കാമകേളി വിവാദത്തിന് പിന്നാലെ വീക്ഷണത്തില്‍ കമ്പിക്കള്ളന്‍!

 

-രാജേഷ് ഗോപാലകൃഷ്ണന്‍-

കൊച്ചി: കോണ്‍ഗ്രസ് മുഖപത്രത്തിലെ പ്രമുഖന്റെ കാമകേളിയും തട്ടിപ്പുകളും വെളിപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ച ഊമക്കത്തിന് പിന്നാലെ വീക്ഷണത്തില്‍നിന്ന് പുറത്ത് വരുന്നത് നാറിയ കഥകള്‍.

വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ പത്രത്തെ ശരിയാക്കിയെടുക്കാന്‍ കാര്‍ക്കശ്യക്കാരനായ പി.ടി തോമസ് എം.എല്‍.എയെ കെ.പി.സി.സി നിയോഗിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അദ്ദേഹത്തിന് ചുമതലയേറ്റെടുക്കാനായത്. എന്നാല്‍ പി.ടി തോമസ് ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പത്രത്തിന്റെ കൊച്ചിയിലെ പ്രധാന ഓഫീസില്‍ അരങ്ങേറിയ സംഭവങ്ങള്‍ കോണ്‍ഗ്രസുകാരെപ്പോലും നാണിപ്പിക്കുന്നതാണ്.

പത്രത്തിന്റെ തലപ്പത്തുള്ളയാളുടെ നേതൃത്വത്തില്‍ അരങ്ങേറിയ മോഷണശ്രമമാണ് അതില്‍ ഏറ്റവും പ്രധാനം. എ.സി ജോസിന്റെ കാലത്ത് വീക്ഷണത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പഴയ ഓഡിറ്റോറിയം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൈലിംഗ് ഉള്‍പ്പെടെയുള്ള പണികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ വസ്തുവില്‍ അവകാശവാദമുന്നയിച്ച് മറ്റൊരാള്‍ കേസ് നല്‍കുകയും പണി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതോടെ സിമെന്റ്, മെറ്റല്‍, കമ്പി എന്നിവ പണിസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടു. ഇതിനിടെ സിമന്റ് ചാക്കുകളും കൂട്ടിയിട്ടിരുന്ന മെറ്റലും അപ്രത്യക്ഷമായെങ്കിലും ജീവനക്കാര്‍ക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാല്‍ പി.ടി തോമസ് ചുമതലയേറ്റെടുക്കുന്നതിന് ഏതാനും ദിവസം മുന്‍പ് മറ്റൊരു മോഷണം കൂടി അവിടെ അരങ്ങേറി.

പതിവിന് വിപരീതമായി ഇത്തവണ കള്ളനെ കണ്ട് ഞെട്ടിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. എ.സി ജോസിന്റെ അഭാവത്തില്‍ പത്രത്തിന്റെ തലപ്പത്തെത്തിയ ആള്‍ ആയിരുന്നു രാത്രിയില്‍ ലേറിയുമായെത്തി ടണ്‍കണക്കിന് കമ്പി കയറ്റിക്കൊണ്ടു പോയത്. മോഷ്ടാവിനെക്കണ്ട് വിശ്വസിക്കാനാകാതെ ചിലര്‍ കെ.പി.സി.സി അധ്യക്ഷനെ വിവിരമറിയിച്ചു. ഇതേത്തുടര്‍ന്ന് വി.എം സുധീരന്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ കമ്പിയുമായി കടന്ന കള്ളന്‍ അതിനേക്കള്‍ വേഗത്തില്‍ സാധനം തിരികെ കിടന്ന സ്ഥലത്തുതന്നെയിട്ട് തടിയൂരുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പാര്‍ട്ടിബോധവും സദാചാരമൂല്യങ്ങളും വളര്‍ത്തേണ്ട പാര്‍ട്ടി പത്രത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ കമ്പിക്കള്ളനായതിന്റെ നിരാശയിലാണ് കൊച്ചിയിലെ കോണ്‍ഗ്രസുകാര്‍. ഇതിന് മുന്‍പ് പ്രസിലെ സാധാരണ ജീവനക്കാരനായിരുന്ന ഇയാള്‍ എ.സി ജോസിനെ മണിയടിച്ചാണ് സുപ്രധാന തസ്തികയില്‍ കയറിക്കൂടിയത്. തുടര്‍ന്ന് വി.എം സുധീരന് മുന്നില്‍ ജാതി കാര്‍ഡ് ഇറക്കി കെ.പി.സി.സി നിര്‍വാഹക സമിതിയിലും കടന്നുകൂടി. മറ്റ് നേതാക്കളാരും അറിയാതെയാണ് സുധീരന്‍ ഇയാളെ കെ.പി.സി.സി ഭാരവാഹിത്വത്തിലേക്കെടുത്തതെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു.

ബന്നിബഹ്നാന്‍ എം.ഡിയായിരുന്ന കാലയളവില്‍ പ്രസിലെ ജീവനക്കാരനായിരുന്ന ഇയാള്‍ രാത്രിയില്‍ വേഷം മാറിയെത്തി ന്യൂസ് റീലുകള്‍ കടത്തിക്കൊണ്ടുപോയി മറിച്ചു വിറ്റത് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ഒരു മുന്‍കാല ജീവനക്കാരന്‍ പറയുന്നു. അന്ന് മോഷണം കൈയ്യോടെ പിടികൂടിയെങ്കിലും സംഭവംസ്ഥലത്ത് ബോധംകെട്ടുവീണ് ഇയാള്‍ തടിതപ്പുകയായിരുന്നു. തുടര്‍ന്ന് എ.സി ജോസ് എത്തിയതോടെ തന്റെ എതിരാളികളെയെല്ലാം ഇയാള്‍ സ്ഥാപനത്തില്‍നിന്ന് പുറത്താക്കുകയായിരുന്നെന്നും ജീവനക്കാര്‍ പറയുന്നു.

വേജ് ബോര്‍ഡ് നടപ്പാക്കുന്നതിന്റെ പേരില്‍ പരസ്യവിഭാഗത്തിലെ വനിതയുടെ ശമ്പളം റസിഡന്റ് എഡിറ്ററുടേതിനേക്കള്‍ വര്‍ധിപ്പിച്ചതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്ഥാപനത്തിന്റെ പണം ഉപയോഗിച്ച് കാര്‍ വാങ്ങി അത് ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവും ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കെ.പി.സി.സി യോഗത്തിന് കൊച്ചിയിലുള്ള പല നേതാക്കളും ബസിലും ട്രെയിനിലും തിരുവനന്തപുരത്തെത്തുമ്പോള്‍ ഇയാള്‍ പാര്‍ട്ടി പത്രത്തിന്റെ എ.സി വാഹനത്തിലാണെത്തുന്നത്.