ആദിവാസി സ്ത്രീകള്‍ക്ക് കാവലാളായി കാക്കിക്കുള്ളിലെ പെണ്‍കരുത്ത്

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ സ്ത്രീകള്‍ക്ക് കാവലായിട്ടുള്ളത് രണ്ട് വനിതാ പൊലീസുകാര്‍. ലൈജാ ഷാജിയും, കെ ബി ഖദീജയും.

ജനമൈത്രി പൊലീസിന്റെ ഭാഗമായ ഇവര്‍ കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇടമലക്കുടിയില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. വളരെപെട്ടെന്നു തന്നെ കുടിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഇരുവരും. വെറും പൊലീസുകാരെന്നതിലുപരി ആദിവാസി വനിതകള്‍ക്ക് വഴികാട്ടികളായിരിക്കുകയാണിവര്‍.

2006ലാണ് ഇവര്‍ പൊലീസ് സേനയില്‍ പ്രവേശിക്കുന്നത്. മുമ്പ് ഇരുവരും സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപകരായിരുന്നു. അദ്ധ്യാപന ജീവിതത്തിന് ശേഷം പൊലീസ് സേനയില്‍ പ്രവേശിച്ച ഇവര്‍ 2010 മുതലാണ് ഇടമലക്കുടിയില്‍ എത്തുന്നത്. ജോലിയുടെ തുടക്കത്തില്‍ പരിചയമില്ലാത്തതിനാല്‍ സ്ത്രീകള്‍ പലരും ഇവരെക്കണ്ട് ഓടി ഒളിക്കുമായിരുന്നു. എന്നാല്‍ ലൈജയുടെയും ഖദീജയുടേയും സ്ഥിരമായ പരിശ്രമത്തിലൂടെ ഇടമലക്കുടിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ഇടയില്‍ വളരെപ്പെട്ടെന്ന് തന്നെ സ്ഥാനം നേടാനായി.

ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരവധി പേരെയാണ് ലഹരി ഉപയോഗത്തില്‍ നിന്നും പിന്‍തിരിപ്പിക്കുവാന്‍ സാധിച്ചത്. കൂടാതെ വാലായ്മാ പുരകളിലെ നരക ജീവിതം ഭയന്ന് മറ്റ് ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്ന സ്ത്രീകളെ ബോധവല്‍ക്കരിക്കാനും ഇവര്‍ക്ക് കഴിഞ്ഞു. ഇന്ന് ഇടമലക്കുടിയിലെ അങ്കണവാടികളില്‍ കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധന സൂചിപ്പിക്കുന്നതും ഈ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.

ഇടമലക്കുടിയില്‍ നരബലി നടന്നതായിട്ടുള്ള ആരോപണങ്ങള്‍ ഉയരുകയും പ്രശ്‌നം വലിയ വിവാദമാകുകയും ചെയ്തപ്പോള്‍ ഇവിടേക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ കുടിയിലെ മൂപ്പനടക്കം ജില്ലാ പൊലീസ് മേധാവിക്ക് കുടിയിലെ ആളുകള്‍ക്ക് നേരിട്ടറിയാവുന്ന ലൈജയും ഖദീജയും മതി കാവലിനെന്ന് എഴുതി കൊടുക്കുകയായിരുന്നു. കുടിയിലെ അങ്കണവാടിയാണ് വനിതാ പൊലീസുകാര്‍ക്ക് താമസത്തിനായി വിട്ടുനല്‍കിയിരിക്കുന്നത്. പുരുഷന്മാരായ രണ്ട് പൊലീസുകാരെയും ഇടമലക്കുടിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

ജോലിയുടെ ആദ്യനാളുകളില്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു ഇവര്‍ മലകയറിയിരുന്നത്. എന്നാല്‍ ഇന്ന് ഇരുവരും വീട്ടിലേയ്ക്ക് പോകുന്നത് മാസത്തില്‍ ഒന്നോ രണ്ടോ ദിവസമായി ചുരുക്കിയിരിക്കുകയാണ്. ഇവരെ മാത്രം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹം ഇടമലക്കുടിയില്‍ ഉണ്ടെന്നതാണ് ഇതിനുകാരണം. അവരുടെ സംരക്ഷണം കേരള പൊലീസിന്റെ ഈ വനിതാ ചുമലുകളിലാണ്.