വി.എസിന് പുറമെ ഭരണപരിഷ്‌കാര കമ്മീഷനിലെ അംഗങ്ങള്‍ക്കും ശമ്പളമില്ല

 

ജീവനക്കാരുടെ ശമ്പളം സംബന്ധിച്ചും ഉത്തരവിറങ്ങിയില്ല

കമ്മീഷനെ ഒരു മുറിയിലൊതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് പുറമെ ഭരണപഷ്‌കാര കമ്മിഷനിലെ അംഗങ്ങളായ മുന്‍ ചീഫ് സക്രട്ടറിമാര്‍ക്കും ശമ്പളമോ, ഓണറേറിയമോ സിറ്റിങ് ഫീസോ ഇല്ല.

മുന്‍ ചീഫ്‌സെക്രട്ടറിമാരായ സി.പി.നായരും നീല ഗംഗാധരനുമാണ് കമ്മിഷനിലെ അംഗങ്ങള്‍. വിഎസിനു മന്ത്രിപദവിയും മുന്‍ചീഫ് സെക്രട്ടറിമാര്‍ക്കു ചീഫ് സെക്രട്ടറിക്കു തുല്യമായ സൗകര്യങ്ങളും ലഭിക്കും എന്നായിരുന്നു നിയമനവേളയിലെ ധാരണ. പക്ഷേ, ഇക്കാര്യത്തില്‍ തുടര്‍നടപടിയും ഉണ്ടായില്ല. ഇരുവര്‍ക്കും മുറി പോലും അനുവദിച്ചിട്ടില്ല.

ബംഗളൂരുവില്‍ ഭര്‍ത്താവിനൊപ്പം തമാസിക്കുന്ന നീല ഗംഗാധരന്‍ സിറ്റിങ്ങിനായി എത്തുമ്പോള്‍ ഗസ്റ്റ് ഹൗസില്‍ മുറിയെടുക്കുകയാണ് പതിവ്. ഇവര്‍ക്ക് യാതാബത്തയും നല്‍കുന്നുണ്ട്. എന്നാല്‍ തലസ്ഥാനത്തു തന്നെയായതിനാല്‍ സി.പി.നായര്‍ക്ക് അതുമില്ല. കമ്മിഷനുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് കാര്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അടുത്തിടെ അംഗീകരിച്ചിരുന്നു.

സംസ്ഥാന സിവില്‍ സര്‍വീസിലെത്തന്നെ ഏറ്റവും പ്രമുഖരായ രണ്ട് ഉദ്യോഗസ്ഥരെ കമ്മിഷന്‍ അംഗങ്ങളായി നിയോഗിക്കുമ്പോള്‍ അതിനനുസരിച്ചുള്ള സംവിധാനം പ്രതീക്ഷിച്ചിരുന്നു. കമ്മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ കൂടുതലും തയാറാക്കുന്നതു സി.പി.നായരാണ്. ഒരു സ്റ്റെനോഗ്രഫറെ അതിനായി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല.

കമ്മിഷന്റെ ആസ്ഥാനം സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ഐഎംജിയില്‍ തന്നെ ക്രമീകരിക്കാന്‍ തീരുമാനമായെങ്കിലും അവിടെ സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. വിഎസിന്റെ സ്റ്റാഫിലുള്ളവര്‍ക്കു ചെന്നിരിക്കാന്‍ ഒരു മുറി മാത്രമാണുള്ളത്.