നടിയെ തട്ടിക്കൊണ്ടുപോകല്‍: ക്വട്ടേഷനല്ലെന്ന നിലപാടിലേക്ക് പോലീസ്‌

 

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിനു  പിന്നില്‍ ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്കു പൊലിസ് എത്തുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി ആസൂത്രണം ചെയ്തതാണു സംഭവമെന്നും പൊലിസ് കരുതുന്നു. നടിയെ തെറ്റിദ്ധരിപ്പിക്കാനാണു ക്വട്ടേഷനാണെന്നു സുനി പറഞ്ഞത് എന്നാണു സംശയം. ആക്രമിക്കുമ്പോള്‍ ക്വട്ടേഷനാണെന്നും എതിര്‍ത്താല്‍ മയക്കുമരുന്നു കുത്തിവച്ചു കൊച്ചിയിലെ ഫ്ളാറ്റിലേക്കു കൊണ്ടുപോകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി നടി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ ഉണ്ടോ എന്ന കാര്യം പൊലിസ് അന്വേഷിച്ചത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും പൊലിസിന് ലഭിച്ചിട്ടില്ല.

കേസിലെ പ്രതികളായ പള്‍സര്‍ സുനി, വടിവാള്‍ സലിം, പ്രദീപ്, തമ്മനം മണികണ്ഠന്‍, ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരേ മാത്രമാണ് ഇതുവരെ തെളിവു ലഭിച്ചത്. ഇക്കാര്യങ്ങള്‍ ഉറപ്പിക്കുന്നതിനായി കൂട്ടുപ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴി വീണ്ടും പരിശോധിക്കുകയും ചെയ്യുമെന്നും പൊലിസ് പറഞ്ഞു.

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവായി ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെടുത്തു. അങ്കമാലിയിലുള്ള അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ മെമ്മറി കാര്‍ഡിലാണു നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്ളതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. നടിയെ ഉപദ്രവിക്കുന്നത് സുനി നേരിട്ട് പകര്‍ത്തിയതാണു ദൃശ്യങ്ങളിലുള്ളത്.

ദൃശ്യങ്ങള്‍ മൊബൈലില്‍നിന്ന് മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയെന്നും ഈ മെമ്മറികാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചെന്നും സുനി പൊലിസിനോട് പറഞ്ഞിരുന്നു. ഇപ്പോള്‍ കണ്ടെടുത്ത ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാകും. ഐ.ടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. ഇതിന്റെ നിര്‍ണായക തെളിവായി ദൃശ്യങ്ങള്‍ മാറും.

പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നു പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും സുനി മാനസികമായും ശാരീരികമായും സന്നദ്ധനല്ലെന്നാണു സുനിയുടെ അഭിഭാഷകന്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അറിയിച്ചത്.

ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നു പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതികളായ നാലു പേരുടെ കസ്റ്റഡി കാലാവധി അന്വേഷണ സംഘം തിങ്കളാഴ്ച വരെ നീട്ടിവാങ്ങിയെങ്കിലും ഗൂഢാലോചന തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ മാസം 10നാണു സുനി, വിജീഷ് എന്നിവരുടെ ആദ്യ റിമാന്‍ഡ് കാലാവധി തീരുന്നത്.

അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ കുറച്ചുഭാഗം സുനി പകര്‍ത്തി ഒന്നിലധികം കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതായി പൊലിസ് സംശയിക്കുന്നു.  സംഭവശേഷം അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ സുനി മെമ്മറി കാര്‍ഡ് ഫോണില്‍ നിന്നെടുക്കാന്‍ ഒരു പിന്‍ ആവശ്യപ്പെട്ടെന്ന് സുഹൃത്തിന്റെ സഹോദരി പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുമ്പോള്‍ സുനി കാണിച്ചതായി കേസിലെ മറ്റൊരു പ്രതി മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ ഒന്നിലേറെ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണു പൊലിസിന്റെ നിഗമനം