കൊട്ടിയൂര്‍ പീഡനം കൂടുതല്‍ പേര്‍ക്കെതിരേ അന്വേഷണ സംഘം കേസെടുത്തു

കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. പ്രസവം നടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആസ്പത്രി, വൈത്തിരിയിലെ അനാഥ മന്ദിരം, കുട്ടിയെ അനാഥമന്ദിരത്തിലേക്ക് മാറ്റാന്‍ സഹായിച്ച രണ്ട് കന്യാസ്ത്രീകള്‍, പ്രധാന പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ സഹായിയായ നീണ്ടുനോക്കി സ്വദേശിനി തങ്കമ്മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ക്രിസ്തുരാജ ആസ്പത്രിക്കെതിരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവെച്ചതിന് പോക്സോ നിയമ പ്രകാരവും മാനന്തവാടി വൈത്തിരിയിലെ അനാഥമന്ദിരത്തിനെതിരെ നവജാത ശിശുവിനെ അനാഥമന്ദിരത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനും വിവരങ്ങള്‍ മറച്ചുവെച്ചതിനുമാണ് കേസ്.

റിമാന്റിലായ പ്രധാന പ്രതിയായ വൈദികനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കുറ്റകൃത്യങ്ങള്‍ പുരോഹിതനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെയും വൈദികന്റെയും രക്തസാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സി.ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസെടുത്തവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

വൈദികൻ റോബിൻ വടക്കുംചേരിയെകൂടാതെ അഞ്ച് കന്യാസ്ത്രീകളും പ്രതികളാണ്.

ഡോക്ടർമാർ കൂടിയായ സിസ്റ്റർ ടെസി ജോസ്, സിസ്റ്റർ ആൻസി മാത്യു, ദത്തെടുക്കൽ കേന്ദ്രത്തിലെ സിസ്റ്റർ അനീസ, സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ലിസി മരിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികൾ. എല്ലാ പ്രതികൾക്കെതിരെയും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം (പോസ്കോ) ചുമത്തി. പേരാവൂർ സിഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിപ്പട്ടിക തയാറാക്കിയിരിക്കുന്നത്.
ഫാ. റോബിൻ വടക്കുംചേരിയാണ് കേസിൽ ഒന്നാം പ്രതി. ഇയാൾ ഇപ്പോൾ തലശേരി സബ്ജയിലിലാണ്. ഇടവകാംഗവും മാതൃവേദി അംഗവുമായ തങ്കമ്മ നെല്ലിയാനിയാണ് രണ്ടാം പ്രതി. ഇവർ ഒളിവിലാണ്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടർ കൂടിയായ സിസ്റ്റർ ടെസി ജോസ് ആണ് മൂന്നാം പ്രതി. ഡോക്ടർ ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു എന്നിവർ നാലും അഞ്ചും പ്രതികളാണ്. ആശുപത്രിയുടെ ചുമതലയുള്ള സിസ്റ്റർ ലിസി മരിയ ആണ് ആറാം പ്രതി. സിസ്റ്റർ അനീസയും സിസ്റ്റർ ഒഫീലയും ഏഴും എട്ടും പ്രതികളാണ്. ഇരുവരും വയനാട് വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിലെ സിസ്റ്റർമാരാണ്. ഈ രണ്ട് സിസ്റ്റർമാരും ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം.