കൊട്ടിയൂര്‍ പീഡനം: വൈദികൻ ഉൾപ്പെടെയുള്ള പ്രതികൾ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍  വൈദികനെ സഹായിചെന്ന  കേസിൽ വൈദികൻ ഉൾപ്പെടെയുള്ള പ്രതികൾ കീഴടങ്ങണമെന്ന് ഹൈക്കോടതി. വൈദികരും കന്യാസ്ത്രീകളുമായ പ്രതികളോടാണ് അന്വേഷണ ഉദ്യേഗസ്ഥന്റെ മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ വൈദികൻ പീഡിപ്പിച്ച കേസിലെ
പ്രതിയായ വയനാട് ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ ഫാ. തോമസ് തേരകം, സി. ഒഫീലിയ, സി. ബെറ്റി ജോസ്, തങ്കമ്മ നെല്ലിയാനി എന്നിവരോടാണ് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇവർക്ക്കീഴടങ്ങാന്‍ അഞ്ചു ദിവസവും കോടതി അനുവദിച്ചു. കീഴടങ്ങുന്ന അന്ന് തന്നെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി ഇവർക്ക് ജാമ്യം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍  പ്രതിയായ വൈദികനെ സംരക്ഷിക്കാൻ ശ്രമിച്ചതായും കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചെന്നുമാണ് കൂട്ടുപ്രതികൾക്കെതിരായ കേസ്. പ്രതികളുടെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.

പ്രതികൾക്കെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. രേഖകൾ പരിശോധിച്ചതിൽ നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് പ്രതികൾ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ മുഖ്യപ്രതിയായ വൈദികന്‍ ഫാ. റോബിന്‍ വടക്കുംചേരിയെ  നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പീഡനത്തിനിരയാക്കപ്പെട്ട പതിനാറുകാരിയായ വിദ്യാര്‍ഥിനി  ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് പീഡനവിവരം പുറം ലോകം അറിഞ്ഞത്.