പകലും ഹെഡ്‌ലൈറ്റിട്ട് ഇരുചക്രവാഹനങ്ങള്‍

പകലിനെ ഇരുട്ടാക്കി ഇരുചക്രവാഹനങ്ങള്‍. പുതുതായി നിരത്തിലിറങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ ഹെഡ്‌ലൈറ്റ് ഇട്ടാണ് ഓടുന്നത്. പുതിയ ഇരുചക്രവാഹനങ്ങളില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഹെഡ്‌ലൈറ്റ് പ്രകാശിക്കുന്ന സംവിധാനമാണുള്ളത്. ഏപ്രില്‍ മാസം മുതല്‍ ഇരുചക്രവാഹനങ്ങളില്‍ പകല്‍ സമയത്തും ഹെഡലൈറ്റ് പ്രകാശിപ്പിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. എതിര്‍ദിശയില്‍ നിന്നും വരുന്നവര്‍ ലൈറ്റ് തെളിഞ്ഞു കിടക്കുന്നതായി സൂചന നല്‍കാറുണ്ടെങ്കിലും ഓഫ് ചെയ്യാനാകില്ല.

വാഹനങ്ങളുടെ ഹാന്‍ഡില്‍  ബാറില്‍ ഹെഡ് ലൈറ്റഇന്റെ ഓണ്‍ ഓഫ് സ്വിച്ചുകള്‍ ഇല്ലാതെയാണ് ഇരുചക്രവാഹനങ്ങള്‍ ഇറങ്ങുന്നത്. 2003 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പാക്കിയ ഓട്ടോമാറ്റിക് ഹെഡ്‌ലാംപ് ഓണ്‍ ആണ് ഇന്ത്യയില്‍ ഏപ്രില്‍ മുതല്‍ പരീക്ഷിക്കുന്നത്. ഏപ്രില്‍ മുതല്‍ നടപ്പാക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശമെങ്കിലും നിലവില്‍ പുതുതായി ഇറങ്ങിയ ഇരുചക്രവാഹനങ്ങളില്‍ പകലും ഹെഡ്‌ലാംപ് തെളിയുന്നു. വാഹനാപകടങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സുപ്രീകോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പകല്‍ സമയത്ത് വാഹനങ്ങളില്‍ ഹെഡ്‌ലൈറ്റ് തെളിച്ചാല്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുകയും അപകടങ്ങള്‍ കുറഞ്ഞതായും കണ്ടെത്തി. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വാഹനങ്ങളില്‍ എഎച്ച്ഒ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചതും.

അടുത്ത വര്‍ഷം മുതല്‍ വാഹനങ്ങളില്‍ പ്രത്യേക ശബ്ദസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന. അപകടം നടന്നാല്‍ സമീപത്തുള്ളവരെയോ പൊലീസിനെയോ അറിയിക്കുന്നതിനാണിത്.