പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ പേര് ഉപയോഗിച്ച് പാര്‍ട്ടിയുടെ പബ്ലിസിറ്റി സ്റ്റണ്ട്‌

പാലക്കാട്: അട്ടപ്പളത്ത് ദുരൂഹസാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ സ്വീകരിക്കാന്‍ വ്യാപകമായി ഫെളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ദര്‍.

ഇരകളുടെ പേരുവിരങ്ങള്‍ പരസ്യമാക്കും വിധത്തിലാണ് വാളയാര്‍ ലോക്കല്‍ കമ്മറ്റി ഫ്ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 2013ല്‍ ഭേദഗതി ചെയ്ത ഇന്ത്യന്‍ ശിക്ഷാനിയമം 228-എ വകുപ്പുപ്രകാരം ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങളോ, ഇരയെ തിരിച്ചറിയും വിധത്തിലുള്ള വ്യക്തിഗത വിവരങ്ങളോ പ്രസിന്ധീകരിക്കുന്നതോ, പുറത്താക്കുന്നതോ രണ്ടുവര്‍ഷം വരെ തടവുകിട്ടാവുന്ന കുറ്റമാണെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് ഇരയുടെ പേരുവിവരം പ്രസിദ്ധപ്പെടുത്തിയ വ്യക്തിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ അധികാരമുണ്ട്. വടക്കാഞ്ചേരി പീഡനകേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണനെതിരെ കേസെടുത്തത് ഈയടുത്തകാലത്താണ്.

ഞായറാഴ്ചയാണ് മുന്‍ ആഭ്യന്തരമന്ത്രികൂടിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ മരിച്ച സഹോദരിമാരുടെ വീട് സന്ദര്‍ശിച്ചത്. സിപിഎം സംസ്ഥാന കമ്മറ്റിഅംഗം എന്‍.എന്‍.കൃഷ്ണദാസ്, ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എന്‍.കണ്ടന്‍ മുത്തന്‍, ഏര്യാസെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, കെ.വി.വിജയദാസ് എം.എല്‍.എ തുടങ്ങി നിരവധിപേര്‍ കൊടിയേരിയോടൊപ്പമുണ്ടായിരുന്നു.

ഇരകളുടെ പേരുകള്‍ പരസ്യമായി ബോര്‍ഡില്‍ എഴുതിവെക്കുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് നിയമം വ്യക്തമാക്കുന്നത്. 2013ല്‍ ഡല്‍ഹിയില്‍ ബസില്‍വച്ച് ഒരു കോളേജ് വിദ്യാര്‍ത്ഥിനി അതിക്രൂരമായി ബലാല്‍കാരത്തിന് ഇരയാവുകയും കൊല്ലപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്.

കോടതി വിധിയില്‍ പോലും പീഡനത്തിന് ഇരയാവരുടെ പേരുകള്‍ പരാമര്‍ശിക്കരുതെന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണ്ണാടക vs പുട്ടരാജ എന്ന കേസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നമ്മുടെ സാമൂഹ്യവ്യവസ്ഥകളില്‍ ഇരകളോടുള്ള സമീപനങ്ങള്‍ പരിഗണിക്കുകയും,ഇരകള്‍ നേരിടേണ്ടി വരുന്ന ഒറ്റപെടുത്തലുകളും, കുറ്റപെടുത്തലുകളുമൊക്കെ കണക്കിലെടുക്കുമ്പോള്‍ ഒരു കാരണവശാലും ഹൈക്കോടതി വിധികളിലോ താഴത്തെ കോടതി വിധികളിലോ ഇരയുടെ പേരുവിവരങ്ങള്‍ പരാമര്‍ശിക്കരുത്. പകരം ഇര എന്നു മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി വിധി അടിവരയിട്ട് പറയുന്നുണ്ട്.

അട്ടപ്പളത്ത് ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത് രണ്ട് കുട്ടികളാണ്. 2012ലെ പൊസ്‌കോ നിയമപ്രകാരം ഇരകളായ കുഞ്ഞുങ്ങളുടെ പേരുവിവരങ്ങള്‍ പ്രസിന്ധദീകരിക്കുകയോ എഴുതുകയോ പറയുകയോ പാടില്ലെന്ന് നിയമം പറയുന്നുണ്ട്. വാളയാര്‍ സിപിഎം ലോക്കല്‍ കമ്മറ്റി സ്ഥാപിച്ച ഫെളക്‌സ് ബോര്‍ഡില്‍ പീഡനത്തിന് ഇരയായ കുഞ്ഞുങ്ങളുടെ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. നിയമ വിരുദ്ധമായ ഈ നടപടിയുടെ പേരില്‍ വാളയാര്‍ ലോക്കല്‍ കമ്മറ്റിക്കെതികെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമുണ്ട്.