അവസരം മുതലടുത്ത് ഐസക്കിനെ തെറിപ്പിക്കാന്‍ കണ്ണൂര്‍ ലോബി

ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്ന് കണ്ണൂര്‍ നേതാവ്

– പി.എ സക്കീര്‍ ഹുസൈന്‍ –

തിരുവനന്തപുരം:  ബജറ്റ് ചോര്‍ച്ച ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ ആയുധമാക്കാനുറച്ച് സി.പി.എമ്മിലെ ഐസക്ക് വിരുദ്ധരും കണ്ണൂര്‍ ലോബിയും. പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയേക്കാള്‍ ഐസക്കിനുള്ള പ്രതിച്ഛായയും മുന്‍കാല ഗ്രൂപ്പ് വൈരവുമാണ് അദ്ദേഹത്തിനെതിരെ നീങ്ങാന്‍ കണ്ണൂര്‍ ലോബിയെ പ്രേരിപ്പിക്കുന്നത്.
ബജറ്റ് പുറത്തായെന്ന വിവാദത്തിന് പിന്നാലെ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന അവയ്‌ലബില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഐസക്കിന്റെ ഭാഗത്ത്‌നിന്ന് ജാഗ്രതക്കുറവുണ്ടായെന്നും എന്നാല്‍ അദ്ദേഹത്തെ പ്രതിയാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തെ ചെറുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ തോമസ് ഐസക്ക് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗത്തിന് പിന്നാലെ ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനോജ് പുതിയവിളയെ പുറത്താക്കുകയും ചെയ്തിരുന്നു.
ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ഇടത് മുന്നണി നേതാക്കളും സര്‍ക്കാരും വാദിക്കുമ്പോഴും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കിയത് കുറ്റസമ്മതമാണെന്നാണ് എതിരാളികളുടെ വാദം. ഇന്നലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ ചില പാകപ്പിഴകളുണ്ടായെന്ന തരത്തില്‍ മന്ത്രി തോമസ് ഐസക്ക് കുറ്റസമ്മതം നടത്തിയതും ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നിലവിലെ അവസരം പരമാവധി പ്രയോജനപ്പെടുത്തി മന്ത്രി സ്ഥാനത്ത് നിന്ന് തോമസ് ഐസക്കിനെ പുറത്താക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. മന്ത്രിസഭയില്‍ കഴിവുള്ള ഏക മന്ത്രി ഐസക്ക് ആണെന്ന തരത്തിലുള്ള പ്രചാരണത്തിലും എതിരാളികള്‍ അസ്വസ്ഥരാണ്. തോമസ് ഐസക്ക് ഇനിയും മന്ത്രിയായി തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബിയുടെ നിയന്ത്രണം ഇല്ലാതാകുമെന്നും പിണറായിപക്ഷത്തെ പ്രമുഖര്‍ കരുതുന്നു.
ബജറ്റ് ചോര്‍ച്ചയില്‍ പ്രതിപക്ഷവും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ഗവര്‍ണറെക്കണ്ടിരുന്നു. വരും ദിവസങ്ങളില്‍ പ്രതിപക്ഷകക്ഷികള്‍ ശക്തമായ നിലപാടുമായി ആ സാഹചര്യം സമര്‍ഥമായി വിനിയോഗിക്കണമെന്നാണ് കണ്ണൂരിലെ പ്രമുഖ നേതാവ് മറ്റുള്ളവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്ന നിലപാടിലാണ് ഇയാള്‍. ഐസക്കിനെതിരായ നീക്കത്തിന് പാര്‍ട്ടി സെക്രട്ടറിയുടെയും ആലപ്പുഴയിലെ പ്രമുഖ നേതാക്കളുടെയും പിന്തുണയുണ്ട്.