ആളിയാറില്‍ വെള്ളമെത്തിയിട്ടും കേരളത്തിന് നല്‍കാതെ തമിഴ്‌നാട്

പറമ്പിക്കുളം ഡാമിലെ വെള്ളം ആളിയാറില്‍ നിറച്ചുതുടങ്ങിയിട്ടും കേരളത്തിന് വെള്ളം നല്‍കാതെ തമിഴ്നാട്. കരാര്‍പ്രകാരം മാര്‍ച്ച് 31 വരെയാണ് കേരളത്തിനു വെള്ളം നല്‍കേണ്ടത്. അതുകഴിഞ്ഞാല്‍ മെയ് രണ്ടാം വാരത്തില്‍ വീണ്ടും വെള്ളം നല്‍കണം.

ആളിയാറിലെ 17- കിലോമീറ്ററിലെ ഷട്ടര്‍ തുറന്നാണ് വെള്ളം നിറയ്ക്കുന്നത്. കോണ്ടൂരിലെ 25.46 കിലോമീറ്ററിലൂടെയും വെള്ളം നിറയ്ക്കുന്നതായി ആക്ഷേപമുണ്ട്. സര്‍ക്കാര്‍പതി പവര്‍ഹൗസില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം കോണ്ടൂര്‍ കനാല്‍ വഴി 300 ഘനയടി വെള്ളമാണ് തുറന്നുവിട്ടുകൊണ്ടിരിക്കുന്നത്.

കരാര്‍പ്രകാരം കേരളത്തിന് ഫെബ്രുവരി 28 വരെ 5.870 ടി.എം.സി വെള്ളം നല്‍കണം. എന്നാല്‍, ലഭിച്ചത് 3.370 ടി.എം.സി മാത്രമാണ്. വെള്ളമില്ലെന്ന പല്ലവി ആവര്‍ത്തിക്കുകയാണ് തമിഴ്നാട്. എന്നാല്‍ അടച്ച ഷട്ടറുകള്‍ പൊളിച്ചും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നുണ്ട്.

ഇന്നലെ തമിഴ്നാട് കേരളത്തിലേക്കു തുറന്നുവിട്ടത് 87 ഘനയടി വെള്ളം മാത്രമാണ്. 185 ഘനയടി കിട്ടേണ്ടിടത്താണ് ഇത്.

ആളിയാറില്‍ ഉദ്യോഗസ്ഥര്‍ കരാര്‍പ്രകാരം നല്‍കാനുള്ള വെള്ളം കൃത്യമായി പരിശോധിച്ചുവരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെടലില്ലാതെ മുഴുവന്‍ വെള്ളവും ലഭിക്കില്ല. ആളിയാറില്‍ നിന്ന് അര്‍ഹമായ വെള്ളം കൂടി മുടങ്ങിയതോടെ കേരളം വരള്‍ച്ചയുടെ പിടിയിലമരുകയാണ്. ഭാരതപ്പുഴയടക്കമുള്ള പുഴകള്‍ പൂര്‍ണമായും വരണ്ട് മരുഭൂമിയ്ക്ക് സമാനമായി. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം തമിഴ്നാട്ടിലെ തിരുമൂര്‍ത്തിമലയാണ്. തമിഴ്നാട് തിരുമൂര്‍ത്തി ഡാം പണിതതിനാലാണ് ഭാരതപ്പുഴയില്‍ നീരൊഴുക്ക് കുറയാന്‍ കാരണമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

രണ്ട് ടി.എം.സി വെള്ളം ലഭിച്ചാല്‍ പാലക്കാട് ജില്ലയിലെ മൂലത്തറ, കമ്പാലത്തറ, മീങ്കര, ചുള്ളിയാര്‍ ജലസംഭരണികള്‍ നാലുതവണ നിറയ്ക്കാനുള്ള ജലം ലഭിക്കും.

പുഴയിലേക്ക് കുറച്ച് വെള്ളം ഒഴുക്കിവിട്ടാല്‍ തന്നെ കുടിവെള്ളപദ്ധതികള്‍ക്കു തടസമുണ്ടാകില്ല. സര്‍ക്കാര്‍ അടിന്തരമായി ഇടപെട്ട് കേരളത്തിന് കിട്ടാനുള്ള വെള്ളം വാങ്ങിച്ചെടുത്തില്ലെങ്കില്‍ അടുത്ത രണ്ടുമാസം കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് ജല അതോറിട്ടി അധികാരികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.