കൈക്കൂലി ആരോപണം: ബിജെപിയില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

പ്രമുഖ ബിജെപി നേതാവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനോട് പണം ആവശ്യപ്പെട്ടുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാക്കാന്‍ ഒരു വിഭാഗം ഒരുങ്ങുന്നു. സംസ്ഥാനത്തെ പ്രമുഖ ഭാരവാഹിയായ കോഴിക്കോട്ടുകാരനെതിരെയാണ് ആരോപണം. വൃക്കരോഗിയായ ഒരു ബി ജെ പി പ്രവര്‍ത്തകന്റെ ചികിത്സയില്‍ പിഴവു വന്നതുമായി ബന്ധപ്പെട്ട പരാതി ഒതുക്കിതീര്‍ക്കാന്‍ ഈ നേതാവ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനോട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെതാണ് വിഷയം.

ബിജെപി പ്രവര്‍ത്തകനെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസമാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സ പിഴവ് മൂലം ഇയാളെ ഇവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട നേതാവ് നഷ്ടപരിഹാരമായി ആദ്യം ഒരു ലക്ഷം രൂപ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഈ തുക വാങ്ങി പ്രവര്‍ത്തകനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ഈ നേതാവ് വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ വിളിക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സമരം ചെയ്ത് ആശുപത്രി പൂട്ടിക്കുമെന്ന് നേതാവ് ഭീഷണിപ്പെടുത്തിയത്രെ. ഇക്കാര്യം, ആശുപത്രി മേധാവിയായ ഡോക്ടര്‍ ആര്‍ എസ് എസ് നേതൃത്വത്തെ അറിയിച്ചു. ഫോണ്‍ സംഭാഷണമടക്കം റിക്കാര്‍ഡ് ചെയ്താണ് ആര്‍എസ്എസ് നേതൃത്വത്തെ വിവരം ധരിപ്പിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തിയ ആര്‍ എസ് എസ് നേതൃത്വം, ഈ നേതാവ് പണം ആവശ്യപ്പെട്ടത് പ്രവര്‍ത്തകന് വേണ്ടിയല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ആര്‍എസ്എസ് നേതൃത്വം ഇദ്ദേഹത്തെ താക്കീത് ചെയ്യുകയും ചെയ്തു.

ഈ വിഷയം ബിജെപിയില്‍ സജീവ ചര്‍ച്ചയാക്കാനാണ് നേതാവിന്റെ എതിര്‍ ചേരിക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. തെളിവുകളുമായി മാധ്യമങ്ങള്‍ക്കു മുമ്പിലെത്തി രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത് ഒരു ശീലമാക്കിയ ഈ നേതാവിന്റെ ‘അഴിമതി വിരുദ്ധ പ്രതിഛായ’ യുടെ തനിനിറം എന്താണെന്ന് വ്യക്തമാക്കിക്കാന്‍ തന്നെയാണ് ഇവരുടെ നീക്കം. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സജീവ ഇടപെടല്‍ നടത്തി ആദര്‍ശം പറയാറുള്ള ഈ നേതാവിനെ ഒതുക്കാനുള്ള നല്ല അവസരമായി ഇതിനെ എടുത്തിരിക്കുകയാണിവര്‍. ഈ നേതാവ് പാര്‍ട്ടിയുടെ പേരില്‍ പലരില്‍ നിന്നും പണം ആവശ്യപ്പെട്ടതായി ഇവര്‍ ആരോപിക്കുന്നുണ്ട്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും ഇവര്‍ കാര്യങ്ങള്‍ ധരിപ്പിച്ചതായാണ് വിവരം.

ആര്‍എസ്എസുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് ഇപ്പോള്‍ ആരോപണം നേരിടുന്ന നേതാവ്. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ വെറുതെ ആരോപണമുന്നയിച്ചാലൊന്നും ആര്‍ എസ് എസ് നേതൃത്വം കാര്യമായെടുക്കാറില്ല. ഇപ്പോള്‍ ആശുപത്രി മാനേജ്‌മെന്റ് നേരിട്ട് പരാതിപ്പെട്ട സംഭവം കൂടിയായതോടെ ആരോപണങ്ങള്‍ ആര്‍ എസ് എസ്സിനും ബോധ്യമായിരിക്കുന്നു എന്ന് ഇവര്‍ പറയുന്നു.

പാര്‍ട്ടിയില്‍ ഏറെനാളുകളായി പ്രബലമായ രണ്ടു ചേരികള്‍ തമ്മിലുള്ള പോര് നടന്നുവരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, കേന്ദ്രനേതൃത്വം ഇടപെട്ട് നേതാക്കളെ ശാസിക്കുന്ന സ്ഥിതി വരെ എത്തിയിരുന്നു ഗ്രൂപ്പ് പോര്.