തിരിച്ചുവരാന്‍ ലിബര്‍ട്ടി ബഷീര്‍ സിപിഎമ്മിനോട് അടുക്കുന്നു

തിരുവനന്തപുരം: തിയേറ്റര്‍ ലാഭവിഹിതം കൂടുതല്‍ വാങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ട് പെട്ടിയിലായ ഫിലിംഎക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീര്‍ സി.പി.എമ്മില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. സിനിമാ മേഖലയില്‍ കൂടുതല്‍ കരുത്തനായി വരുന്നതിനായുള്ള നീക്കമാണിതെന്ന് അറിയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കണ്ണൂരിലെ ചില നേതാക്കളും നടന്‍മാരും സംവിധായകരും ഇതിന് പിന്നിലുണ്ടെന്നുമാണ് രഹസ്യവിവരം. തിയേറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താമസിക്കാതെ സര്‍ക്കാരിന് നിവേദനം നല്‍കാനും സര്‍ക്കാര്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തി 5 ശതമാനം ലാഭവിഹിതം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥ ഉണ്ടാക്കാനാണ് നീക്കം നടക്കുന്നത്.

ഫെഡറേഷന്‍ ഏകപക്ഷീയമായി ആരംഭിച്ച സമരം പിന്‍വലിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടപ്പോള്‍ ലിബര്‍ട്ടി വഴങ്ങിയത് വെറുതെയല്ല. സിനിമാ തിയേറ്റര്‍ തൊഴിലാളികളുടെ യൂണിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ശക്തമാക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. തിയേറ്റര്‍ തൊഴിലാളികള്‍ക്ക് ജോലി സമയം കൂടുതലാണ്, അതിനനുസരിച്ച് വേതനം നല്‍കാറില്ല. ഇവരെയെല്ലാം സി.ഐ.ടി.യുവിന്റെ കുടക്കീഴില്‍ അണിനിരത്തുകയാണ് ആദ്യം ലക്ഷ്യം വയ്ക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കണ്ണൂര്‍ നേതൃത്വം ലിബര്‍ട്ടിയെ ധരിപ്പിച്ചുട്ടുണ്ട്. ദിലീപിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയിലുള്ളവരുടെ  തിയേറ്ററുകളിലും കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച് തിയേറ്ററുകള്‍ അടച്ചിടുകയാണ് ലക്ഷ്യം. ഇത് മുതലാക്കി ഫെഡറേഷനെ ശക്തിപ്പെടുത്താനുമാണ് ലിബര്‍ട്ടി ബഷീര്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഇത് എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.

ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തിയേറ്ററുകള്‍ക്ക് നിര്‍മാതാക്കള്‍ സിനിമ നല്‍കാത്തതിനെ തുടര്‍ന്ന് എല്ലാം അടച്ചിട്ടിരിക്കുകയാണിപ്പോള്‍. ഏകദേശം 50 തൊഴിലാളികളാണ് അവിടെയുള്ളത്. അവരെല്ലാം സി.ഐ.ടി.യുക്കാരാണ്.