വാളയാറിലെ സഹോദരിമാരുടെ മരണം ഇത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകാതെ പോലീസ് 

-വികാസ് രാജഗോപാൽ-

വാളയാറിൽ രണ്ട് പെൺ കുട്ടികൾ  കൊല്ലപ്പെടുമ്പോൾ ആരോപണത്തിൻ്റെ വിരൽ ചുണ്ടുന്നത്  ആർക്കൊക്കെ നേരയാണ്.ഒരു അമ്മ തൻ്റെ മകൾ പീഡിപ്പിക്കപ്പെടുന്നത് കണ്ടതായി  നൽകിയ മൊഴി   കണ്ടിട്ട് എന്ത് കൊണ്ട് സംരക്ഷിക്കേണ്ടവ‍ർ വിരലനക്കിയില്ല . ഇങ്ങനെ ഉയരുന്ന ചോദ്യങ്ങൾ അനവധിയാണ് .

പതിനാല് വയസുകാരി ഒന്നരമാസം മുൻപ് തൂങ്ങി  മരിച്ചപ്പോൾ  അതൊരു സ്വാഭാവിക മരണമായി  വിധി എഴുതിയ  പോലീസ് തന്നെയാണ് ഉത്തരം പറയേണ്ടത്.  രണ്ടാമത് അതേയിടത്ത് അതേ വിധത്തിൽ  മറ്റൊരു ജീവൻ കൂടി പൊലിഞ്ഞതിനും.

വാളയാറിൽ പോലീസിന് സംഭവിച്ചത് ഗുരുതരമായ വീഴ്ച്ച തന്നെയാണ് കാരണം പതിനാല് വയസുകാരി മരിച്ച നിലയിൽ കണ്ടത്തുന്നതിന് മുൻപ് ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി പോസ്റ്റമോർട്ടം റിപ്പോർട്ടുണ്ട് .ഇത്രമാത്രം പ്രാധാന്യമുള്ള തെളിവ് എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കപ്പെട്ടു.മരണപ്പെട്ട കുട്ടിയുടെ അമ്മ പറയുന്നുണ്ട്  ബന്ധു മകളെ പീഡിപ്പിച്ചതിന് താൻ ദൃക്സാക്ഷിയാണെന്ന് .

പതിനാല് വയസുമാത്രം പ്രായമുള്ള മകൾക്ക് നേരിടേണ്ടി വന്ന ദുർഗതി നെഞ്ചുപൊട്ടി ഒരു അമ്മ പറയുമ്പോൾ പോലീസിന് അതൊരു പ്രധാനതെളിവായി  എന്തുകൊണ്ട് അന്ന് തോന്നിയില്ല.ഒന്നരമാസം മാത്രം കഴിഞ്ഞ് അതേ സ്ഥലത്ത് ഒൻപത് വയസുകാരി കൊല്ലപ്പെടുമ്പോൾ എങ്ങനെ പെട്ടന്ന് പഴയ പോസ്റ്റ് മാർട്ടം റിപ്പോർട്ട് പൊട്ടിമുളച്ചു.മാധ്യമങ്ങളിൽ വാർത്ത വന്നതുകൊണ്ടോ? മാധ്യമ വാർത്തകളാണോ നിതീ ലഭിക്കേണ്ടതിൻ്റെ അടിസ്ഥാനം.

കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത കുട്ടിയുടെ മാതാവ് പോലീസിനോട് പോസറ്റ്മോർട്ടം  റിപ്പോർട്ട് തിരക്കിയപ്പോൾ അതൊക്കെയുണ്ട് സ്റ്റേഷനിൽ വന്നാൽ തരാം എന്ന മറുപടിയാണ് കിട്ടിയത്.റിപ്പോർട്ടിലെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നത്പോലെയുള്ള കണ്ടെത്തലുകൾ അപ്പോൾ തന്നെ അറിയാനാകുന്നതാണ് .ഒന്നരമാസം അതിന് പുറത്ത് അടയിരിക്കേണ്ട അവശ്യമില്ല.

