വനിതാ പൊലീസിന് പണി കൊടുത്ത് വിഷ്ണുവും ആതിരയും വിവാഹിതരായി

 

തിരുവനന്തപുരം: മ്യൂസിയം പാര്‍ക്കില്‍ ഒരുമിച്ചിരുന്നരുന്നതിന് സദാചാര പോലീസിങിന് ഇരയായ വിഷ്ണുവും ആതിരയും വിവാഹിതരായി. വെളളയമ്പലത്ത് നടന്ന ലളിതമായ ചടങ്ങിലാണ് ഇവര്‍ വിവാഹിതരായത്. കനകക്കുന്നിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും മ്യൂസിയം പോലീസിന്റെ സദാചാര പോലീസിങിന് ഇരയായത്.

മ്യൂസിയം പാര്‍ക്കില്‍ ഇരിക്കവെ രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ വിരട്ടാന്‍ ശ്രമിച്ചത്. തോളില്‍ക്കൈയിട്ട് ഇരുന്ന ഇവര്‍ പൊതുസ്ഥലത്ത് വള്‍ഗറായി ഇരിക്കുന്നുവെന്നാരോപിക്കുകയായിരുന്നു. ഇത് ഇരുവരും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കെട്ടിപ്പിടിച്ചതായും ഉമ്മവച്ചതായും ആരോപിച്ചു. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

അവടെ വച്ച് പോലീസ് പെണ്‍കുട്ടിയുടെ പതാവിനെ വിളിച്ചു . എന്നാല്‍ പ്രായ പൂര്‍ത്തിയായ മകളെ അവളുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് വിട്ടിരിക്കുകയാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതാണെന്നും പിതാവ് പറഞ്ഞതോടെ പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോ വിഷ്ണു ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. വീഡിയോ വൈറലായതോടെ പോലീസിന്റെ സദാചാരപണിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പരാതി കിട്ടിയില്ലെങ്കിലും ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ സംഭവം വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സദാചാര പോലീസിനെതിരെ വിഎസും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.