എംഎല്‍എയുടെ മൗനം ദുരൂഹം; പി.ജയരാജന്‍ 

കൊട്ടിയൂര്‍ പീഡന സംഭവത്തില്‍ പേരാവൂര്‍ എം.എല്‍.എയുടെ മൗന ദുരൂഹമാണെന്ന് സി.പി.ഐ-എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊച്ചിയില്‍ നടിയെ ഡ്രൈവര്‍ മൃഗീയമായി പീഡിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്  എം.എല്‍.എ പി.ടി. തോമസ് 24 മണിക്കൂറാണ് ഉപവാസം നടത്തിയത്. എന്നാല്‍ കൊട്ടിയൂരില്‍ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പ്രസവം പോലും ആരും അറിയാതിരിക്കാന്‍ പ്രബലരായ ചിലരുടെ സംരക്ഷണത്തില്‍ ആവശ്യമായ ക്രമീകരണം നടത്തുകയും ചെയ്ത ഹീനകൃത്യം പുറത്തുവന്നിട്ടും എം.എല്‍.എയെ കാണാനില്ല. പി.കെ. ശ്രീമതി എം.പി പെണ്‍കുട്ടിയുടെ വീടും സ്ഥലവും സന്ദര്‍ശിച്ച് ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിച്ച കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്തേ കോണ്‍ഗ്രസ് നേതാവായ പേരാവൂര്‍ എം.എല്‍.എ സ്ഥലത്തെത്തി ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം നിര്‍വഹിക്കാതിരുന്നത് ?
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൊട്ടിയൂരില്‍ ഒരു ആദിവാസി ആത്മഹത്യ ചെയ്തപ്പോള്‍ അത് കൊലപാതകമാക്കാനും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനും വ്യഗ്രതയായിരുന്നു ഈ എം.എല്‍.എയ്ക്ക്. എം.എല്‍.എയുടെ ഇപ്പോഴത്തെ മുങ്ങലിന് കാരണം ഈ സംഭവം പൊതു സമൂഹം അറിയുന്നത് ഒഴിവാക്കാന്‍ നടത്തിയ ഇടപെടലുകളില്‍ നേരത്തെ ഉള്‍പ്പെട്ടതു കൊണ്ടാണോയെന്ന് ജനം സംശയിക്കുന്നു. ഇതിന് മറുപടി നല്‍കേണ്ടത് എം.എല്‍.എയുടെ ഉത്തരവാദിത്വമാണ്.
ഇക്കാര്യത്തില്‍ എം.എല്‍.എ വായ തുറക്കണം. സഭയുടെ മാനന്തവാടി രൂപത പ്രതികരിച്ചിട്ടും എം.എല്‍.എ പ്രതികരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കൊട്ടിയൂരില്‍ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന എം.എല്‍.എയുടെ നടപടിക്കെതിരെ പ്രതികരണം ഉയരണമെന്നും പി. ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.