SHOCKING: കേരളത്തില്‍ മനോരോഗികളുടെ എണ്ണം വര്‍ധിക്കുന്നു

പേരൂര്‍ക്കട: കേരളത്തില്‍ മനോരോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നും ജീവിത സാഹചര്യങ്ങള്‍ ഇതിനു കാരണമായിത്തീരുന്നുവെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ (കേരളം, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ത്സാര്‍ഘണ്ട്, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, ആസാം, മണിപ്പൂര്‍) നടത്തിയ സര്‍വേ ഭീതിതമായ കണക്കുകളാണ് നിരത്തുന്നത്.
മൊത്തം 34,802 മുതിര്‍ന്നവരും 1,191 കൗമാരക്കാരും പങ്കെടുത്ത സര്‍വേ പ്രകാരം ഇന്ത്യയില്‍ 18 വയസിനു മുകളില്‍ പ്രായമുള്ള 15 ശതമാനം പേര്‍ക്ക് ചികിത്സ ആവശ്യമുള്ള മാനസികപ്രശ്നങ്ങളുണ്ട്. കൗമാരക്കാരില്‍ 7 ശതമാനം പേര്‍ക്കു ചികിത്സ അനിവാര്യമാണ്.

കേരളജനതയുടെ 12.43 ശതമാനം പേര്‍ക്ക് മാനസികരോഗങ്ങളുള്ളതായി തെളിഞ്ഞു. 9 ശതമാനം പേര്‍ വിഷാദരോഗങ്ങള്‍ക്ക് അടിമകളാണ്. പഠനങ്ങള്‍ പ്രകാരം കേരളത്തില്‍ 40 ലക്ഷത്തിലേറെപ്പേര്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ കാണുന്നു. വിഷാദം, ഉത്കണ്ഠ, ചിത്തഭ്രമം, സംശയരോഗം, മദ്യാസക്തി, ലഹരി അടിമത്തം, മനോജന്യ ശാരീരിക ലക്ഷണങ്ങള്‍ എന്നിവയും ഇതില്‍പ്പെടുന്നു.
5 സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളിലും 3 മാനസികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഇന്നു മാനസികാരോഗ്യ ചികിത്സയ്ക്കുള്ള ആധുനിക സംവിധാനങ്ങളുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ ഓരോന്നിലും ഒരേസമയം 500ഓളം രോഗികളെ ചികിത്സിക്കാനാകും.

തിരുവനന്തപുരത്തും കോഴിക്കോട്ടും ആഴ്ചയിലൊരിക്കല്‍ മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ഒ.പിയില്‍ 150ലേറെ രോഗികളാണ് ദിനംപ്രതി ചികിത്സതേടി എത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍കോളജിലെ സൈക്യാട്രി വിഭാഗത്തില്‍ 3 വാര്‍ഡുകളിലായി 50 രോഗികളെ പ്രവേശിപ്പിക്കാം. ആരോഗ്യവകുപ്പിനു കീഴിലുള്ള ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും സൈക്യാട്രിസ്റ്റുകളുടെ സേവനമുണ്ട്. കൗമാരപ്രായക്കാരുടെ ഇടയില്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗം, ആത്മഹത്യാ പ്രവണത, ഇന്റര്‍നെറ്റ്-മൊബൈല്‍ അടിമത്തം എന്നിവ കൂടിവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ഡോ. അരുണ്‍ ബി നായര്‍, ഡോ. ജെ. ദേവിക എന്നിവര്‍ നടത്തിയ ഒരു കണക്കുപ്രകാരം കൗമാരക്കാരായ ആണ്‍കുട്ടികളില്‍ 38.6 ശതമാനവും പെണ്‍കുട്ടികളില്‍ 37.7 ശതമാനവും ജീവതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും വിധേനയുള്ള ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാണ്. ഇവര്‍ പിന്നീട് മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിവിടപ്പെടുന്നു. ഈ കണക്കുകള്‍ പ്രകാരം കൗമാരക്കാരുടെ മാനസികാരോഗ്യ ചികിത്സയ്ക്ക് ഇനിയും സൗകര്യങ്ങള്‍ ആവശ്യമാണ്.