കാരുണ്യ വര്‍ഷത്തില്‍ ശവത്തിനോടുപോലും കരുണയില്ലാതെ കത്തോലിക്കാ സഭ

ഇടവക വികാരിയുടെ പിടിവാശിക്ക് വഴങ്ങാന്‍ തയ്യാറാകാത്ത മകന്‍ മാതാപിതാക്കളെ ഹിന്ദുമതാചാര പ്രകാരം വീട്ടുവളപ്പില്‍ അടക്കി ചേര്‍ത്തല കളര്‍കോട് സെന്റ് ആന്‍സ് കത്തോലിക്കാ പള്ളിയിലെ അംഗങ്ങളായിരുന്ന അഡ്വ. ജോര്‍ജ്ജിനെയും ഭാര്യ ലീലാമ്മ ടീച്ചറെയും കല്ലറയില്‍ അടക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ് അവരെ വീട്ടുവളപ്പില്‍ അടക്കിയതെന്ന് മകന്‍ ഷിജു

-ആദി അനിത-

കത്തോലിക്കാ പള്ളി അധികാരികളുടെ പിടിവാശിക്കും ധിക്കാരത്തിനും വഴങ്ങാന്‍ മനസില്ലാത്തതിനാല്‍ മാതാപിതാക്കളെ ഹിന്ദു ആചാരപ്രകാരം വീട്ടുവളപ്പില്‍ അടക്കേണ്ടിവന്ന ഹതഭാഗ്യനാണ് ആലപ്പുഴ ചേര്‍ത്തല കളര്‍കോട് ചേമ്പാട്ട് കുടുംബത്തിലെ ജി.ഷിജു എന്ന യുവാവ്. സീറോമലബാര്‍ കത്തോലിക്കാ സഭ വിശ്വാസികളും കളര്‍കോട് സെന്റ് ആന്‍സ് ഇടവകയിലെ അംഗങ്ങളുമായിരുന്ന അഡ്വ. എ.ജോര്‍ജിനെയും ഭാര്യ എം.പി ലീലാമ്മ ടീച്ചറെയും കല്ലറയില്‍ അടക്കാന്‍ അനുവദിക്കാത്ത വികാരിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ താന്‍ ഒരുക്കമല്ലാത്തത് കൊണ്ടാണ് മാതാപിതാക്കളെ വീട്ടുവളപ്പില്‍ ദഹിപ്പിച്ചതെന്ന് ഷിജു ‘വൈഫൈ റിപ്പോര്‍ട്ടറോട്’ പറഞ്ഞു.

മാതാപിതാക്കള്‍ പതിവായി പള്ളി ആരാധനയിലും ശുശ്രൂഷകളിലും പങ്കെടുക്കുന്നവരായിരുന്നെന്ന് ഷിജു പറഞ്ഞു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം അമ്മ ലീലാമ്മ പളളിവക സ്‌കൂളില്‍ ശമ്പളമൊന്നും വാങ്ങാതെ കുറേനാള്‍ പഠിപ്പിച്ചിരുന്നു. ഷിജു പള്ളി ആരാധനകളില്‍ പങ്കെടുക്കാറില്ലെന്ന് പറഞ്ഞാണ് മാതാവ് ലീലാമ്മ മരിച്ച ശേഷം കല്ലറയില്‍ അടക്കാന്‍ അനുവദിക്കാഞ്ഞത്. കേട്ടുകേള്‍വിയില്ലാത്ത വിചിത്രമായ ന്യായങ്ങളാണ് വികാരി ആന്റണിയും പള്ളി ഭാരവാഹികളും ഉന്നയിച്ചത്. അമ്മ മരിക്കുന്ന കാലത്ത് പിതാവ് ജോര്‍ജ് കിടപ്പിലായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, എ.കെ ആന്റണി എന്നിവരുടെ സഹപാഠിയും സമകാലികനുമായിരുന്ന എ. ജോര്‍ജ് ചേര്‍ത്തല കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു.

