മാവോയിസ്റ്റുകള്‍ നിലമ്പൂള്‍ കാടുകളില്‍ നിന്നും വയനാടന്‍ കാടുകളിലേക്ക് ചേക്കേറുന്നതായി പൊലീസ്

നിലമ്പൂര്‍: മേഖലയിലെ ഉള്‍വനങ്ങളില്‍ അവശേഷിക്കുന്ന മാവോയിസ്റ്റുകള്‍ വയനാട്ടിലേക്ക് കടക്കാന്‍ സാധ്യതയെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം.

നവംബര്‍ 24ന് നിലമ്പൂര്‍ കരുളായി റെയ്ഞ്ചിലെ പടുക്ക വനത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് നേതാക്കള്‍ കൊല്ലപ്പെട്ടതോടെ അവശേഷിക്കുന്ന മാവോയിസ്റ്റ് അംഗങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിക്രം ഗൗഡ, ഇയാളുടെ ഭാര്യ സാവിത്രി, വയനാട് സ്വദേശിയായ സോമന്‍, തമിഴ്നാട് കേഡര്‍ ജയണ്ണ, കുമാര്‍, ശര്‍മിള എന്നിവരടങ്ങിയ ആറംഗസംഘമാണ് നിലമ്പൂര്‍ വനത്തിനുള്ളില്‍ അവശേഷിക്കുന്നതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ അയ്യപ്പനെ ചോദ്യം ചെയ്തപ്പോഴാണ് വനത്തിനുള്ളിലുള്ളവരെപ്പറ്റി വിവരം ലഭിച്ചത്. വനത്തിനുള്ളിലും അതിര്‍ത്തികളിലും പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന ശക്തമാക്കിയതോടെയാണ് കാട്ടിനുള്ളില്‍ തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് പുറംലോകവുമായുള്ള ബന്ധം കുറയാന്‍ കാരണമായി.

ഭക്ഷണത്തിന് പോലും ഇവര്‍ പെടാപ്പാടുപെടുന്ന സാഹചര്യത്തിലാണ് വയനാട്ടിലേക്ക് നീങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചതത്രേ. നിലമ്പൂര്‍ വനമേഖലകളില്‍ നിന്നും കാട്ടുപാതകളിലൂടെ എളുപ്പത്തില്‍ വയനാട്ടില്‍ എത്തിച്ചേരാന്‍ കഴിയും. നിലവിലെ സാഹചര്യത്തില്‍ നിലമ്പൂര്‍ കാടുകളേക്കാള്‍ സുരക്ഷിതം വയനാടന്‍ കാടുകളാണെന്നാണ് മാവോയിസ്റ്റ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. പൊലീസ് വെടിവെയ്പ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ശേഷം ആറ് മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ കാട് വിട്ടു. ഇവരുടെ ചിത്രങ്ങള്‍ തമിഴ്നാട്, കര്‍ണാടക പൊലീസിന് കേരളാ പോലീസ് കൈമാറിയിട്ടുണ്ട്.

മാവോയിസ്റ്റുകള്‍ വയനാട്ടില്‍ ആക്രമണത്തിന് തയ്യാറാകുന്നതിന്റെ ഭാഗമായിട്ടാണ് നിലമ്പൂര്‍ കാടുകളിലെ മാവോയിസ്റ്റുകളെക്കൂടി വയനാട്ടില്‍ എത്തിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷ് അറസ്റ്റിലായതിന് ശേഷം വയനാട്ടില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചിട്ടുണ്ടെന്ന വിവരമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്.