മസിലുപിടുത്തമില്ലാതെ തലകുനിച്ച് റോബിനച്ചന്‍

തലശ്ശേരി : പത്തു ദിവസങ്ങള്‍ക്കു മുമ്പ് ആരെയും കൂസാതെ തനിക്കിതൊക്കെ വെറും പുല്ലാണെന്ന മട്ടില്‍ ചാനലുകളിലും പത്രത്താളുകളിലും പ്രത്യക്ഷപ്പെട്ട കൊട്ടിയൂര്‍ പള്ളി വികാരി ഫാദര്‍ റോബിന്‍ വടക്കുംചേരി, പരിക്ഷീണനായിട്ടാണ് ഇന്നലെ തലശ്ശേരി കോടതിയിലെത്തിയത്. ആകപ്പാടെ തളര്‍ന്ന മട്ടിലാണ് ഇന്നലെ കോടതി മുറിയിലും പൊലീസിനൊപ്പവും കണ്ടത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസില്‍ റോബിന്‍ വടക്കുംചേരിയെ മാര്‍ച്ച് 13 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ വൈദികനെ നാലു ദിവസം കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി ഇയാളെ കസ്റ്റഡിയില്‍ വിട്ടത്.

അറസ്റ്റിന്റെ ആദ്യ ദിവസങ്ങളില്‍ മുഖത്തു കാണപ്പെട്ട പ്രസന്നതയും ആരെയും കൂസാത്ത നെഞ്ചൂക്കും മാഞ്ഞിരുന്നു. പകരം വേവലാതിയാണ് പ്രകടമായത്. ദിവസങ്ങള്‍ നീണ്ട കാരാഗൃഹ വാസം വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍. ഒരിക്കല്‍ സഹായിച്ചവരെല്ലാം അകന്നുനില്‍ക്കുന്ന അവസ്ഥ കൂട്ടത്തിലെ ചിലര്‍ ഒളിവില്‍.

പ്രൊഡക്ഷന്‍ വാറണ്ടിനെ തുടര്‍ന്ന് ഇടയ്ക്ക് ജയിലില്‍ നിന്നും കോടതിയിലേക്കും തിരികെ വീണ്ടും ജയിലിലേക്കും യാത്ര.

വഴിയില്‍ കാണുമ്പോള്‍ തുറിച്ചു നോക്കുന്ന ആള്‍ക്കൂട്ടത്തിന്റെ രോഷ പ്രകടനം. പരമവിശുദ്ധമായ പള്ളിമേട അവിശുദ്ധമാക്കിയതിന്റെ പാപഫലമെന്നോണം കുറ്റവാളിയുടെ വേഷത്തില്‍ നിയമത്തിനു മുന്നിലെത്തിയ വൈദികന്‍ റോബിന്‍ വടക്കുംചേരി ഏറെ ക്ഷീണിതനായിട്ടാണ് ഇന്നലെ കാണപ്പെട്ടത്.

ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി നാല് ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയെ തുടര്‍ന്ന് ബുധനാഴ്ചയാണ് വൈദികനെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ കേസ് പഠിക്കാന്‍ സാവകാശം വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ അപേക്ഷയെ തുടര്‍ന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഇന്നലെക്ക് മാറ്റുകയായിരുന്നു.

രാവിലെ ഇരു ഭാഗത്തിന്റെയു വാദപ്രതിവാദങ്ങള്‍ കേട്ട ശേഷം ഉച്ചയ്ക്ക് മൂന്നരയോടെയാണ് കുറ്റാരോപിതനെ നാലു ദിവസത്തേക്ക് പൊലീസിന് വിട്ടു നല്‍കികൊണ്ട് ജഡ്ജി വിധി പ്രസ്താവിച്ചത്.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പേരാവൂര്‍ സിഐ എന്‍, സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കോടതിക്ക് വെളിയിലേക്ക് നടക്കുമ്പോള്‍ വൈദികന്‍ കരഞ്ഞില്ലന്നേയുള്ളൂ. തെളിവെടുപ്പിനായി ഫാ. റോബിന്‍ വടക്കുംചേരിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. എവിടയൊക്കെ കൊണ്ടുവരുന്നുണ്ടെന്നോ എപ്പോഴാണ് കൊണ്ടുവരുന്നതെന്നോ വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

തെളിവെടുപ്പിനിടെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമോയെന്ന് ഭയന്നാണ് മുന്‍കൂട്ടി ദിവസവും സമയവും പുറത്തുവിടാത്തത്.

വന്‍ പൊലീസ് സംരക്ഷണത്തിലായിരിക്കും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടു വരിക.

പേരാവൂര്‍ സി.ഐ സുനില്‍കുമാറാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ ഫാ. റോബിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.