ഫാദര്‍ റോബിനെ രക്ഷിക്കാന്‍ ന്യായീകരണങ്ങളുമായി തലശ്ശേരി രൂപത

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കത്തോലിക്ക വൈദികന്‍ ഫാദര്‍. റോബിന്‍ വടക്കുംചേരിയെ രക്ഷിച്ചെടുക്കാന്‍ തലശ്ശേരി രൂപത പുതിയ ന്യായവാദങ്ങളുമായി രംഗത്ത്.
സഭാ സ്ഥാപനങ്ങളെയും പുരോഹിതവൃത്തിയേയും അധിക്ഷേപിക്കാന്‍ സംഘടിത ശ്രമം നടത്തുന്നുവെന്നാണ് തലശ്ശേരി രൂപത പുറത്തിറക്കിയ പ്രസ്താവന പറയുന്നത്.
അവിവാഹിതയായ അമ്മയുടെ അഭിമാനം രക്ഷിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാത്തെ ആശുപത്രി അധികൃതര്‍ എതിര്‍ക്കാതിരുന്നത് കുറ്റകരമാണോ എന്ന ചോദ്യം രൂപത ഉയര്‍ത്തുന്നത് ഫാദര്‍ റോബിനെ രക്ഷിക്കാനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
‘കുഞ്ഞിന് അഭയമരുളിയ വൈത്തിരിയിലെ കന്യാസ്ത്രീമാരെയും ഗൂഡാലോചനയില്‍ പങ്കാളിയാകുന്നതിനെ തലശ്ശേരി രൂപത എതിര്‍ക്കുന്നുണ്ട്. ഏതു വിധേനയും പ്രതികളായ കന്യാസ്ത്രീകളേയും പുരോഹിതരേയും രക്ഷിച്ചെടുക്കാനാണ് സഭ ശ്രമിക്കുന്നതെന്ന് വ്യക്തം.
സഭയുടെ ധാര്‍മ്മിക ശബ്ദത്തെ വികലമാക്കി സഭയെ പ്രതിരോധത്തിലാക്കി അതുവഴി മദ്യനയം ഉള്‍പ്പെടെ സഭ എതിര്‍ക്കുന്നതുമായ നയങ്ങളെ അട്ടിമറിക്കാനാണ് ഇത്തരം അപവാദ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് രൂപതയുടെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. തലശ്ശേരി അതിരൂപത പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണരൂപം.

കൊട്ടിയൂരില്‍ വൈദികന്‍ നടത്തിയ ക്രിമിനല്‍ കുറ്റത്തിന്റെ മറവില്‍ കത്തോലിക്കാസഭയേയും സഭാസ്ഥാപനങ്ങളേയും പുരോഹിതവൃത്തിയേയും അധിക്ഷേപിക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നു സംശയിക്കുന്നതായി തലശേരി അതിരൂപത.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരേ വൈദികന്‍ നടത്തിയ കുറ്റം അങ്ങേയറ്റം അപലനീയവും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇക്കാര്യം സഭാതലവനായ മേജര്‍ ആര്‍ച്ചുബിഷപ്പും മാനന്തവാടി രൂപതാധ്യക്ഷനും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. അതിക്രമത്തിന് ഇരയായ കുട്ടിയുടെയും കുടുംബത്തിന്റെയും കണ്ണുനീരിനോടൊത്ത് സഭയൊന്നാകെ സങ്കടത്തിലാണ്. –
എന്നാല്‍, ഈ സങ്കടാവസ്ഥയെ മുതലെടുത്ത് സഭയെ ഒന്നാകെ പ്രതിക്കൂട്ടിലാക്കാനുള്ള സംഘടിതമായ നീക്കം നടക്കുന്നതായി സംശയിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അന്വേഷണം സത്യസന്ധമായി നടത്തണമെന്ന തലശേരി അതിരൂപതയുടെ പ്രസ്താവനയോട് ഭരണകക്ഷിയുടെ ജില്ലാസെക്രട്ടറി നടത്തിയ പ്രതികരണം ജനാധിപത്യ മര്യാദകള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും നിരക്കാത്തതാണ്.
പ്രസവശുശ്രൂഷ നല്‍കിയ ആശുപത്രിയിലെ ഡോക്ടര്‍മാരെ ജാമ്യമില്ലാത്ത പോക്‌സോ നിയമം ചുമത്തി ജയിലിലടയ്ക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യഗ്രതപ്പെടുന്നത് അടിസ്ഥാനരഹിതമായാണ്. കാരണം, മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നു റഫര്‍ചെയ്തുവന്ന പെണ്‍കുട്ടിയുടെ മെഡിക്കല്‍ രേഖയില്‍ പ്രായം 18 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുട്ടിക്ക് പ്രായപൂര്‍ത്തിയായശേഷമാണ് ഗര്‍ഭം ധരിച്ചത് എന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. അമ്മയുടെ പ്രായം 18 എന്നു രേഖപ്പെടുത്തി ആശുപത്രിയില്‍നിന്നു തന്നെ ബന്ധുക്കള്‍ അപേക്ഷാഫോം പൂരിപ്പിച്ച് മുനിസിപ്പാലിറ്റിയില്‍ നവജാതശിശുവിന്റെ ജനനം രജിസ്റ്റര്‍ ചെയ്തിരുന്നു.
സംശയകരമോ കുറ്റകരമോ ആയ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നില്ലേ കുട്ടിയുടെ പ്രായത്തെക്കുറിച്ച് മാതാപിതാക്കള്‍ നല്‍കുന്ന സാക്ഷ്യം വിശ്വസിക്കുന്നത് കുറ്റകരമാണോ അവിവാഹിതര്‍ക്ക് പ്രസവശുശ്രൂഷ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി ചിത്രീകരിക്കുന്നത് ആരുടെ തിരക്കഥയനുസരിച്ചാണ് എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്.

