനുമതി നല്‍കുമ്പോള്‍ മറ്റിടങ്ങളില്‍ അടിവസ്ത്രം മാത്രമേ അനുവദിക്കൂ.