എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സി.പി.എം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളി

കൊച്ചി: യുവനടി അതിക്രമത്തിന് ഇരയായ കൊച്ചിയില്‍ പൊലീസിന്റെ നിസംഗത ക്ക് തെളിവായി ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം. എട്ടു വയസുകാരിയെ നിരന്തരം പീഡിപ്പിച്ച കേസില്‍  പ്രതിയായ സി.പി.എം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തു കളിക്കുന്നു. കുട്ടി തന്നെ നല്‍കിയെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പ്രതി വല്ലാര്‍പാടം പനമ്പുകാട് പുന്നക്കാട്ടില്‍ വീട്ടില്‍ ഷഗി (43) യെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

സി.പി.എം മുളവുകാട് ബ്രാഞ്ച് മുന്‍ സെക്രട്ടറി കൂടിയായ ഇയാളുടെ അറസ്റ്റ് വൈകുന്നതിന്റെ കാരണം തിരക്കിയ സാമൂഹ്യ പ്രവര്‍ത്തകയായ ടി.ബി മിനിയോട് അസിസ്റ്റന്റ് കമ്മീഷര്‍ കെ.ലാല്‍ജിയുടെ മറുപടി ഇങ്ങന: പ്രതിയെവിടെ, കാണിച്ചു തരൂ, അറസ്റ്റ് ചെയ്യാം. നേരത്തെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി നടത്തിയ റോഡ് ഉപരോധസമരത്തിന് നേരെ ഒരു പ്രകോപനവുമില്ലാതെ കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രൂരമായ ലാത്തിചാര്‍ജ്ജ് നടത്തുകയും സ്ത്രീകളടക്കമുള്ളവര്‍ക്ക് ഗുരുഗതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് പുറമേ പ്രതിക്ക് പൊലീസുമായുള്ള അടുത്ത ബന്ധമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ  സെഷന്‍സ്  കോടതി തള്ളി.

വല്ലാര്‍പാടത്തെ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ എട്ടു വയസുകാരിയാണ് പീഡനത്തിനിരയായത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന മകനെ കൊണ്ടുവിടാന്‍ സ്‌കൂളിലേക്ക് നേരത്തെയെത്താറുള്ള ഷഗി മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയ ശേഷം മറ്റു കുട്ടികളൊന്നും ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പതിവ്.  കഴിഞ്ഞ ഒന്നിന് സംഭവം ശ്രദ്ധയില്‍ പെട്ട കുട്ടിയുടെ സഹപാഠികളിലൊരാളാണ് ഈ വിവരം അധ്യാപകരെ അറിയിച്ചത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്‌കൂളിലെത്തി കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. സ്‌കൂളിന് പുറമേ സമീപത്തുള്ള ചെമ്മീന്‍കെട്ടില്‍ കൊണ്ടുപോയി നാലു തവണ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നല്‍കി. ഇതേ തുടര്‍ന്ന് പോക്‌സോ  കുറ്റം ചുമത്തി ആറാം തീയതിയാണ് മുളവുകാട് പൊലീസ് കേസെടുത്തത്. കേസെടുത്ത വിവരം പൊലീസ് തന്നെ പ്രതിയെ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയതെന്ന് ആരോപണമുണ്ട്.

പീഡനത്തിനിരയായ കുട്ടിയുടെ 350 മീറ്റര്‍ ചുറ്റളവിലാണ് ഷഗിയുടെ വീട്. നിര്‍ധനരും രോഗികളുമാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ഇത് ചൂഷണം ചെയ്താണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ ഇത് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പ്രതിയുടെ നേതൃത്വത്തില്‍ തന്നെ നടത്തിയിരുന്നു. കേസ് നല്‍കരുതെന്ന് ഇയാള്‍ കുട്ടിയുടെ വീട്ടില്‍ വന്ന് രക്ഷിതാക്കളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടി തലത്തിലും സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു.  മുന്‍ എം.പി കൂടിയായ ജില്ലയിലെ ഒരു പ്രമുഖ സി.പി.എം നേതാവിന്റെ നേതൃത്വത്തിലായിരുന്നു ഇത്. എന്നാല്‍ സ്ഥലത്തെ പൊതു പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഈ നീക്കങ്ങളെല്ലാം പാളുകയായിരുന്നു.