പച്ചക്കറികളില്‍ കീടനാശിനികളുടെ അളവ് കൂടുന്നു

ജൈവ പച്ചക്കറികള്‍ വ്യാപകമായിട്ടും മലയാളികളുടെ അടുക്കളകളിലെത്തുന്ന പച്ചക്കറികളില്‍ വിഷാംശം കൂടുന്നതായി റിപ്പോര്‍ട്ട്.
പുതിന ഇലയില്‍ തുടങ്ങി മലയാളികള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത വെണ്ടക്കയിലും കോവക്കയിലും തക്കാളിയിലും വരെ മാരക കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന് വെള്ളായണി കാര്‍ഷിക കോളെജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബോറട്ടറിയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
മുപ്പതോളം പച്ചക്കറികളിലായി നാലു വര്‍ഷത്തോളം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. വിവിധ ജില്ലകളില്‍ നിന്നായി ശേഖരിച്ച സാമ്പിളുകളാണ് ഇവിടെ പഠന വിധേയമാക്കിയത്. കീടനാശിനി സാന്നിധ്യം കുറച്ച് ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കാനായി തയ്യാറാക്കിയ സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന.
മലയാളികള്‍ സുരക്ഷിതമെന്നു കരുതി ഉപയോഗിക്കുന്ന പുതിന ഇലയില്‍ 62 ശതമാനം വിഷാംശം അടങ്ങിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അച്ചിങ്ങ പയറാണ് രണ്ടാം സ്ഥാനത്ത്. 45 ശതമാനം കീടനാശിനിയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
കാപ്‌സിക്കം – 42, മല്ലിയില – 26, മുളക് – 20, ബീറ്റ്‌റൂട്ട് – 18, കാബേജ് – 18, കറിവേപ്പില – 17, പച്ചമുളക് – 16, കോളിഫ്‌ളവര്‍ – 16, കാരറ്റ് – 15, ചുവപ്പ് ചീര – 12, അമരയ്ക്ക – 12, പച്ചചീര – 12, പാവയ്ക്ക – 10, മുരിങ്ങക്ക – 9, പടവലം – 8, വഴുതനങ്ങ – 8, ബീന്‍സ് – 7, സാമ്പാര്‍ വെള്ളരി – 7,വെള്ളരി – 6, ഇഞ്ചി – 6, വെണ്ടയ്ക്ക -5, കത്തിരി – 5, കോവയ്ക്ക – 4, തക്കാളി – 4.
എന്നാല്‍ വെളുത്തുള്ളി സെലറി, കറിക്കായ്, ചേമ്പ്, ചുവന്നുള്ളി, പാലയ്ക്ക ചീര, ചുരയ്ക്ക എ്‌നിവയുടെ സാമ്പിളുകളില്‍ വിഷാംശം താരതമ്യേന കുറവായിരുന്നു. വിഷരഹിത പച്ചക്കറികളില്‍ നാടന്‍ ഇനങ്ങളാണ് ഏറെയും. കുമ്പളം, മത്തന്‍, പച്ച മാങ്ങ, പീച്ചിങ്ങ, കാച്ചില്‍, ചേന, ഗ്രീന്‍പീസ്, ഉരുളകിഴങ്ങ്, സവാള, മരിച്ചീനി, ശീമച്ചക്ക തുടങ്ങിയവയുടെ സാമ്പിളുകള്‍ വിഷരഹിതമായിരുന്നു.
പച്ചക്കറികളുടെ പുറമെ കാണുന്ന കീടനാശിനി തന്മാത്രകള്‍ പലതും പാചകം ചെയ്യുമ്പോള്‍ താപവിഘടനം സംഭവിച്ചു വിഷരഹിതമായി മാറുന്നതായും പഠനത്തില്‍ പറയുന്നു.