തെലുങ്ക് സിനിമയിലെ വില്ലന്‍ വേഷം സുരേഷ്‌കുമാര്‍ നിരസിച്ചു

തിരുവനന്തപുരം: നിര്‍മാതാവാണെങ്കിലും നായകന് വേണ്ട സൗന്ദര്യവും പൊക്കവും ആകര്‍ഷണീയതും സുരേഷ്‌കുമാറിനുണ്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍ അടക്കമുള്ള ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത സുരേഷ്‌കുമാര്‍ അടുത്തിടെ ഒരു മുഴുനീള വില്ലന്‍വേഷം ചെയ്തു. ദിലീപിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു അത്. ചിത്രത്തിന്റെ റഷസ് കണ്ട് തെലുങ്ക് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സുരേഷിന്റെ ഡേറ്റിനായി ശ്രമിച്ചു.  ആദ്യകാല തെലുങ്ക് നടനായ രങ്കറാവുവിന്റെ ഛായയാണ് സുരേഷ്‌കുമാറിന്. ഇത് അവിടെ വലിയ ഓളം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെലുങ്ക് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

സുന്ദരനും സുമുഖനുമാണെങ്കിലും വില്ലന്‍ വേഷമാണ് തെലുങ്കില്‍ നിന്ന് തേടിയെത്തിയത്. നല്ല പ്രതിഫലവും അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ മകള്‍ കീര്‍ത്തി സുരേഷ് തമിഴിലെയും തെലുങ്കിലെയും ്അറിയപ്പെടുന്ന മുന്‍നിരനായികയാണ്. അതുകൊണ്ട് സുരേഷ് കുമാര്‍ ഒഴിവ് പറഞ്ഞ് പിന്‍മാറി.  ഒന്നാമതെ ശത്രുക്കളെ കൊണ്ട് പൊറുതിമുട്ടിയാണ് സുരേഷ് കുമാര്‍ കഴിയുന്നത്. അവര്‍ മകളുടെ കെയറോഫില്‍ അച്ഛന്‍ വേഷം സംഘടിപ്പിച്ചെന്ന് പറഞ്ഞ് പരത്തും. അതൊക്കെ കണക്കിലെടുത്താണ് പിന്‍മാറ്റം. ഫിലിം എക്‌സിബിറ്റേഴ്‌സ് സമരം നടത്തിയപ്പോള്‍ സുരേഷ്‌കുമാര്‍ മകള്‍ കീര്‍ത്തിയുടെ ഭൈരവ എന്ന സിനിമയ്ക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്താതെ ഒളിച്ച് കളിക്കുകയാണെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് തെലുങ്കില്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത്.

അതേസമയം അഭിനയമോഹവുമായാണ് പണ്ട് സുരേഷ്‌കുമാര്‍ സിനിമയില്‍ വന്നതെന്നും പക്ഷെ, നിര്‍മാതാവാകാനായിരുന്നു യോഗമെന്നും പഴയ സിനിമാക്കാര്‍ പറയുന്നു.  നായകനാകാന്‍ നറുക്ക് വീണത് മോഹന്‍ലാലിനായിരുന്നു. അതിന് അവസരം ഒരുക്കിയത് സുരേഷ്‌കുമാറാണ് എന്നതാണ് സത്യം.