രാമക്ഷേത്രത്തിനു മുറവിളി തുടങ്ങി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉജ്വല വിജയം നേടിയതിനു പുറകേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. സംഘപരിവാറിലെ കടുത്ത ഹിന്ദുത്വവാദികളായ വിശ്വഹിന്ദു പരിഷത്ത് ഈ ആവശ്യം പരസ്യമായി ഉന്നയിച്ചുകഴിഞ്ഞു.

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്താന്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാമെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാമെന്നാന്നു വിഎച്ച്പി വക്താവ് ഡോ. സുരേന്ദ്ര കുമാര്‍ ജെയിന്‍. അയോധ്യയില്‍ നിലവില്‍ രാമക്ഷേത്രമുള്ളതു കൊണ്ടു തന്നെ ക്ഷേത്രനിര്‍മാണത്തിനായി ഇപ്പോള്‍ നിയമതടസങ്ങളൊന്നുമില്ല. ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സാഹചര്യത്തില്‍ അധികം വൈകാതെ ക്ഷേത്ര നിര്‍മാണം യാഥാര്‍ഥ്യമാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുള്ളതായും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നതു ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമാണ്. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനിയടക്കമുള്ള ബിജെപി നേതാക്കള്‍ വിചാരണ നേരിടണമോ എന്ന കാര്യം സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണു യുപിയിലെ തെരഞ്ഞെടുപ്പു വിജയം. 22ന് കേസില്‍ അന്തിമവിധി പുറപ്പെടുവിക്കുമെന്നാണു കോടതി അറിയിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് ലക്നൗ, റായ്ബറേലി കോടതികളില്‍ നടക്കുന്ന കേസുകള്‍ ഒരുമിച്ചു പരിഗണിക്കാനും കേസുകളിലെ വിചാരണാ നടപടികള്‍ വേഗത്തിലാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി വിധികളൊന്നും രാമക്ഷേത്ര നിര്‍മാണത്തിന് ബാധകമല്ലെന്നും രാമക്ഷേത്ര നിര്‍മാണമെന്ന സുദീര്‍ഘ കാലത്തെആവശ്യം ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുമെന്നുമാണു സുരേന്ദ്ര ജെയിന്‍ പറയുന്നത്.

അതിനിടെ, യുപിയിലും കേന്ദ്രത്തിലും ബിജെപി അധികാരത്തിലുള്ള സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മാണം നടക്കുമെന്നു തന്നെയാണ തങ്ങളുടെ പ്രതീക്ഷയെന്നു ശിവസേന പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയത്തെ അഭിനന്ദിച്ച ശിവസേനാ എംപി സഞ്ജയ് റാവത്ത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. രാമന്റെ വനവാസകാലം അവസാനിച്ചു. അതിനാല്‍ ക്ഷേത്രനിര്‍മാണം വൈകാതെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ബിജെപി നേടിയ വിജയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു-സഞ്ജയ് റൗത്ത് പറഞ്ഞു.