ജന്മഭൂമി എഡിറ്ററെ പുറത്താക്കി

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി പത്രത്തിന്റെ എഡിറ്ററുമായിരുന്ന രാമചന്ദ്രനെ ചുമതലകളില്‍ നിന്നൊഴിവാക്കി. ആറുമാസം മുമ്പാണ് രാമചന്ദ്രന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ പത്രാധിപനായി ചുമതലയേറ്റത്.

മലയാള മനോരമയില്‍ ദീര്‍ഘകാലം സി.പി.എം വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്ന രാമചന്ദ്രന്റെ സി.പി.എം വിരുദ്ധ നിലപാടുകളും വാര്‍ത്തകളും പ്രയോജനപ്പെടുത്താമെന്ന ധാരണയിലാണ് ഇദ്ദേഹത്തെ സംഘം പത്രാധിപരാക്കിയത്. പക്ഷേ, രാമചന്ദ്രന്റെ നിലപാടുകളും വാര്‍ത്തകളും സംഘത്തിന് തന്നെ വിനയായതോടെയാണ് രാജിവെച്ച് പോകാനാവശ്യപ്പെട്ടത്. രാമചന്ദ്രന്‍ പത്രാധിപരായി ചുമതലയേറ്റ ഉടനേ പീഡന വാര്‍ത്തകള്‍ ഇനി മുതചല്‍ പ്രസിദ്ധീകരിക്കില്ല എന്ന് പ്രഖ്യാപിച്ചുയെന്ന ഒന്നാം പേജില്‍ മുഖപ്രസംഗമെഴുതി. ആര്‍ഷഭാരതി സംസ്‌കാരത്തിന് യോജിച്ച തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട ചെയ്യുമെന്നായിരുന്നു രാമചന്ദ്രന്റെ ഒന്നാം പേജ് എഡിറ്റോറിയലിന്റെ കാതല്‍.

പക്ഷേ, ഒന്നുരണ്ടാഴ്ച കഴിഞ്ഞതോടെ ഈ ശപഥം മറന്ന മട്ടില്‍ അദ്ദേഹം ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമൊക്കെ നടക്കുന്ന പീഡന-ബലാത്സംഗ വാര്‍ത്തകള്‍ എരിവും പുളിയും മസാലയും ചേര്‍ത്ത് വായനക്കാര്‍ക്ക് വിളമ്പാന്‍ തുടങ്ങി. ഇമ്മാതിരി വാര്‍ത്തകള്‍ മുസ്ലീം-ക്രിസ്ത്യന്‍ പേരുകള്‍ ചേരുംപടി ചേര്‍ക്കാനും മറന്നില്ല. ശപഥം പൊളിച്ച് ഇക്കിളി-കമ്പി വാര്‍ത്തകള്‍ വീണ്ടും അച്ചടിക്കാന്‍ തുടങ്ങിയതോടെ കടുത്ത ആര്‍.എസ്.എസ് അനുഭാവികളായ വായനക്കാര്‍ പത്രാധിപരെ ഫോണില്‍ വിളിച്ച അമര്‍ഷവും പ്രതിഷേധവും അറിയിച്ചു തുടങ്ങിയതോടെ അദ്ദേഹം അവരുമായി കലഹിച്ചു. ഇങ്ങനെ ഫോണിലൂടെ പ്രതിഷേധിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി കൊടുത്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്.

ഇതിനു പുറമേ പത്രാധിപ സമിതിയിലുള്ളവരോടും ലേഖകന്മാരോടും എന്നും കലഹിക്കുകയും നിഘണ്ടുവിലെ ചില സുന്ദര പദങ്ങള്‍ ഉപയോഗിച്ച് ചിലരെ വിളിക്കാന്‍ തുടങ്ങിയതും അദ്ദേഹത്തിന് വിനയായി. പത്തിരുപത് വര്‍ഷം ജന്മഭൂമിയില്‍ ജോലി ചെയ്തു വന്ന ഒരു ഡെപ്യൂട്ടി എഡിറ്ററോട് ഇദ്ദേഹം മോശമായി പെരുമാറിയതിന്റെ പേരില്‍ അയാള്‍ രാജിവെച്ചു പോയി. സ്റ്റാഫുമായിട്ടെല്ലാം അടികൂടാന്‍ തുടങ്ങിയതോടെ ഇയാളെ കെട്ടിയെഴുന്നെളിച്ചു കൊണ്ടു വന്ന സംഘം പ്രവര്‍ത്തകര്‍ പൊല്ലാപ്പിലായി.

പത്രാധിപരായ രാമചന്ദ്രന്റെ ബൈലൈനില്‍ എന്നും വാര്‍ത്തകള്‍ ജന്മഭൂമിയുടെ വിവിധ പേജുകളില്‍ വരുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ ബൈലൈനുകള്‍ ഒന്നും കാണാനില്ലായിരുന്നു.

രാജ്യവും ശക്തിയും മഹത്വവും സ്വന്തം കൈപ്പിടിയിലൊതുക്കിയ രാമചന്ദ്രന്‍ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം നെട്ടുകാല്‍ത്തേരി ചിത്രാലയ ആശ്രമത്തിനെതിരെ വാര്‍ത്ത കൊടുത്തതോടെ പത്രാധിപരെ ഒതുക്കാന്‍ സംഘത്തിലെ പ്രമാണിമാര്‍ തീരുമാനിച്ചു. തുടക്കത്തില്‍ അവധിയില്‍ പോകാനാവശ്യപ്പെടുകയും പിന്നെ രാജിവെച്ച് പോകാനും പറയുകയായിരുന്നു.