ഷിജു
ഷിജു

മകന്‍ പള്ളിയില്‍ പോകുന്നില്ലെന്ന ന്യായം പറഞ്ഞ് ശവസംസ്‌കാരം നിഷേധിച്ച് കടുത്ത മനുഷ്യാവകാശ ലംഘനമാണ് കത്തോലിക്ക സഭ നടത്തിയത്. ഇതേക്കുറിച്ച് തൃപ്തികരമായ മറുപടി പറയാന്‍ പോലും സഭയ്ക്കോ പള്ളി അധികാരികള്‍ക്കോ ഇനിയും കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് രാവിലെയാണ് റിട്ടേഡ് അധ്യാപികയായ ലീലാമ്മ (72) ഈ ലോകത്തോട് വിടപറഞ്ഞത്. ഉടന്‍ തന്നെ മകന്‍ ഷിജു വിവരം പള്ളി വികാരി ആന്റണിയെയും പാരീഷ് കൗണ്‍സില്‍ അധികൃതരെയും അറിയിച്ചു. എന്നാല്‍ ഞങ്ങള്‍ക്കൊന്ന് ആലോചിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ‘ നീ പതിവായി പള്ളിയില്‍ വരാറില്ലല്ലോ, ഞങ്ങള്‍ക്കൊന്ന് ആലോചിക്കണം’. ഈസ്റ്ററിനും പെരുന്നാളിനും ക്രിസ്മസിനും മറ്റ് വിശേഷദിവസങ്ങളിലും മാത്രമേ ഷിജു പള്ളിയില്‍ പോകാറുള്ളൂ. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അന്ന് ആറ് മണിയായപ്പോള്‍ പാരിഷ് അധികാരികളായ ചാക്കോ പടശേരിയും ടോണി കയ്യാലയ്ക്കലും വീട്ടില്‍ വന്ന് പറഞ്ഞു, ‘ പള്ളിയില്‍ വരാത്തതിന് ഒരു മാപ്പപേക്ഷ തരണം’. അത് പറ്റില്ലെന്ന് ഷിജു വ്യക്തമാക്കി. അതോടെ നാട്ടുകാരുമായി ആലോചിച്ച് വീട്ടുവളപ്പില്‍ തന്നെ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചു.

തെക്കേപ്പറമ്പില്‍ അമ്മച്ചി ഉറങ്ങുന്നു

എം.പി. ലീലാമ്മ
എം.പി. ലീലാമ്മ

മലങ്കര സീറോമലബാര്‍ കത്തോലിക്കാ സഭാംഗങ്ങളാണ് ഷിജുവിന്റെ കുടുംബം. അമ്മച്ചിയെ അങ്ങനെ ചുമ്മാ ദഹിപ്പിച്ചാല്‍ പോരാ ഏതെങ്കിലും മതാചാരപ്രകാരം ദഹിപ്പിക്കണമെന്ന് സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞപ്പോള്‍ ‘ ഹിന്ദു ആചാരപ്രകാരം മതിയെന്ന്’ ഷിജു നിര്‍ദ്ദേശിച്ചു. അതിനുള്ള ഒരുക്കങ്ങളുമായി. ഇതറിഞ്ഞ ഇടവകക്കാര്‍ ഒത്തുതീര്‍പ്പിനായി വീട്ടില്‍ വന്നു, അതും രാത്രി പന്ത്രണ്ടേ മുക്കാലിന്. അവരുടെ നിര്‍ദ്ദേശം ഇതായിരുന്നു: മൃതദേഹം പള്ളിയിലടക്കാം പക്ഷെ, ഷിജു വെള്ള പേപ്പറില്‍ ഒരു ഒപ്പിട്ട് കൊടുക്കണം. ഇതങ്ങ് പള്ളിപ്പോയി പറഞ്ഞാമതിയെന്ന് ഷിജു തിരിച്ചടിച്ചു. വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് കൊടുത്താല്‍ പിന്നീടതില്‍ മാപ്പെഴുതി ചേര്‍ക്കാം. ആ ചതിയില്‍ ഷിജു വീണില്ല. അവസാനം പവനായി ശവമായെന്ന് പറഞ്ഞപ്പോലെ പള്ളിക്കാര് വന്നവഴിയേ വച്ച്പിടിച്ചു. മേനാശേരിയിലുള്ള സാബു എന്ന ശാന്തിക്കാരന്‍ വന്ന് മൃതദേഹം സംസ്‌കരിച്ചു. ഏഴിന്റന്ന് സഞ്ചയനവും നടത്തി. പിന്നീട് അസ്ഥി എടുത്ത് കടലില്‍ നിമഞ്ജനം ചെയ്തു. മറ്റുള്ളവരെ പോലെ അമ്മച്ചിയെ കാണാന്‍ പള്ളിയില്‍ പോകണ്ട്, തന്റെ അമ്മച്ചി വീട്ടിലെ തെക്കേപ്പറമ്പില്‍ ഉറങ്ങുകയാണെന്ന് ഷിജു പറഞ്ഞു.

