പുലിമുരുകന്റെ അണിയറക്കഥകളുമായി ബോക്‌സ് ഓഫീസിലൊരു ഗര്‍ജ്ജനം

തിരുവനന്തപുരം: മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടംനേടിയ പുലിമുരുകന്‍ എന്ന സിനിമയുടെ അണിയറക്കഥകള്‍ പുസ്തക രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. പത്രപ്രവര്‍ത്തകനായ ടി. അരുണ്‍ കുമാര്‍ രചിച്ച പുലിമുരുകന്‍ ബോക്‌സോഫീസിലൊരു ഗര്‍ജ്ജനം എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മോഹന്‍ലാല്‍ ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ നിര്‍വഹിച്ചു.  ചിത്രത്തിന്റെ സാങ്കേതിക വിശദാംശങ്ങളും മേക്കിംഗിന് പിന്നിലെ കഥകളും പുസ്തകത്തിലുണ്ടാകും. പുലിമുരുകനുമായി ബന്ധപ്പെട്ട് വ്യത്യസ്താഭിപ്രായങ്ങള്‍ ഉള്ളവര്‍ ഉണ്ടാവാം. എങ്കിലും ഈ സിനിമയുടെ സാങ്കേതികമേഖലയുമായി ബന്ധപ്പെട്ട്, സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍ജ്ജിക്കുവാന്‍ ശ്രമിച്ച മികവാണ് പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

മൂന്ന് ഭാഗങ്ങളാണ് പുസ്തകത്തിനുള്ളത്. ഒരവകാശവാദവുമില്ലാതെ വന്ന പുലിമുരുകന്‍ നൂറ് കോടി ക്ളബ്ബിലേക്കെത്തും വിധം കേരളത്തിലെ തിയേറ്ററുകളില്‍ വലിയ വിജയം നേടി. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്തരമൊരു വിജയം മുമ്പില്ല. എന്താണ് പ്രേക്ഷകരെ ഈ സിനിമയിലേക്കാകര്‍ഷിച്ച ഘടകങ്ങള്‍? മലയാളിപ്രേക്ഷകന്റെ ഏതേതൊക്കെ ആഭിമുഖ്യങ്ങളെയാണ് ഈ സിനിമ സംതൃപ്തമാക്കിയത്? തുടങ്ങി സിനിമയുടെ വിജയത്തിന് കാരണമായ സാമൂഹികമനശാസ്ത്രത്തെയും മറ്റ് ഘടകങ്ങളെയും വിശകലനം ചെയ്യുകയാണ് ആദ്യഭാഗത്തില്‍.

സംവിധായകന്‍ വൈശാഖുമായുള്ള ദീര്‍ഘസംഭാഷണമാണ് പുസ്തകത്തിന്റെ രണ്ടാംഭാഗം. ഇത്തരമൊരു വലിയ സിനിമ ഒരുക്കുമ്പോള്‍ ഒരു സംവിധായകന്‍ നേരിടാവുന്ന സര്‍ഗ്ഗാത്മകമവും അല്ലാത്തതുമായ പ്രതിസന്ധികളുടെ സൂക്ഷ്മവിശദാംശങ്ങള്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

രണ്ടാം ഭാഗം സാങ്കേതികവിശദാംശങ്ങളുടെ സമാഹരണമാണ്. വി.എഫ്.എക്സ്, സൗണ്ട് ഡിസൈന്‍, ഛായാഗ്രഹണം തുടങ്ങിയ മേഖലകളില്‍ ഏറ്റവും മികച്ച റിസള്‍ട്ടാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെയൊക്കെ ഉള്ളറകളിലേക്ക് ഏറ്റവും സൂക്ഷ്മമായി കടന്നു ചെല്ലുന്ന അഭിമുഖസംഭാഷണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.