ബസ് യാത്രക്കിടെ വനിതാ ഡോക്ടറെ ശല്യപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് വനിതാ ഡോക്ടറെ ശല്യപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. മലപ്പുറം രാമനാട്ടുകര സ്വദേശി ഡോ. കെ. ഷാഹുല്‍ ഹമീദിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടിയില്‍ നിന്നും കോഴഞ്ചേരിയിലേക്ക് പോവുകയായിരുന്ന വനിതാ ഡോക്ടറെ യാത്രക്കിടെ ശല്യപ്പെടുത്തുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ഇയാള്‍ ശ്രമിച്ചു.

മാനന്തവാടിയില്‍ നിന്നും കോഴഞ്ചേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത വനിതാ ഡോക്ടറെ യാത്രക്കിടെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇതേ ബസിലെ യാത്രക്കാരനായ രാമനാട്ടുകര കാമ്പ്രയില്‍ ഡോ. കെ. ഷാഹുല്‍ ഹമീദിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40-ന് മാനന്തവാടിയില്‍ നിന്നും പുറപ്പെട്ട ബസ് കല്‍പ്പറ്റയിലെത്തിയപ്പോഴാണ് ഷാഹുല്‍ ഹമീദ് വനിതാ ഡോക്ടറുടെ സീറ്റില്‍ ഇരുന്നത്. വൈത്തിരി എത്തിയതോടെ ദേഹത്ത് സ്പര്‍ശിക്കാന്‍ തുടങ്ങി. ഉപദ്രവിക്കരുതെന്നും മാറി ഇരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അതിക്രമം വര്‍ധിച്ചു. ചുരം ഒമ്പതാം വളവില്‍ എത്തിയതോടെ തന്റെ ദേഹത്ത് കയറിപ്പിടിച്ചതായും വനിതാ ഡോക്ടര്‍ പറഞ്ഞു. ബഹളം വെച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇടപെടുകയും ബസ് അടിവാരം പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് വിടുകയുമായിരുന്നു. ഇതിനിടെ പ്രതി ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ തടഞ്ഞു. താമരശ്ശേരി പൊലീസ് ഷാഹുല്‍ ഹമീദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയ ഡോക്ടറുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപ്പെട്ട് തടഞ്ഞു. പ്രതിയെ രാത്രി താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.