കൊട്ടിയൂര്‍ പീഡനം: വൈദികനെതിരെ വാ തുറക്കാതെ നേതാക്കള്‍

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കണ്ണൂരിലെ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ വായ്തുറന്ന് പ്രതികരിക്കാതെ രാഷ്ട്രീയ നേതാക്കള്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി മാത്രമാണ് ഫാദര്‍ റോബിന്‍ വടക്കുംചേരിയെന്ന കാമവെറിയനെതിരെ ആഞ്ഞടിച്ചത്. റോബിന് വൈദികനെന്ന പരിഗണന നല്‍കരുതെന്നും കൊടുംകുറ്റവാളിയെപ്പോലെ കൈകാര്യം ചെയ്യണമെന്നുമുള്ള ആന്റണിയുടെ വാക്കുകള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ആത്മാഭിമാനമുള്ള മലയാളികള്‍ കേട്ടിരുന്നത്. ആന്റണിക്ക് പിന്നാലെ കുറ്റവാളിയായ വൈദികനെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു.

ഇടത് സര്‍ക്കാരിന്റെ കാലത്തെ നിയമവാഴ്ചയ്‌ക്കെതിരെ ശക്തമായ ആയുധമാക്കാമായിരുന്ന കൊട്ടിയൂര്‍ പീഡനത്തെക്കുറിച്ച് നിയമസഭയില്‍പ്പോലും ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ തയാറായിട്ടില്ല. പി.ടി തോമസ് എം.എല്‍.എ മാത്രമാണ് പേരിനെങ്കിലും പ്രശ്‌നത്തെക്കുറിച്ച് സഭയില്‍ ചേദ്യമുന്നയിച്ചത്. സ്ഥലം എം.എല്‍.എ സണ്ണി ജോസഫ് ആകട്ടെ വിഷയിത്തില്‍ കുറ്റകരമായ മൗനമാണ് തുടരുന്നത്. സംഭവത്തില്‍ പ്രതിയാക്കപ്പെട്ട വൈദികനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്നും ഇരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കേണ്ടെന്നും മുന്‍മന്ത്രിയും കത്തോലിക്കാ സഭാംഗവുമായ കെ.സി ജോസഫ് കോണ്‍ഗ്രസിന്റെ  ബ്ലോക്ക്തല നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമത്തിലും പ്രതിഷേധവുമായിറങ്ങുന്ന ബിന്ദുകൃഷ്ണയും വൈദികന്റെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയാറല്ല. ഇടത്പക്ഷ നേതാക്കളും ഇതില്‍നിന്ന് വ്യത്യസ്തരല്ല. സഭയ്ക്കും വൈദികര്‍ക്കുമെതിരെ കാര്യമായ പ്രതിഷേധം ഉയര്‍ത്തേണ്ടതില്ലെന്നാണ് സി.പി.എമ്മും കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍ സംഭവത്തെക്കുറിച്ച് നിയമസഭയില്‍ ഒന്നും ഉരിയാടാന്‍ തയാറാകാത്തതും സംശയകരമാണ്. കുമ്മനം ഉള്‍പ്പെടെയുള്ള നേതാക്കളും വൈദികന്റെ പീഡനത്തിനെതിരെ ശബ്ദിക്കാത്തത് നേതാക്കളുടെ ഒത്തുകളി രാഷ്ട്രീയം വ്യക്തമാക്കുന്നതാണ്.

സഭയുടെ പേരില്‍ രാഷ്ട്രീയവൈരംമറന്ന് ഇടത് വലത് നേതാക്കള്‍ വേട്ടക്കാരനായ വൈദികനുവേണ്ടി ഒത്തൊരുമിക്കുമ്പോള്‍ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടി വന്ന പിതാവും ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന്റെ വേദനയും കണ്ണീരും ആരും കാണാന്‍ തയ്യാറാകുന്നില്ലെന്നത് ക്രൂരമായ യാഥര്‍ഥ്യമാകുകയാണ്.