പീഡനക്കാര്‍ക്ക് സഭയുടെ സംരക്ഷണം; ഫാദര്‍ റോബിന്റെ കൂട്ടുപ്രതികളെ നിയമത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കുന്നു

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ച കേസില്‍ അറസ്റ്റിലായ മാനന്തവാടി രൂപതയിലെ പുരോഹിതന്‍ റോബിന്‍ വടക്കുംചേരിക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്ത കൂട്ടുപ്രതികളെ നിയമത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ സഭാ അധികൃതര്‍ കൊണ്ടുപിടിച്ച ശ്രമം തുടരുന്നു. കേസില്‍ കൂട്ടുപ്രതികളായ കന്യാസ്ത്രീമാരും പുറത്താക്കപ്പെട്ട വയനാട് ചെയില്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകവും ഇതുവരെ നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ തയാറാകാത്തതില്‍ സഭയുടെ ഇടപെടല്‍ ശക്തമായിരിക്കുകയാണ്.

നിയമത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കുന്ന അന്വേഷണസംഘത്തിനെതിരെയും വ്യാപകമായ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. കൂട്ടുപ്രതികളെല്ലാം മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി വിവിധ കോടതികളില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായതും തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ അനധികൃതമായി സ്ഥലത്തുനിന്ന് മാറ്റിയതും ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് സഭാധികാരികള്‍ക്ക് തന്നെ ബോധ്യമുണ്ടെന്നതിന് തെളിവാണ് മാനന്തവാടി രൂപതാ ബിഷപ്പ് തന്നെ ഒപ്പിട്ടിറക്കിയ രണ്ട് പ്രസ്താവനകള്‍. ആദ്യ പ്രസ്താവന കൊട്ടിയൂര്‍ ഇടവകാംഗങ്ങളെയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും അഭിസംബോധന ചെയ്തുകൊണ്ടും മാപ്പിരന്നുകൊണ്ടുമുള്ളതാണ്. രണ്ടാമത്തേത് പുറത്താക്കപ്പെട്ട വയനാട് ചെയില്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകത്തെ സഭാ ചുമതലകളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ളതാണ്. എന്നാല്‍ ഈ രണ്ട് വൈദികര്‍ക്കും വേണ്ട സഹായങ്ങളും ഒത്താശകളും ചെയ്തുകൊടുത്ത കന്യാസ്ത്രീകള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് കേസെടുത്തിട്ടും സഭാധികാരികള്‍ യാതൊരു നടപടിയുമെടുത്തില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാനുള്ള സഹായങ്ങളും ചെയ്തുകൊടുത്തിരിക്കുകയാണ്. കേസില്‍ പ്രതികളാക്കപ്പെട്ട കന്യാസ്ത്രീകളെയും തങ്കമ്മയെയും സഭയുടെ കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും സ്ഥാപനങ്ങളിലേക്ക് മാറ്റിയെന്നാണ് വിവരം.

പെണ്‍കുട്ടി പ്രസവിച്ച തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസ്സി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് വൈത്തിരിയിലെ ഓര്‍ഫനേജിലെ ചുമതലക്കാരായ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഓഫീലിയ, സിസ്റ്റര്‍ ലിസി മരിയ, കൊട്ടിയൂര്‍ ഇടവകയില്‍ റോബിന്‍ വടക്കുംചേരിക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്ത തങ്കമ്മ, പുറത്താക്കപ്പെട്ട വയനാട് ചെയില്‍ഡ് വെല്‍ഫെയര്‍ കൗ ണ്‍സില്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം, കമ്മിറ്റി അംഗം പീഡിയാട്രീഷ്യന്‍ കൂടിയായ ഡോ. സിസ്റ്റര്‍ ബെറ്റി തുടങ്ങി പന്ത്രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അറസ്റ്റിലായിരിക്കുന്നത് റോബിന്‍ വടക്കുംചേരി മാത്രമാണ്.

കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി റോബിന്‍ വടക്കുംചേരിയുടെ അതിക്രമങ്ങള്‍ക്ക് കൂട്ടുനിന്നെന്ന് കരുതപ്പെടുന്ന ഇടവക വിശ്വാസി തങ്കമ്മ എന്ന സ്ത്രീ കേസിലെ പ്രതിയാണെങ്കിലും ഇവര്‍ എവിടെയാണെന്ന് ഇതുവരെ അന്വേഷണ സംഘത്തിന് വ്യക്തമായിട്ടില്ല. റോബിന്‍ വടക്കുംചേരി നടത്തിയ അനധികൃത ഇടപാടുകളും ലൈംഗിക അതിക്രമങ്ങളും വ്യക്തമായി അറിയാമായിരുന്ന ആള്‍ എന്ന നിലയില്‍ തങ്കമ്മയുടെ അറസ്റ്റ് നിര്‍ണായകമാണ്. റോബിന്‍ കാനഡ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചു എന്ന് പറയപ്പെടുന്ന പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരണമെങ്കില്‍ തങ്കമ്മയെ വിശദമായി ചോദ്യം ചെയ്യേണ്ടിവരും.

മാത്രമല്ല പള്ളിയിലും വികാരിയുടെ താമസസ്ഥലത്തും ഇയാള്‍ മുമ്പ് നടത്തിയിട്ടുള്ള പീഡനങ്ങളുടെ വിവരവും ഇവരെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ പുറത്തുവരികയുള്ളൂ. കൊട്ടിയൂര്‍ ഇടവക കേന്ദ്രീകരിച്ച് റോബിന്റെ അടുപ്പക്കാരായ വൈദികര്‍ അടക്കമുള്ളവര്‍ ഇടയ്ക്ക് എത്താറുണ്ടായിരുന്നെന്നും ഇവര്‍ ഈ ഒത്തുചേരലില്‍ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങളും പുറത്തുവരേണ്ടിയിരിക്കുന്നു.

ലൈംഗിക പീഡനം മാത്രമല്ല റോബിന്‍ വടക്കുംചേരി വന്‍തോതില്‍ സ്വത്ത് സമ്പാദനം നടത്തിയതുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കളുടെയും മറ്റും പേരില്‍ ഭൂമിയും സ്ഥാപനങ്ങളും ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വയനാട്ടില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. വിദേശബന്ധമുള്ള സ്ഥാപനങ്ങള്‍ വരെ റോബിന്റെയും ഇയാളുമായി ബന്ധമുള്ള ചില വമ്പന്‍മാരുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഈ സംരംഭങ്ങളൊക്കെ നോക്കിനടത്താന്‍ ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരാണ് റോബിന്റെ അതിക്രമങ്ങള്‍ക്ക് മറപിടിക്കുകയും വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നതെന്നും പറയപ്പെടുന്നുണ്ട്.