വിദേശരാജ്യങ്ങളിലെ ജോലി, മലയാളി നഴ്‌സുമാരുടെ സ്വപ്‌നം അസ്തമിക്കുന്നു.

ലോകത്തില്‍ ഏത് ആശുപത്രിയില്‍ ചെന്നാലും ആതുര സേവന രംഗത്ത് മലയാളി നഴ്‌സുമാരെ കാണാം. അവരുടെ സേവന സന്നധത വ്യാപകമായി പ്രശംസിക്കപ്പെടുകയും അംഗീകരിക്കുകയും ചെയ്തതാണ്. മറ്റ് രാജ്യങ്ങളിലെ ആശുപത്രികള്‍ മലയാളി നേഴ്‌സുമാരുടെ സേവനം ആവശ്യപ്പെട്ടതോടെ കേരളത്തില്‍ നിന്ന് ലക്ഷകണക്കിന് പെണ്‍കുട്ടികളാണ് നേഴ്‌സിംഗ് പഠനം കഴിഞ്ഞ് വിദേശത്ത് എത്തിയത്.

ഗള്‍ഫ്.അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളില്‍ മലയാളി നേഴ്‌സുമാര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കേരളത്തിലെ സമ്പദ്ഘടനയ്ക്കും ഇവരുടെ വരുമാനം നിര്‍ണ്ണായകമായി മാറി. മലയാളി നഴ്‌സുമാരെ വിവാഹം ചെയ്ത് നിരവധി യുവാക്കളും വിദേശത്തേക്ക് ചേക്കേറി.

എന്നാല്‍ ഈ പ്രവണതയ്ക്ക് ഇപ്പോള്‍ മാറ്റം വരികയാണ്. നഴ്‌സുമാരുടെ വിദേശരാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 1325 നഴ്‌സുമാര്‍ മാത്രമാണ് കേരളത്തില്‍ നിന്നും പോയ വര്‍ഷം വിദേശരാജ്യങ്ങളിലേക്ക് പോയത്. സ്വകാര്യ ഏജന്‍സികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം.

വര്‍ഷംതോറും 25000 നഴ്‌സുമാരാണ് കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് പോയിരുന്നത്. ഈ സാഹചര്യത്തില്‍ നിന്നാണ് റിക്രൂട്ട്‌മെന്റ് 1325 ആയി ചുരുങ്ങിയത്. ഒഡപെക് മുഖാന്തരം 883 നഴ്‌സുമാരും നോര്‍ക്ക റൂട്ട്‌സ് വഴി 442 നഴ്‌സുമാരുമാണ് വിദേശത്ത് എത്തിയത്.ഈ രണ്ട് ഏജന്‍സികള്‍ മാത്രമാണ് സംസ്ഥാനത്ത് നിന്നും നഴസിംഗ് റിക്രൂട്ട്‌മെന്റിന് അനുമതിയുള്ളത്. സര്‍ക്കാര്‍ ഏജന്‍സികളുടെ കഴിവ്‌കേടാണ് റിക്രൂട്ട്‌മെന്റ് കുത്തനെ കുറയാന്‍ കാരണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ഈ ഏജന്‍സികളുടെ മെല്ലെ പോക്ക് ആയിരക്കണക്കിന് മലയാളി നഴ്‌സുമാരുടെ ഭാവിയെയാണ് അവതാളത്തിലാക്കിയിരിക്കുന്നത്. കേരളത്തിലാണെങ്കില്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ഛമായ ശമ്പളം മാത്രമാണ്.

കേരളത്തില്‍ നിന്നും നഴ്‌സുമാരെ കിട്ടാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. ഖത്തര്‍ 2900 നഴ്‌സുമാരെ ഫിലിപ്പേന്‍സില്‍ നിന്നാണ് റിക്രൂട്ട് ചെയ്തത്. വിദേശരാജ്യങ്ങലിലേക്ക് പോകാന്‍ കഴിയാതായതോടെ സെയില്‍സ് ഗേള്‍ മേഖയിലേക്ക് വഴിമാറിയിരിക്കുകയാണ് നഴ്‌സുമാര്‍. ഈസ്ഥിതി തുടര്‍ന്നാല്‍ വിദേശ രാജ്യങ്ങളിലെ ജോലിയെന്നത് നേഴ്‌സുമാര്‍ക്ക് വിദൂര സ്വപ്‌നമായി അവശേഷിക്കും.