മുത്ത കുട്ടി മരിച്ച ദിവസം വീട്ടിലെത്തിയ പോലീസിനോട് ഒൻപത് വയസുകാരി  കറുത്ത  മുഖം മൂടി വെച്ച രണ്ടുപേർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടതായി പറഞ്ഞിരുന്നു .ചേച്ചിയുടെ മരണം ആദ്യം കണ്ടതും ആ കുട്ടിയായിരുന്നു.പക്ഷെ പോലിസ് അന്വേഷണം അമ്മ പറയുന്ന ബന്ധുവിലേക്കോ മുഖം മുടി ധരിച്ചവരിലേക്കോ എത്തിയില്ല.

ഇപ്പോൾ പോലിസ് തന്നെ പറയുന്നു ഇളയ കുട്ടിയും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന്.എന്നാൽ രണ്ട് മരണങ്ങളും ആത്മഹത്യ തന്നെയാണ് എന്നാണ് കേസ് അന്വേഷിക്കുന്നവരുടെ നിലപാട് . കൊലപാതകമാണെന്ന്  ബന്ധുക്കളും നാട്ടുകാരും തറപ്പിച്ച് പറയുന്നു. ഒറ്റ മുറി വീട്ടിൽ മുന്നര അടി മാത്രം ഉയരുള്ള കുട്ടി എട്ടര അടി ഉയരമുള്ള മേൽക്കൂരയിൽ എങ്ങനെ തുങ്ങി മരിച്ചുവെന്ന പ്രായോഗികതയാണ് ഇവർ ചോദിക്കുന്നത് .

ജിവിതം മടുത്ത് നിരാശയിലാണ്ട്  മരണം വരിക്കാൻ മാത്രം എന്ത്  പ്രശനങ്ങളാണ്  ഒൻപത്  വയസുകാരിക്കും പതിനാല് വയസുകാരിക്കും ഉണ്ടായതെന്ന് അന്വേഷിച്ചാൽ തന്നെ കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനാകില്ലേ .അതിന് സ്കോട്ട്ലൻഡ് യാർഡിന്റെ   അന്വേഷണ മികവൊന്നും ആവശ്യമില്ല. നിഷ്ക്രിയത്വം കാണിച്ച് പോലീസ് ചിലരെ സംരക്ഷിക്കുന്നു എന്നു തന്നെയല്ല ഇതിൽ നിന്നും വ്യക്തമാകുന്നത് .അല്ലെങ്കിൽ കുലിപ്പണിക്ക് പോയി വയറു നിറക്കുന്ന സാധാരണക്കാരൻ്റെ മക്കൾക്ക് രണ്ടാം തരം നീതി  മതിയെന്ന പോലീസ് ധാർഷ്ട്യമെന്ന് പറയേണ്ടിവരും .

കാര്യങ്ങൾ  അത്ര പന്തിയല്ലെന്ന് പോലീസിനും തോന്നിത്തുടങ്ങിയിട്ടുണ്ട് .ഇതുവരെ കേസ് അന്വേഷണം നടത്തിയവരെ മാറ്റിയതും അതുകൊണ്ട് തന്നെയാവണം.  ഇവർക്കെതിരെ നടപടിവേണമെന്നും അന്വേഷണം കാര്യക്ഷമം ആകണമെന്ന് വി എസ് അച്ചുതാന്ദൻ  ആവശ്യപ്പെട്ടിട്ടുണ്ട് .വി എസി ൻ്റെ മണ്ഡമായ മലമ്പുഴയിലാണ് സംഭവം നടന്നിരിക്കുന്നത്

ഇതുപോലെ നിഷ്ക്രിയത്വം കൊണ്ട്  എത്ര മരണങ്ങൾക്ക് പൊലീസിന്   മറുപടി പറയേണ്ടി വരും .കൊലപാതകങ്ങൾ നടന്നതിന് ശേഷം മാത്രം ജാഗ്രത പുലർത്തുന്ന സംവിധാനം ഉടച്ചു വാർക്കേണ്ട സമയം അതിക്രമിച്ചിരുക്കുന്നു