ഷിജുവിന്റെ മാതാവ് വയ്യാതായതില്‍ പിന്നെയാണ് പള്ളിയില്‍ പോകാതിരുന്നത്. താന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് ഷിജു വിശ്വസിക്കുന്നില്ല, അഥവാ പളളിക്കാര്‍ക്ക് അങ്ങനെ തോന്നുന്നെങ്കില്‍ അമ്മച്ചിയുടെ മൃതദേഹത്തോട് ഇത്തരത്തില്‍ അനാദരവ് കാട്ടിയത് എന്തിനാണെന്ന് ഈ മകന് മനസിലാകുന്നില്ല. റിട്ടേഡ് ആയ ശേഷം ലീലാമ്മ പള്ളിയുടെ സ്‌കൂളില്‍ ശമ്പളം പോലും വാങ്ങാതെ കുറേ കൊല്ലം പഠിപ്പിച്ചിരുന്നു. ജോലിത്തിരക്കും മറ്റ് കാര്യങ്ങളും കൊണ്ട് ഷിജുവിന് പലപ്പോഴും പള്ളിയില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പാരീഷ് കമ്മിറ്റി പുതുതായി കുടുംബ യൂണിറ്റും മറ്റും തുടങ്ങിയിരുന്നു. അതിലൊന്നും ഷിജുവിന്റെ വീട്ടുകാര്‍ ചേര്‍ന്നിരുന്നില്ല. അതൊക്കെ പള്ളി പ്രമാണിമാരെ ചൊടിപ്പിച്ചു.

വോളിബോള്‍ കളിക്കാരനായിരുന്ന ഷിജുവിന് പണ്ട് പട്ടാളത്തില്‍ ജോലി ലഭിച്ചതായിരുന്നു. എന്നാല്‍ ഇടവകക്കാര്‍ ഇടപെട്ട് പോകണ്ടെന്ന് പറഞ്ഞു. അവരുടെ നിര്‍ബന്ധത്തിന് പിതാവ് ജോര്‍ജും വഴങ്ങി. പിന്നീട് ആലപ്പുഴ മണ്ണഞ്ചേരിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി കിട്ടി. അമ്മച്ചിക്ക് മഞ്ഞപ്പിത്തം പിടിപെട്ട് കുറേ നാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. അന്നൊന്നും പള്ളിക്കാരെയാരേം ആ വഴിക്ക് കണ്ടിട്ടില്ല. മരിക്കുന്നതിന് കുറേ മാസം മുമ്പ് അമ്മയെ പശുകുത്തി ആസ്പത്രിയിലായി. അതിന് ശേഷം പള്ളിയില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.

