സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ജീപ്പ് മതിലിലിടിച്ച് ഡ്രൈവറും രണ്ടു വിദ്യാര്‍ഥികളും മരിച്ചു

കോട്ടയം: എംസി റോഡില്‍ കൂത്താട്ടുകുളത്തിനു സമീപം പുതുവേലിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ജീപ്പ് മതിലിലിടിച്ച് ഡ്രൈവറും രണ്ടു വിദ്യാര്‍ഥികളും മരിച്ചു. മുത്തോലപുരം സ്വദേശികളായ നയന ദിലീപ് (7), ആന്‍മരിയ ഷിജി (7), ഡ്രൈവർ‍ ജോസ് ജേക്കബ് എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. വാഹനത്തിലുണ്ടായിരുന്ന 12 കുട്ടികള്‍ക്കു പരുക്കേറ്റു. ഇവരെ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു മാറ്റി. പതിനഞ്ചു കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

രാവിലെ 7.50 ഓടെയാണ് അപകടമുണ്ടായത്. സ്‌കൂളിലേക്കു പോകുന്നതിനിടെ ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ജീപ്പ്, നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റ കുട്ടികളെ പുറത്തെടുത്തത്. അപകടത്തില്‍ മരിച്ച ജോസിന്റെ സ്വന്തം വാഹനമാണിത്. കരാര്‍ അടിസ്ഥാനത്തില്‍ സ്‌കൂളിനുവേണ്ടി സര്‍വീസ് നടത്തിവരികയായിരുന്നു.