ഒടുവില്‍ ക്രിക്കറ്റ് ഇതിഹാസം തുറന്നെഴുതി; വിരമിക്കാന്‍ എന്നോടെന്റെ മനസ്സ് പറഞ്ഞു

ഏതാണ്ട് രണ്ടു ദശാബ്ദത്തോളം കാലം നീണ്ട ക്രിക്കറ്റ് ജീവിതത്തിന്റെ അവസാന ദിവസം ആ ഇതിഹാസ പുരുഷന് എങ്ങനെയായിരുന്നു ?
ബാറ്റ് കൊണ്ട് ലോക കായിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിക്കലിനെയും അതിനായുള്ള മുന്നൊരുക്കങ്ങളെ കുറിച്ചും വിരമിച്ച ശേഷം ജീവിതം എങ്ങനെയായിരുന്നുവെന്നും ആദ്യമായി തുറന്നു സംസാരിച്ചു. പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ലിങ്ങ്ഡ് ഇന്നിലാണ് സച്ചിന്റെ ഈ തുറന്നെഴുത്ത്.
വിരമിക്കലിന് ശേഷം വന്ന പ്രധാന മാറ്റം നമുക്ക് എന്താണോ വേണ്ടത് അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതാണെന്നും സച്ചിന്‍. ക്രിക്കറ്റിന് ശേഷമുള്ള ജീവിതത്തിലെ പ്രധാന നേട്ടം ആന്ധ്രപ്രദേശിലെ പുറ്റംരാജു കാന്ദ്രിഗ എന്ന ഗ്രാമം ദത്തെടുക്കാന്‍ കഴിഞ്ഞതാണെന്നും സച്ചിന്‍ കുറിക്കുന്നു.
രണ്ടാം ഇന്നിങ്ങ്‌സ് എന്ന് തലക്കെട്ടിട്ട പോസ്റ്റിന് താഴെ സച്ചിന്‍ ഇങ്ങനെ കുറിക്കുന്നു.’ഡല്‍ഹിയില്‍ ചാമ്പ്യന്‍സ് ലീഗ് നടക്കുന്ന സമയം. എന്റെ ദിവസം തുടങ്ങുന്നതു തന്നെ ജിമ്മില്‍ നിന്നായിരുന്നു. 24 വര്‍ഷമായിട്ടുള്ള ശീലമാണ് അത്. പക്ഷേ ഒക്ടോബറിലെ ആ പ്രഭാതത്തില്‍ ചില മാറ്റങ്ങളെല്ലാം സംഭവിച്ചു’
‘ആ ദിവസം ഞാന്‍ മടിച്ചു മടിച്ചാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്. ജിമ്മില്‍ പോവുക എന്നത് ക്രിക്കറ്റ് കരിയറിലെ നിര്‍ണായക കാര്യമാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. എന്നിട്ടും എനിക്ക് വിരക്തി തോന്നി. അതെന്തു കൊണ്ടായിരുന്നു?’
‘അതെല്ലാം ചിലതിന്റെ അടയാളങ്ങളായിരുന്നു. ഞാന്‍ നിര്‍ത്തലാക്കേണ്ട ചില അടയാളങ്ങള്‍. ഞാന്‍ ഏറ്റവും അടുത്തു നില്‍ക്കുന്ന ക്രിക്കറ്റ് എന്റെ ദൈനംദിന കാര്യങ്ങളില്‍ ഇനിയുണ്ടാകില്ല എന്നതിന്റെ അടയാളം.’
പിന്നീട് സുനില്‍ ഗവാസ്‌ക്കര്‍ എങ്ങനെയാണ് തന്റെ വിരമിക്കില്‍ തീരുമാനത്തില്‍ സ്വാധീനം ചെലുത്തിയതെന്നും സച്ചിന്‍ പറയുന്നു. തന്റെ ഹീറോകളില്‍ ഒരാളായിരുന്ന ഗവാസ്‌ക്കര്‍ ഒരിക്കല്‍ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് സച്ചിന്‍. ഉച്ചഭക്ഷണത്തിനും ചായയ്ക്കുമുള്ള ഇടവേളയ്ക്ക് ഇനി എത്ര സമയം ബാക്കിയുണ്ടെന്ന് ക്ലോക്കില്‍ നോക്കാന്‍ തുടങ്ങിയതോടെ താന്‍ വിരമിക്കാനുള്ള തീരുമാനത്തിലെത്തി എന്നാണ് ഗവാസ്‌ക്കര്‍ സച്ചിനോട് പറഞ്ഞത്.
ഗവാസ്‌ക്കര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് പെട്ടെന്ന് മനസ്സിലായി. തന്റെ മനസ്സും ശരീരവും പറഞ്ഞതും അതായിരുന്നു. എന്റെ ബൂട്ടുകള്‍ തൂക്കിയിടേണ്ട സമയമായി എന്ന് തനിക്കപ്പോള്‍ മനസ്സിലായി’
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിംബിള്‍ഡണില്‍ വെച്ച് ബില്ലി ജീന്‍ കിങ്ങ് പറഞ്ഞ വാക്കുകളും ഞാന്‍ ഓര്‍ത്തു. എപ്പോള്‍ വിരമിക്കണമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അത് നിങ്ങളുടെ ഉള്ളില്‍ നിന്ന് തന്നെ വരും. നിങ്ങള്‍ എപ്പോള്‍ വിരമിക്കണമെന്ന തീരുമാനം ലോകത്തെക്കൊണ്ട് എടുപ്പിക്കരുത്.ഒരു കായികതാരമായി ഇനി നിലനില്‍ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ എന്തു ചെയ്യും? 24 വര്‍ഷം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത് ഇനിയുണ്ടാകില്ല എന്നു മനസ്സിലാക്കുമ്പോള്‍ നമ്മള്‍ എടുക്കുന്ന തീരുമാനം മികച്ചതായിരിക്കും. സച്ചിന്‍ എഴുതി.