സഭാസ്ഥാപനങ്ങള്‍ക്കെതിരേ ഒട്ടേറെ നുണപ്രചാരണങ്ങള്‍ ബോധപൂര്‍വം നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. ആശുപത്രി അധികൃതര്‍ കുട്ടിയുടെ പ്രായം തിരുത്തി, പള്ളി രജിസ്റ്ററിലും സ്‌കൂള്‍ രജിസ്റ്ററിലും ജനനതീയതി തിരുത്തി തുടങ്ങിയ നുണകള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യം സംശയകരമാണ്.
മേല്‍പ്പറഞ്ഞ രേഖകളെല്ലാം ആര്‍ക്കും പരിശോധിച്ചു വ്യക്തത വരുത്താനാകുമായിരുന്നിട്ടും സംശയത്തിന്റെ പുകമറസൃഷ്ടിക്കുന്നതില്‍ ചില നിക്ഷിപ്ത താത്പര്യക്കാരുടെ ഗൂഢാലോചന സംശയിക്കാവുന്നതാണ്. ഇത്തരം നുണപ്രചാരണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതും അവര്‍ അതിനനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതും നീതിനിഷേധമായി പരിണമിക്കും.

ആശുപത്രിയില്‍ നടന്ന പ്രസവത്തെക്കുറിച്ച് ഫെബ്രുവരി 10ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ മേല്‍വിലാസമുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയത് ആശുപത്രി അധികൃതരാണ്. അന്നുമുതല്‍ ഇന്നോളം അന്വേഷണത്തോട് പൂര്‍ണമായും സത്യസന്ധമായും സഹകരിച്ചവരെ പോക്‌സോ നിയമപ്രകാരം തടവിലാക്കാന്‍ കരുനീക്കിയതില്‍ നിയമത്തിനപ്പുറത്തുള്ള താത്‌ര്യങ്ങളുണ്ടെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. വിചാരണ കഴിയുംവരെ തടവില്‍ വയ്ക്കാവുന്ന വകുപ്പുകള്‍ ചുമത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പാലിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഈ കേസില്‍ പാലിക്കപ്പെട്ടിട്ടില്ല.
പ്രസവത്തിനുശേഷം നവജാതശിശുവിനെ കൊണ്ടുപോകാന്‍ മാതാപിതാക്കളെ അനുവദിച്ചു എന്നത് ക്രിമിനല്‍ കുറ്റമാണോ നവജാതശിശുവിന്റെ അവകാശം മാതാപിതാക്കള്‍ക്കാണോ ആശുപത്രി അധികൃത ര്‍ക്കാണോ എന്ന് അറിയാത്തവരല്ല ഇതേക്കുറിച്ചു ചര്‍ച്ചചെയ്യുന്നവര്‍. പ്രസവത്തിന്റെ പിറ്റേന്ന് അമ്മയോടൊപ്പം ഡിസ്ചാര്‍ജ് ചെയ്യേണ്ട കുഞ്ഞിനെ രേഖാമൂലം എഴുതിനല്‍കിയ സ്വന്തം ഉത്തരവാദിത്വത്തില്‍ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ഉത്തരവാദപ്പെട്ടവര്‍ കൊണ്ടുപോയി എന്നത് സത്യമാണ്.

അവിവാഹിതയായ അമ്മയുടെ അഭിമാനം രക്ഷിക്കാന്‍വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തെ ആശുപത്രി അധികൃതര്‍ എതിര്‍ക്കാതിരുന്നത് കുറ്റകരമാണോ അവിവാഹിത അമ്മമാരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിയമാനുസൃതം നിലവിലുള്ള നാട്ടില്‍ ഇതിന്റെപേരില്‍ പുകമറ സൃഷ്ടിക്കുന്നവരുടെ ദുരുദ്ദേശ്യം വ്യക്തമാണ്.
പ്രസ്തുത കുഞ്ഞിന് അഭയമരുളിയ വൈത്തിരിയിലെ കന്യാസ്ത്രീമാരെയും ഗൂഢലോചനയുടെ ഭാഗമാക്കി പോക്‌സോ നിയമം ചുമത്തി ജയിലിലടക്കാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യം നിക്ഷ്പക്ഷമതികള്‍ വിലയിരുത്തട്ടെ.

സഭയുടെ ധാര്‍മികശബ്ദത്തെ വികലമാക്കി സഭയെ പ്രതിരോധത്തിലാക്കാനും അതുവഴി മദ്യനയം ഉള്‍പ്പടെ സഭ എതിര്‍ക്കുന്ന തെറ്റായ നയങ്ങള്‍ തടസംകൂടാതെ നടപ്പിലാക്കാനുമുള്ള ശ്രമം ഈ ആരോപണ പ്രവാഹത്തിനു പിന്നില്‍ സംശയിക്കേണ്ടതുണ്ട്.
കേരളാബജറ്റിനേക്കാള്‍ പ്രാധാന്യം നല്‍കി ഈ വിഷയം ആഴ്ചകളായി സജീവചര്‍ച്ചാവിഷയമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചറിയണം. കേസില്‍ ഗൂഢാലോചന നടത്തുന്നത് സഭയല്ല; മറിച്ച് ചില വര്‍ഗീയ-രാഷ്ട്രീയ ശക്തികളും സഭാവിരോധികളുമാണെന്ന് അതിരൂപത പ്രസ്താവനയില്‍ പറയുന്നു.