കമ്മട്ടിപാടത്തിനു നടുവിലൂടെ ഇളവെയിലേറ്റ് വിനായകന്‍

 മികച്ച നടനുള്ള പുരസ്‌കാരം വിനായകനാണെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം കമ്മട്ടിപ്പാടത്തെ ആകെ ഇളക്കിമറിച്ചു. അഭിവാദ്യങ്ങള്‍ നേര്‍ന്ന് കൂട്ടുകാര്‍ ഫ്ളക്സ്  വരെ അടിച്ചു. വീടിനടുത്തു ചുമട്ടു തൊഴിലാളികളുടെ പൂള് ഓഫീസിനടുത്തു കസേരയിട്ടിരുന്ന വിനായകന്‍ ടെന്‍ഷനിലായി. പതുക്കെ മാധ്യമങ്ങളെ വെട്ടിച്ചു ഗാന്ധി നഗറിലേക്ക് മുങ്ങി.
സമയം അഞ്ചുമണി. മന്ത്രി എ കെ ബാലന്‍ അവാര്‍ഡ് പ്രഖാപിച്ചപ്പോള്‍ വീട്ടില്‍ ‘
അമ്മയുടെ അടുത്തിരുന്ന വിനായകന് മുഖത്ത് ചിരിവരുന്നില്ല. മധുരം കൊടുക്കാന്‍ മാധ്യമങ്ങളുടെ അഭ്യര്‍ത്ഥനയോട് കട്ടകലിപ്പു പ്രതികരണം. സിനിമയില്‍ അഭിനയിക്കും ജീവിതത്തിലില്ല. അവാര്‍ഡ് അടക്കം വ്യവസ്ഥാപിതമായ ഒന്നിനോടും മമതയില്ല. അതുകൊണ്ടുതന്നെ അവാര്‍ഡ് പ്രതീക്ഷിച്ചതുമില്ല. പലപ്പോഴും അവാര്‍ഡുകിട്ടുമെന്നു പലരും പറഞ്ഞു. കിട്ടാത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ ആദ്യമായി ഭക്ഷണം കിട്ടിയ അവസ്ഥയിലാണ് ഉള്ളത്. ഇത് കഴിക്കട്ടെ എന്നിട്ടാവാം മധുരം കഴിക്കല്‍. വിനായകന്‍ പറയുന്നു.
രാജീവ് രവി നിര്‍മാതാവ് പ്രേം എന്നിവരോടാണ് കടപ്പാട്. ഗംഗ എന്ന കഥാപാത്രം പലപ്പോഴും വെല്ലുവിളിയായിരുന്നു. കഥാപാത്രം മരിച്ചുകഴിഞ്ഞു. ഇനി പുതിയ സിനിമയിലേക്ക് വിളിക്കാന്‍ വരുന്നവരോട് കാശു കൂട്ടിച്ചോദിക്കണം. തമാശയിലേക്കു വഴുതി മാറുമ്പോള്‍ പുറത്തു കൂട്ടുകാര്‍ അക്ഷമരായി. വീടിനു പുറത്തു റെയില്‍പാളത്തില്‍ ജാഥകണക്കെ എല്ലാവരും ചേര്‍ന്ന് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് പരിസരത്തേക്ക്. തട്ടുകടയില്‍ കയറി ചായ കുടിച്ചു. ഇന്ന് ആഘോഷത്തിന്റെ രാവാണ്. കാമറയൊക്കെ മാറ്റിവെച്ചു വന്നു പങ്കു ചേരാന്‍ മധ്യപ്രവര്‍ത്തകര്‍ക്കും ക്ഷണം. ഇതിനിടെ കൂട്ടുകാര്‍ വളഞ്ഞു. ജാഥ പിന്നെയും രൂപപ്പെട്ടു. അതിലൊരാളായി വിനായകന്‍ കമ്മട്ടി പാടത്തിനു നടുവിലൂടെ ഇളംവെയിലേറ്റ് നടന്നു നീങ്ങി.