അമ്മച്ചി തെക്കേപ്പറമ്പിലെങ്കില്‍ അപ്പനും അവിടെ തന്നെ

അഡ്വ.എ. ജോര്‍ജ്ജ്
അഡ്വ.എ. ജോര്‍ജ്ജ്

കിടപ്പിലായിരുന്ന എ ജോര്‍ജ് ഒരാഴ്ച മുമ്പ് മരിച്ചു. അതറിഞ്ഞ് പള്ളി വികാരിയും പരിവാരങ്ങളും ഷിജുവിനെ തേടിയെത്തി. പിതാവിനെ പള്ളിയിലടക്കാമെന്ന് പറഞ്ഞു. പ്രത്യേകിച്ച് പാരീഷ് കൗണ്‍സില്‍ നേതാക്കള്‍. അവരാണ് അവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഷിജു പറഞ്ഞു. എന്നാല്‍ ‘ അത് നടക്കില്ലെന്ന്’ ഷിജു പറഞ്ഞു. ‘എന്റെ അമ്മച്ചി തെക്കേപ്പറമ്പിലാണ് ചാമ്പലായത്. അപ്പനേം അവിടെത്തന്നെ ദഹിപ്പിക്കും’. ജോര്‍ജ് ദീര്‍ഘകാലം പള്ളിയിലെ കാര്യക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയോടാണ് അവര്‍ അനാദരവ് കാട്ടിയത്. അപ്പനെ പളളിയില്‍ അടക്കാന്‍ മകന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ മറ്റൊരു തന്ത്രവുമായി പ്രമാണിമാരെത്തി, ‘അച്ചന്‍ വന്ന് ഒപ്പീസ് ചൊല്ലിക്കോട്ടേന്ന്’ ( മരിക്കുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ത്ഥന) ചോദിച്ചു. ‘ എന്റെ അപ്പനും അമ്മച്ചീം ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്ന് പാരീഷ് കമ്മിറ്റി എഴുതി തന്നാല്‍ അപ്പനെ പള്ളീലടക്കാം’ അതായിരുന്നു ഷിജുവിന്റെ നിലപാട്. ഒടുവില്‍ അച്ചന്‍ വന്നൊന്ന് കണ്ടോട്ടേ എന്ന് ചോദിച്ചു. അതിന് അനുമതി നല്‍കി. അച്ചന്‍ ആന്റണി വന്ന് ഷിജുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ അമ്മച്ചിയുടെ കുഴിമാടം ചൂണ്ടിയിട്ട്, അമ്മച്ചി ദൈവഭയമുള്ള കൃസ്ത്യാനിയായിരുന്നു, നിങ്ങളൊക്കെ കാരണം അവരുടെ അന്ത്യവിശ്രമം ഇവിടെയായി. അതിന് പരിഹാരം കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഉത്തരംമുട്ടിയ പാതിരി പള്ളിയിലേക്ക് പാഞ്ഞു.

പിതാവിന്റെ മൃതദേഹവും ഹിന്ദു ആചാരപ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നവംബര്‍ 12നായിരുന്നു സഞ്ചയനം. അതിന് മുമ്പ് പള്ളിയുടെ മഠത്തില്‍ നിന്ന് സിസ്റ്റര്‍ പ്രിജിത്താമ്മ വിളിച്ചിരുന്നു. അസ്ഥി പള്ളിയല്‍ കുഴിച്ചിടാമെന്ന് പറഞ്ഞു. മലങ്കര സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായ പോള്‍ തേലേക്കാട്ട് പറഞ്ഞിട്ടാണ് ഷിജുവിനെ വിളിപ്പിച്ചത്. എന്നാല്‍ അമ്മച്ചീടെ അസ്ഥി കടലിലൊഴുക്കി അതിനാല്‍ അപ്പച്ചന്റെയും അസ്ഥി കടലില്‍ തന്നെ ഒഴുക്കുകയാണെന്ന് ഷിജു ഉറപ്പിച്ചു പറഞ്ഞു. അവിവാഹിതനാണ് ഷിജു.