നടിയെ ആക്രമിച്ച സംഭവം: അന്വേഷണം സുനിയില്‍ അവസാനിക്കുന്നു

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്ന നടിയെ തട്ടിക്കൊണ്ടു പോകല്‍ സംഭവത്തിലെ കേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി പത്തു ദിവസം ചോദ്യം ചെയ്തിട്ടും കൂടുതല്‍ വിവരങ്ങളൊന്നു ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍.

കേസില്‍ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതേവരെ കഴിയാത്ത സാഹചര്യത്തിലും അന്വേഷണം അവസാനിപ്പിക്കുക എന്നതാണ് പൊലീസ് ലക്ഷ്യം വയ്ക്കുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തും സുനി മൊഴി മാറ്റിപ്പറയുന്നതും പൊലീസിന് തലവേദനയുണ്ടാക്കിയിരുന്നു. മൊഫി മാറ്റിപ്പറയുന്ന സാഹചര്യത്തില്‍ നുണപരിശോധനക്ക് വിധേയനാക്കണമെന്ന ആവശ്യം പ്രതിയുടെ അഭിഭാഷകന്‍ നിരാകരിച്ചതും പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

ഏഴു പ്രതികളെയും ഒരാഴ്ചക്കുള്ളില്‍ പിടികൂടിയെങ്കിലും സുനിയെ ചോദ്യം ചെയ്തതില്‍ ഒരിഞ്ചു മുന്നോട്ടു നീങ്ങാന്‍ കഴിയാത്തതു നിരവധി ദുരൂഹതകള്‍ അവശേഷിപ്പിക്കുക തന്നെ ചെയ്യും. ആക്രമിച്ച സമയത്ത് ഇത് ക്വട്ടേഷനാണെന്ന് നടിയോട് പറഞ്ഞതായി അവരുടെ മൊഴിയില്‍ വ്യക്തമായിരുന്നു. എന്നാല്‍ സംഭവത്തിലെ ദുരൂഹത തെളിയിക്കാന്‍ പൊലീസിനായിട്ടില്ല. അതിനാല്‍ നടിയെ തട്ടിരകൊണ്ടുപോകാന്‍ പദ്ധതിയിട്ടത് പള്‍സര്‍ സുനിയാണെന്നും സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ സുനിയാണെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയും. കേസില്‍ മറ്റു ഗൂഡാലോചനകളില്ലെന്ന നിലപാടായിരിക്കും കോടതിയില്‍ പൊലീസ് സ്വീകരിക്കുക.

മൊബൈല്‍ ഫോണ്‍ കിട്ടിയില്ലെങ്കിലും അത് നശിപ്പിക്കപ്പെട്ടു എന്ന് സാധൂകരിക്കുന്ന സാക്ഷി മൊഴികള്‍ കോടതിയില്‍ സമര്‍പ്പിക്കും. അതിനാല്‍ കേസില്‍ നിന്നും ഒരു കാരണവശാലും പ്രതികള്‍ രക്ഷപ്പെടില്ലെന്നാണ് പൊലീസിന്റെ വാദം. കുറ്റം തെളിയിക്കാനാവശ്യമായ വിവരങ്ങള്‍ കൈവശമുണ്ട്. സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ചു മണിക്കൂറിനുള്ളില്‍ നടിയുടെ വൈദ്യ പരിശോധന നടത്തുകയും ചെയ്തു. കാറില്‍ നിന്നും ലഭിച്ച ബീജം പരിശോധനയില്‍ സുനിയുടേതെന്നു തിരിച്ചറിഞ്ഞു. നടിയുടെ രഹസ്യമൊഴി തൊട്ടടുത്ത ദിവസം മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. നടി സഞ്ചരിച്ച വാഹനത്തിനുള്ളില്‍ നിന്ന് വിരലടയാളങ്ങള്‍ അടക്കമുള്ളവ കിട്ടി. നടിയുടെ കാറിനെ പിന്തുടര്‍ന്ന കേറ്ററിംഗ് വാഹനത്തിനുള്ളില്‍ നിന്നു പ്രതികളുടെ വസ്ത്രങ്ങള്‍ ലഭിച്ചു.

പ്രതികളുടെ വിരലടയാളവും വാഹനത്തില്‍ നിന്ന് കിട്ടി. അത്താണി മുതല്‍ പ്രതികളുടെ വാഹനം നടിയുടെ വാഹനത്തെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ഇത് ശരിവെയ്ക്കുന്നു. ഇതെല്ലാം പ്രതികളെ ശിക്ഷിക്കാന്‍ തക്ക തെളിവാകുമെന്നു പൊലീസ് കണക്കുകൂട്ടുന്നു. മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നു സൂചിപ്പിക്കുന്ന ഗോശ്രീ പാലത്തിനു സമീപത്തെ ഹോട്ടല്‍ ജീവനക്കാരിയുടെ മൊഴി കൂടി ലഭിച്ചതോടെ മൊബൈല്‍ ഫോണ്‍ കിട്ടാത്തത് അന്വേഷണത്തെ ബാധിക്കില്ലെന്നതാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

അഭിഭാഷകനെന്ന സുനി ഏല്‍പ്പിച്ച മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ച പള്‍സര്‍ സുനി, വിജീഷ് എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവര്‍ ഇപ്പോള്‍ കാക്കനാട് ജയിലിലാണ്.