തിരുവനന്തപുരം: കൊച്ചിയില്‍ വാഹനത്തില്‍ യുവനടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ പ്രതി പള്‍സര്‍ സുനിക്ക് നടന്‍ ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് സിനിമാ മംഗളം. ഈ ലക്കത്തില്‍ പല്ലിശേരി എന്ന സീനിയര്‍ പത്രപ്രവര്‍ത്തകനാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നുമാണ് പല്ലിശേരി പറയുന്നത്. അക്രമിച്ചതിന് പിറ്റേദിവസം അമ്മയടക്കമുള്ള സംഘടനകള്‍ മീറ്റിങ് വിളിച്ചതല്ലാതെ പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ലേഖനത്തില്‍ പറയുന്നു. മഞ്ജുവാര്യര്‍, സംയുക്താവര്‍മ, രമ്യാനമ്പീശന്‍, പൂര്‍ണിമ ഇന്ദ്രജിത്, ശ്വേതാമേനോന്‍ എന്നിവര്‍ മാത്രമാണ് നടിക്കൊപ്പം ഉള്ളത്. രണ്ടാഴ്ച തുടര്‍ച്ചയായി ദിലീപിന്റെ പങ്ക് വ്യക്തമാക്കി ലേഖനം വന്നിട്ടും താരം നിയമനടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്.
പള്‍സര്‍ സുനിയുടെ ബന്ധുവുമായി താന്‍ സംസാരിച്ചെന്നും സിനിമ ലോകവുമായി സുനിക്ക് അടുത്ത ബന്ധമായിരുന്നെന്നും നടന്‍ ദിലീപുമായി വര്‍ഷങ്ങളായി നല്ല അടുപ്പത്തിലാണെന്നും അയാള്‍ പറഞ്ഞതായി പല്ലിശേരി പറയുന്നു. ജോലി ഏല്‍പ്പിക്കുന്നവരുടെ താല്‍പ്പര്യം മാത്രം നോക്കുന്ന ഗുണ്ടയാണ് പള്‍സര്‍ സുനി. വിശ്വസിച്ചവരെ ചതിക്കാത്ത ഗുണ്ട പല്ലിശേരി കുറിക്കുന്നു.
നടിയെ മാനഭംഗപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ മൂന്ന് സ്ഥലത്തുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. എല്ലാം കഴിഞ്ഞ ശേഷം പ്രതി ഫോണ്‍ ചെയ്തത് ആരെയാണ്? ദൃശ്യങ്ങള്‍ ആദ്യം കൈമാറിയത് രക്ഷകനാണ്, അത് അയാളുടെ പക്കല്‍ ഭദ്രമാണ്. ദൃശ്യങ്ങളുപയോഗിച്ച് പലരും കാശുണ്ടാക്കി കഴിഞ്ഞു. അന്വേഷണം പ്രഹസനമാക്കാതെ ഇതെല്ലാം കണ്ടെത്തണമെന്നാണ് പല്ലിശേരി ആവശ്യപ്പെടുന്നത്. പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ എല്ലാം പുറത്തുവരുമെന്നും വിശദീകരിക്കുന്നു.
സിനിമാ രംഗത്ത് കാലുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇരയുടെ സഹോദരന്‍ ഡേറ്റ് നല്‍കിയും നിര്‍മ്മാതാവിനെ നല്‍കിയുമെല്ലാം സഹായിക്കാന്‍ ആളുകളുണ്ടെന്ന് പല്ലിശ്ശേരി പറയുന്നു. താര സംഘടനയായ അമ്മ ഇരയെ സംരക്ഷിക്കാനോ നീതി നല്‍കാനോ ഉള്ള ശ്രമം നടത്തിയില്ലെന്ന പരാതി അംഗങ്ങള്‍ക്കിടയില്‍ സജീവാണ്. പള്‍സര്‍ സുനി ആക്രമിച്ച നിരവധി നടിമാരും നടന്മാരുമുണ്ട്.
പല നടീനടന്‍മാരുടെയും ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയുടേയും കൂട്ടാളികളുടേയും കൈവശമുണ്ട്. അതിനാല്‍ സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നടിയെ ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കണം.
കേസില്‍ ഗൂഢാലോചനയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. നടിയെ പള്‍സര്‍ സുനി മാത്രമാണ് ഉപദ്രവിച്ചതെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ഉപദ്രവിച്ച സമയത്ത് മണികണ്ഠനാണ് കാര്‍ ഓടിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നടിയോട് തനിക്ക് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും സ്വന്തം താല്‍പര്യപ്രകാരം പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായാണ് ആക്രമിച്ചതെന്നുമാണ് പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഈ മൊഴിയുമായി കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.
പള്‍സര്‍ സുനിയെ രക്ഷകന്‍ കൈവിടില്ലെന്നും പല്ലേശ്ശേരി പറയുന്നു. കൈവിട്ടാല്‍ രേഖകളുമായി പള്‍സറിന്റെ ആളുകള്‍ പുറത്തുണ്ട്. അവ മാധ്യമങ്ങള്‍ക്ക് കിട്ടും. അതുകൊണ്ട് നടിയുടെ കേസ് പുലിവാല് പിടിച്ചിരിക്കുകയാണ്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം ഇരുട്ടാണെന്ന് പറഞ്ഞ് കണ്ണടച്ചവര്‍ കോടികളാണ് ചെലവഴിച്ചത്. ഇതിന്റെ പങ്ക് പലരീതിയില്‍ പലര്‍ക്കും കിട്ടി. ഇരയുടെ അമ്മയുമായി സംസാരിച്ചത് ഭാഗ്യലക്ഷ്മി പുറത്തു പറഞ്ഞപ്പോള്‍ ഇരയുടെ സഹോദരന്‍ ഉടന്‍ അതെല്ലാം നിഷേധിച്ചു. ഇതില്‍ ദുരൂഹതകാണുകയാണ് പല്ലിശ്ശേരി പറയുന്നു.











































