വളര്‍ച്ചയുടെ പുതിയ കുതിപ്പില്‍ സിയാല്‍ 

രാജ്യത്തെ ആദ്യ പൊതു സ്വകാര്യ പങ്കാളിത്ത വിമാനത്താവളം, ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ വിമാനത്താവളം എന്നീ ഖ്യാതി നേടിയ സിയാല്‍ മൂന്ന് ബൃഹദ് സംരംഭങ്ങള്‍ കൂടി ആരംഭിക്കുന്നു. 1025 കോടി രൂപ ചിലവഴിച്ച് അടുത്ത 20 വര്‍ഷക്കാലത്തുണ്ടാകുന്ന വര്‍ദ്ധന കണക്കാക്കി നിര്‍മ്മിച്ച പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി-3യിലേക്ക് ആദ്യ വിമാനപ്രവേശനം വിമാനത്താവളത്തിലേക്കുള്ള 98 കോടി രൂപ ചെലവഴിച്ച് നാലുവരിപാത- മേല്‍പ്പാലം ഗതാഗതയോഗ്യമാക്കല്‍ , ആറ് മെഗ്വാട്ട് സൗരോര്‍ജ്ജ പ്ലാന്റ് എന്നീ മൂന്ന് ബൃഹദ് പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം 11-ന് സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച വൈകിട്ട് നാലിന് ടി-3 ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അധ്യക്ഷനാവും. മന്ത്രി മാത്യു. ടി. ാേമസ് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും.

പുതിയ ടെര്‍മിനലിന് 2015 ഫെബ്രുവരിയില്‍ ആണ് തറക്കല്ലിട്ടത്. കുറഞ്ഞ ചെലവില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അനുബന്ധ സൗകര്യ വികസനം, എയര്‍പോര്‍ട്ട് സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയ്ക്കായി ചെലവഴിച്ചു. തുക മാറ്റിവെച്ചാല്‍ ചതുരശ്രയടിക്ക് വെറും 4250 രൂപയില്‍ ടെര്‍മിനല്‍ പൂര്‍ത്തിയാക്കാന്‍ സിയാലിന് കഴിഞ്ഞു. ടെര്‍മിനല്‍ ബ്ലോക്കിന്റെ ഉദ്ഘാടനം മുന്‍സര്‍ക്കാരിന്റെ അവസാനകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചിരുന്നു. പുതിയ ടെര്‍മിനലില്‍ ഓപ്പറേഷന്‍ വിഭാഗം ആരംഭിക്കുന്നതിനുള്ള  വിവിധ വകുപ്പുകളുടെ പരിശോധനകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ജെറ്റ് എയര്‍വെസ് വിമാനമാണ് ടി-3യില്‍ ആദ്യം പ്രവേശിക്കുക.

അത്യാധുനിക സുരക്ഷാ ഓപ്പറേഷണല്‍ സൗകര്യങ്ങളും ശില്പഭംഗിയില്‍ തനത് കേരള മാതൃകയും പിന്തുടരാന്‍ സിയാലിന് കഴിഞ്ഞു. തൃശൂര്‍ പൂരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടെര്‍മിനലിന്റെ അകച്ചമയം ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള ആഭ്യന്തര, രാജ്യാന്തര  ടെര്‍മിനലുകളുടെ മൊത്തം വിസ്തൃതിയുടെ രണ്ടര ഇരട്ടി വിസ്തൃതി മൂന്നാം ടെര്‍മിനലിനുണ്ട്. ടി-3 പ്രവര്‍ത്തനം തുടങ്ങിയാല്‍ നിലവിലുള്ള ടെര്‍മിനലുകള്‍ ആഭ്യന്തര എയര്‍ലൈന്‍ സര്‍വീസിനായി മാത്രം മാറ്റിവെയ്ക്കും. അതോടെ മൊത്തം 2.1 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ടെര്‍മിനലുകള്‍ സിയാലിന് ലഭ്യമാകും.

ചടങ്ങില്‍ സിയാല്‍ ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പത്മശ്രീ എം.എ. യൂസഫലി സ്വാഗതം പറയും. സിയാല്‍ എം.ഡി. വി.ജെ. കുര്യന്‍ ആമുഖപ്രസംഗം നടത്തും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.

എം.പിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, പി. രാജീവ് (പ്രസിഡന്റ്, എയര്‍പോര്‍ട്ട് സ്റ്റാഫ് യൂണിയന്‍ സിഐടിയു)എം.എല്‍.എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, റോമി എം. ജോണ്‍, അന്‍വര്‍ സാദത്ത്, സി.എന്‍. മോഹനന്‍(ചെയര്‍മാന്‍ ജിസിഡിഎ), എം.എ. ഗ്രേസി(അധ്യക്ഷ, അങ്കമാലി നഗരസഭ), മിനി എല്‍ദോ (പ്രസിസന്റ്, നെടുമ്പാശ്ശേരി പഞ്ചായത്ത്) തുടങ്ങിയവര്‍ പങ്കെടുക്കും.