കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ മാനന്തവാടി ബിഷപ്പിനെതിരേ പ്രതിഷേധം. പീഡനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിക്കുകയും ഇടവക വികാരി റിമാന്‍ഡിലാവുകയും ചെയ്തതിനെ തുടര്‍ന്ന് ഇടവകക്കാരുമായി സംസാരിക്കാനും കുര്‍ബാനയര്‍പ്പിക്കാനുമാണ് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം കൊട്ടിയൂര്‍ ദേവാലയത്തിലെത്തിയത്.
ഫാ. റോബിന്‍ വടക്കുംചേരിയെ കോടതി വെറുതേവിട്ടാല്‍ വൈദിക പട്ടത്തിലേക്ക് തിരിച്ചെടുക്കുമോയെന്ന് ഇടവകക്കാര്‍ ബിഷപ്പിനോട് ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കോടതി വെറുതേവിട്ടാല്‍ ഇതു ചെയ്യേണ്ടിവരുമെന്ന് ബിഷപ്പ് പറഞ്ഞതോടെ യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
നിരവധി പരാതികള്‍ കൊട്ടിയൂരില്‍ നിന്ന് അയച്ചിട്ടും വൈദികനെതിരേ നടപടിയെടുക്കാത്തതിനെ ഇടവകക്കാര്‍ ചോദ്യംചെയ്തപ്പോള്‍ ഊമക്കത്തുകളുടെ പേരില്‍ നടപടിയെടുക്കാന്‍ ആവില്ലെന്നായിരുന്നു ബിഷപ്പിന്റെ മറുപടി.
പള്ളിമേടകളില്‍ സി.സി.ടി.വി, ഇടവകളില്‍ അഞ്ചുവര്‍ഷത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കല്‍, കൗണ്‍സലിങ്ങുകള്‍ തുറന്ന സ്ഥലത്തുമാത്രം നടത്തുക, വ്യക്തികളെയും ഗ്രൂപ്പുകളെയും വിദേശ യാത്രയ്ക്ക് കൊണ്ടുപോകുന്നതിന് നിരോധനം, വൈദികരുടെയും സിസ്റ്റര്‍മാരുടെയും ആഡംബര ജീവിതത്തിന് നിരോധനം തുടങ്ങിയവ അടിയന്തരമായി നടപ്പാക്കുമെന്ന് ബിഷപ്പ് പറഞ്ഞു.
 
            


























 
				
















