മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം: തീപിടിച്ചത് തുണിക്കടയ്ക്ക്

കോഴിക്കോട്: മിഠായിത്തെരുവില്‍ കെട്ടിടത്തിന് തീ പിടിച്ചു. രണ്ട് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്‌നിശമന സേന തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. അഞ്ചോളം കടകള്‍ക്ക് തീപിടിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

മൂന്ന് നില കെട്ടിടത്തില്‍ നിന്നും തീ പടരുകയാണ്. അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കടയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതുകൊണ്ട് ആളപായം ഒഴിവായി. അതേസമയം നിരവധി കടകളും സിനിമാ തിയറ്ററും ഹോട്ടലും തൊട്ടടുത്ത് ഉള്ളതിനാല്‍ തീ പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

കോഴിക്കോട് എംപി എംകെ രാഘവന്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴോളം ഫയര്‍ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആദ്യം രണ്ട് കടകളില്‍ മാത്രമാണ് തീപിടിച്ചത്. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ പിന്നീട് നിരവധി കടകളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇതോടെ തീ നിയന്ത്രണാതീതമായി.

രാധാ തിയേറ്ററിന് സമീപമുള്ള രണ്ട് നിലക്കെട്ടിടത്തിലുള്ള തുണിക്കടയ്ക്കാണ് ആദ്യം തീ പിടിച്ചത്. ഇതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമായത്.

നേരത്തെയും നിരവധി തവണ തീപിടുത്തത്തിന് ഇരയായിട്ടുള്ള സ്ഥലമാണ് കോഴിക്കോട് മിഠായിത്തെരുവ്. പല സംഭവങ്ങളിലും ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു വില്ലനായത്.