വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കാന്‍ കോളേജ് മാനേജ്‌മെന്റിന് അധികാരമില്ല – ഹൈക്കോടതി

ഗ്രാമീണ മേഖലയിലെ നിര്‍ബന്ധിത സേവനമെന്ന വ്യവസ്ഥ പാലിക്കാത്തതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കാന്‍ കോളേജ് മാനേജ്‌മെന്റിന് അധികാരമില്ലെന്ന് ഹൈക്കോടതി. നിയമപരമായി സ്വീകരിക്കാവുന്ന സിവില്‍ നടപടികള്‍ക്കല്ലാതെ കോളേജ് മാനേജ്‌മെന്റുകളുടെ കരാറിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ സാധ്യമാകില്ലെന്നും കോടതി വ്യക്തമാക്കി.

പഠനം പൂര്‍ത്തിയാക്കിയിട്ടും വിദ്യാഭ്യാസ രേഖകള്‍ വിട്ടു നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെരിന്തല്‍മണ്ണ, എം.ഇ.എസ്. മെഡിക്കല്‍ കോളെജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച്ചക്കകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഉത്തരവിട്ടു. 2010-11 അധ്യായന വര്‍ഷത്തില്‍ സ്വാശ്രയ കോളേജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവരാണ് ഹര്‍ജിക്കാര്‍.

സര്‍ക്കാരും സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനും തമ്മിലെ ധാരണയില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം ഗ്രാമീണ സേവനം നടത്തണമെന്ന വ്യവസ്ഥയുടെ ഭാഗമായി നിര്‍ബന്ധിത സേവന ബോണ്ട് കൊടുക്കേണ്ടതുണ്ട്.

അത് നല്‍കിയവരാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍, ഇതില്‍ വീഴ്ച വരുത്തിയാല്‍ 13 ലക്ഷം രൂപ പിഴ നല്‍കണമെന്ന വ്യവസ്ഥ കോളേജ് അധികൃതരും വെച്ചു. സര്‍വീസ് ബോണ്ട് പ്രകാരം ഗ്രാമീണ സേവനത്തിനും 13 ലക്ഷം രൂപ അടക്കാനും തയ്യാറാകാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ടി.സിയും സ്വഭാവ സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ല.